Featured Movie News

തലൈവര്‍ പറഞ്ഞു, ‘എന്തൊരു സിനിമയാണിത് ജൂഡ്, പോയി ഓസ്‌കാര്‍ കൊണ്ടു വാ’

തന്റെ ഏറെ നാളത്തെ സ്വപ്‌നം സാക്ഷാത്ക്കരിച്ച് സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നേരിട്ട് കാണാന്‍ സാധിച്ച സന്തോഷമാണ് ജൂഡ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ആദ്യം തലൈവരോടൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച ജൂഡ് പിന്നീട് കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

കേരളത്തെ പിടിച്ചുലച്ച മഹാപ്രളത്തിന്റെ നേര്‍കാഴ്ച വെള്ളിത്തിരയില്‍ എത്തിച്ച 2018 സിനിമയെ ഇന്ത്യയുടെ 2024ലെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തതിന്റെ സന്തോഷത്തെ കുറിച്ചും തലൈവര്‍ തുറന്നു പറഞ്ഞു. ഇതിനെ കുറിച്ച് ജൂഡ് കുറിയ്ക്കുന്നത് ഇങ്ങനെയാണ്. ” എന്തൊരു സിനിമയാണ് ജൂഡ്, എങ്ങനെയാണ് ഇത് ചിത്രീകരിച്ചത്. ഗംഭീരമായ സൃഷ്ടി.”- തലൈവര്‍ പറഞ്ഞു. ഓസ്‌കാര്‍ യാത്രയ്ക്കുള്ള അനുഗ്രഹവും അദ്ദേഹം തന്നുവെന്നും ജൂഡ് കുറിയ്ക്കുന്നു. ”പോയി ഓസ്‌കാര്‍ കൊണ്ടു വാ. എന്റെ അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകും” – തലൈവര്‍ കൂട്ടിച്ചേര്‍ത്തു.

ഒരിയ്ക്കലും മറക്കാന്‍ കഴിയാത്ത ഈ അവസരം നല്‍കിയതിന് ജൂഡ് ദൈവത്തോടും നന്ദി പറയുന്നു. തലൈവരുമായി ഇത്തരത്തില്‍ ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കി തന്ന സുഹൃത്ത് സൗന്ദര്യയ്ക്കും ജൂഡ് നന്ദി പറഞ്ഞു. ജൂഡ് ആന്റണിയോടൊപ്പം നിര്‍മ്മാതാക്കളായ ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയും ഉണ്ടായിരുന്നു.

https://www.instagram.com/p/CyIEbs5uNlh/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==