വിജയ് യുടെ രാഷ്ട്രീയപ്രവേശനമാണ് തമിഴ്നാട്ടില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമെങ്കിലും അദ്ദേഹം 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. എന്നാല്‍ തമിഴിലെ മറ്റൊരു സൂപ്പര്‍താരവും രാഷ്ട്രീയക്കാരനുമായ കമല്‍ ഹാസന് തന്റെ മക്കള്‍നീതി മയ്യവുമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ചെന്നൈയിലോ കോയമ്പത്തൂരിലോ യൂണിവേഴ്സല്‍ താരം മത്സരിക്കുമെന്നാണ് വിവരം.
ബിജെപിയുടെ എതിരാളികളായ ഇന്ത്യാ ബ്ളോക്കിനൊപ്പം ആയിരിക്കും കമലിന്റെ പാര്‍ട്ടി മത്സരിക്കുക. ഈ ആഴ്ച ആദ്യമാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ‘ബാറ്ററിടോര്‍ച്ച്’ ചിഹ്നം അനുവദിച്ചിരുന്നു. ഡിഎംകെയുമായും കോണ്‍ഗ്രസുമായും താരം കൈകോര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. 2018ല്‍ ആയിരുന്നു കമല്ഹാസന് രാഷ്ട്രീയ ലോകത്തേക്ക് ഇറങ്ങിയത്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് കോയമ്പത്തൂരില്‍ വലിയ സ്വാധീനമുണ്ട്.
2021-ല്‍ അദ്ദേഹം കോയമ്പത്തൂര്‍ സൗത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. നിര്‍ഭാഗ്യവശാല്‍, 150 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അദ്ദേഹം ബിജെപിയുടെ വനതി ശ്രീനിവാസനോട് പരാജയപ്പെട്ടു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എംഎന്‍എം സ്ഥാനാര്‍ഥിയായി ഡോ. ആര്. മഹേന്ദ്രന് കോയമ്പത്തൂര്‍ ലോക്സഭാ സീറ്റില്‍ നിന്ന് മത്സരിച്ചിരുന്നു. കോയമ്പത്തൂരാണ് കമലിന്റെ ആദ്യ ചോയ്സ്.
അല്ലെങ്കില്‍ ചെന്നൈയിലെ നോര്‍ത്ത്, സൗത്ത്, സെന്‍ട്രല്‍ മണ്ഡലങ്ങളില്‍ ഒന്നില്‍ നിന്ന് മത്സരിക്കുന്നതും അദ്ദേഹം നോക്കുന്നുണ്ട്. നിലവില്‍ കോയമ്പത്തൂര്‍ സീറ്റില്‍ സിപിഐ എം ആണ് പ്രതിനിധീകരിക്കുന്നത്. ചെന്നൈയിലെ മൂന്ന് സീറ്റുകളും ഡിഎംകെ യുടേതാണ്. 2021ല്‍ അദ്ദേഹം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ ചേര്‍ന്നിരുന്നു.