Crime

മാങ്കൂട്ടത്തില്‍ 15 പെണ്‍കുട്ടികളേയും ആണ്‍കുട്ടിയേയും പീഡിപ്പിച്ചുവെന്ന് കെ സുരേന്ദ്രന്‍, ഗര്‍ഭഛിദ്ര ഗുളിക എത്തിച്ചുനല്‍കിയ രാഹുലിന്റെ സുഹൃത്തും പ്രതി

രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡനത്തിന് ഇരയാക്കിയത് ഒരാളെയല്ലെന്നും 15 പെണ്‍കുട്ടികളെയാണെന്നും ഇരകളില്‍ ആണ്‍കുട്ടികള്‍ പോലുമുണ്ടെന്നും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസില്‍ ഉന്നതരായവര്‍ രാഹുലിനെ സഹായിക്കുന്നുണ്ടെന്നും പുറത്തു വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ഇരകളെ പങ്കുവെച്ചിട്ടുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിലായിരുന്നു കെ. സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. എംഎല്‍എക്ക് മുകളിലുള്ളവരും സഹായിക്കുന്ന സാഹചര്യത്തില്‍ രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കുമെന്നും സുരേന്ദ്രന്‍ ആരോപിച്ചു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, അശാസ്ത്രീയമായി ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

അതേസമയം, യുവതിയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയത്. കഴിഞ്ഞദിവസം വിശദമായി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

യുവതിയുടെ പരാതിയില്‍ എടുത്ത കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ സുഹൃത്തിനെയും പ്രതി ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തിലിന് പുറമെ സുഹൃത്ത് ജോബി ജോസഫിനെയാണ് കേസില്‍ പ്രതി ചേര്‍ത്തത്.

ഗര്‍ഭഛിദ്രം നടത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ബെംഗളൂരുവില്‍ നിന്ന് യുവതിക്ക് ഗുളിക എത്തിച്ചുനല്‍കിയത് ജോബി ജോസഫാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പത്തനംതിട്ട അടൂര്‍ സ്വദേശിയായ ജോബി ഡോക്ടറുടെ കുറിപ്പടിയില്ലാതെയായിരുന്നു മരുന്ന് എത്തിച്ചുനല്‍കിയതെന്നും യുവതിയുടെ മൊഴിയിലുണ്ട്. ബിസിനസ്സുകാരനാണ് ജോബി.