Movie News

ഭൈരവയുടെ വാഹനമായ ബുജിയുടെ മേക്കിംഗ് വീഡിയോ പുറത്തിറക്കി കല്‍ക്കി ടീം 

റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന  ‘കൽക്കി 2898 എഡി’ എന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തില്‍  പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രം ഉപയോഗിക്കുന്ന സ്പെഷ്യല്‍ കാര്‍ ആയ ‘ബുജി’ യുടെ മേക്കിംഗ് വീഡിയോ ആണ് ഇപ്പോള്‍ കല്‍ക്കിയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കീര്‍ത്തി സുരേഷ് ആണ് ഈ സ്പെഷ്യല്‍ കാറിന് വേണ്ടി ശബ്ദം നല്‍കിയിരിക്കുന്നത്. ഭൈരവയുടെ ഒരു കൂട്ടുകാരനെപ്പോലെയാണ് ബുജിയെ അവതരിപ്പിക്കുന്നത്. ഈ പ്രത്യേക ഉപകരണം നിര്‍മ്മിക്കുന്നതിന്‍റെ വിവിധ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ബുജിയുടെ സമയം ആരംഭിക്കുന്നു എന്ന് ഭൈരവ പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. മെയ് 22 ന് ബുജിയെ പൂര്‍ണ്ണമായും പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കും. ജൂണ്‍ 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.

ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അമിതാഫ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമയുടെ  അതികായന്മാര്‍ അണിനിരക്കുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. 

ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്.

സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുക. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.