Movie News

ദുല്‍ക്കര്‍ സിനിമയിലുണ്ടെന്ന് ആദ്യം അറിയില്ലായിരുന്നു ; ഇഷ്ടപ്പെട്ട അതിഥി താരത്തെക്കുറിച്ച് നടി അന്ന ബെന്‍

‘കല്‍ക്കി 2898 എഡി’ എന്ന ഫാന്റസി ആക്ഷന്‍ ചിത്രം വന്‍ വിജയം നേടുമ്പോള്‍ പ്രഭാസിനും അമിതാഭ് ബച്ചനുമൊപ്പം ഏറെ പ്രശംസ നേടുന്ന ഒരു നടി കൂടിയുണ്ട്. നമ്മുടെ സ്വന്തം അന്ന ബെന്‍. സിനിമയിലെ താരത്തിന്റെ വേഷം വലിയ പ്രശംസ ഏറ്റുവാങ്ങുകയാണ്.

പ്രഭാസും അമിതാഭ് ബച്ചനും പുറമെ വിജയ് ദേവരകൊണ്ട, കമല്‍ഹാസന്‍ തുടങ്ങിയ മറ്റു ചില വമ്പന്‍ താരങ്ങള്‍ കൂടി അതിഥികളായി എത്തുന്ന സിനിമയില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട അതിഥിതാരത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടി അന്നാബെന്‍.

സിനിമയിലെ തന്റെ പ്രിയപ്പെട്ട അതിഥി വേഷം മറ്റാരുമല്ല, ദുല്‍ഖര്‍ സല്‍മാനാണെന്ന് അടുത്തിടെ വെളിപ്പെടുത്തി. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ, സിനിമയിലെ ദുല്‍ഖര്‍ സല്‍മാന്റെ അതിഥി വേഷം കണ്ടെത്തിയതിന്റെ ആവേശം നടി പങ്കുവെച്ചു. ”കുറച്ചു കാലത്തിനു ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ ഒരു അതിഥി വേഷം ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലായത്. ഞാന്‍ ത്രില്ലായിരുന്നു.

അദ്ദേഹം ഏത് കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് ഞാന്‍ ചിന്തിച്ചു, ആ പ്രത്യേക കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത് കണ്ടപ്പോള്‍, ഞാന്‍ വളരെ ആവേശഭരിതയായി.” നടി പറഞ്ഞു. ‘കല്‍ക്കി 2898 എഡി’യില്‍ കൈര എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത തെലുങ്ക് സയന്‍സ് ഫിക്ഷന്‍ പുരാണ ചിത്രമാണ് ‘കല്‍ക്കി 2898 എഡി’. ഇത് ഹിന്ദു ഗ്രന്ഥങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കല്‍ക്കി സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ്. എഡി 2898-ലെ ഒരു പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ലോകത്തിന്റെ പശ്ചാത്തലത്തില്‍, പുരാണകഥകളുടെയും ഫ്യൂച്ചറിസ്റ്റിക് സയന്‍സ് ഫിക്ഷന്റെയും പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സിനിമ.