Oddly News

കടലില്‍ കുടുങ്ങിയത് 438 ദിവസം! അതിജീവിച്ചത് പക്ഷികളുടെ രക്തം കുടിച്ചും കടലാമകളെ തിന്നും, നാവികന്റെ കഥ വിശ്വസിക്കാതെ ലോകം

ജീവന്‍ നിലനിര്‍ത്താന്‍ ആമകളുടെയും പക്ഷികളുടെയും രക്തവും മാംസവും, അവസാനം വിശപ്പ് സഹിക്കാനാകാതെ അത്രയുംനാള്‍ കൂടെയുണ്ടായിരുന്ന സഹജീവിയുടെ മരണശേഷം ആ മൃതദേഹം പച്ചയ്ക്ക് ഭക്ഷിക്കേണ്ടി വരിക! 438 ദിവസം കടലില്‍ കുടുങ്ങിപ്പോകുകയും ഒടുവില്‍ അതിജീവിച്ച് കരയില്‍ എത്തുകയും ചെയ്‌തെന്ന നാവികന്‍ പറയുന്ന അവിശ്വസനീയമായ കഥ വിശ്വസിക്കാതെ ലോകം. ഹോളിവുഡ് സൂപ്പര്‍ഹിറ്റായ ടോം ഹാങ്ക്‌സിന്റെ ‘കാസ്റ്റ് എവേ’ സിനിമയെ വെല്ലുന്ന ജീവിത കഥയില്‍ ജോസ് സാല്‍വഡോര്‍ അല്‍വാരങ്ക എന്നയാളാണ് നായകന്‍.

ആരും വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ഈ കഥ പക്ഷേ മുന്‍ യുഎസ് അംബാസഡര്‍ ടോം ആംബ്രസ്റ്റര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷികളുടെ രക്തം കുടിച്ച് കടലില്‍ 15 മാസം അതിജീവിച്ച കഥ സത്യമാണെന്ന് അദ്ദേഹം പറഞ്ഞു. പലരും ഈ കഥയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു, പക്ഷേ അതിജീവിച്ചയാളെ കണ്ടുമുട്ടിയ ചുരുക്കം ചിലരില്‍ ഒരാളാണ് താനെന്ന് ടോം ആംബ്രസ്റ്റര്‍ ദി സണിനോട് പറഞ്ഞു.

2012 ഡിസംബറില്‍ ജോസ് സാല്‍വഡോര്‍ അല്‍വാരങ്ക മെക്സിക്കോയില്‍ നിന്ന് ഒരു സുഹൃത്തിനൊപ്പം രണ്ട് ദിവസത്തെ മത്സ്യബന്ധന യാത്രയ്ക്കായി പുറപ്പെട്ടതായിരുന്നു എന്നാല്‍ ബോട്ട് കേടുവന്നതിനെതുടര്‍ന്ന് അദ്ദേഹം 438 ദിവസം പസഫിക് സമുദ്രത്തില്‍ ചെലവഴിച്ചു. കുടിവെള്ളത്തിനായി മഴവെള്ള ജലസംഭരണ സംവിധാനവും പക്ഷികളെയും ആമകളെയും കുടുക്കാനുള്ള പ്രത്യേക സാങ്കേതിക വിദ്യയും ജോസ് നിര്‍മ്മിച്ചിരുന്നു. ടോം മാര്‍ഷല്‍ ദ്വീപുകളുടെ യുഎസ് അംബാസഡറായിരുന്ന കാലത്താണ് ജീവിതത്തിലെ തന്റെ ഭയാനകമായ അഗ്‌നിപരീക്ഷയ്ക്ക് ശേഷം ആദ്യമായി കുളിക്കുകയും ‘എക്കാലത്തെയും വലിയ അതിജീവന കഥ’ പറയുകയും ചെയ്തത്.

നാവികനെ ഒരു റെസ്‌ക്യൂ ഷിപ്പില്‍ കയറ്റി മണിക്കൂറുകള്‍ക്ക് ശേഷം, ടോം അദ്ദേഹത്തെ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ വിവരണം കേള്‍ക്കുകയും ചെയ്തു. ”ഞങ്ങള്‍ ഏകദേശം അരമണിക്കൂറോളം സംസാരിച്ചു. നിരവധി കാര്യങ്ങള്‍ അയാള്‍ സ്ഥിരീകരിച്ചു. അയാള്‍ വളരെക്കാലം കടലില്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ്. മത്സ്യം, ആമകള്‍, പക്ഷികള്‍, പ്രത്യേകിച്ച് പക്ഷികളുടെ രക്തം എന്നിവയിലാണ് അതിജീവിച്ചത്. അയാളുടെ കൂട്ടാളിക്ക് പക്ഷേ ഈ ഭക്ഷണക്രമം ശരിയായില്ല. പ്രത്യേകിച്ച് പക്ഷി രക്തം. , നിര്‍ഭാഗ്യവശാല്‍, അയാള്‍ക്ക് അസുഖം ബാധിച്ചു മരിച്ചു’.

എസെക്വല്‍ കോര്‍ഡോബയുടെ ശരീരം കുടുംബത്തിന് തിരികെ നല്‍കാനായി ജോസ് സൂക്ഷിച്ചുവെക്കാന്‍ ശ്രമിച്ചു. എന്നാല്‍ കടുത്ത ഏകാന്തതയിലെ മിതിഭ്രമത്തില്‍ മൃതദേഹം വെള്ളത്തിലേക്ക് എറിഞ്ഞു. ഒരിക്കല്‍ ഒരു കപ്പല്‍ അവനെ മറികടന്ന് പോകുകയുണ്ടായി. കപ്പല്‍ അടുത്തപ്പോള്‍ ജോസിന് പ്രതീക്ഷയുടെ തിളക്കം വന്നെങ്കിലും ആ കപ്പല്‍ താന്‍ ഒരു മത്സ്യത്തൊഴിലാളിയാണെന്ന് കരുതി അകന്നുപോയെന്നും പറഞ്ഞു.

അതേസമയം 22 കാരനായ എസെക്വല്‍ കോര്‍ഡോബയുടെ കുടുംബം ജോസിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. അതിജീവന കാലത്ത് സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ ജോസ് കോര്‍ഡോബയെ ഭക്ഷിച്ചുവെന്നാണ് ആരോപണം. 2015 ലാണ് കോര്‍ഡോബയുടെ കുടുംബം കേസുകൊടുത്തത്. ജോസിനെ അവര്‍ നരഭോജി എന്നാണ് വിളിച്ചത്. എസെക്വലിന് അസുഖം ബാധിക്കുന്നത് വരെ രണ്ടുപേരും ഒരുമിച്ച് ആമകളെയും പക്ഷികളെയും പിടിച്ച് കഴിച്ചു. ഒടുവില്‍ അയാള്‍ മരിച്ചെന്നും ജോസ് പറയുന്നു. തന്റെ സുഹൃത്തിന്റെ മൃതദേഹം ദിവസങ്ങളോളം കപ്പലില്‍ സൂക്ഷിച്ചിരുന്നതായി അവകാശപ്പെട്ടു, അത് തന്നെ ഭ്രാന്തനാക്കാന്‍ തുടങ്ങിയപ്പോള്‍ മൃതദേഹം കടലിലേക്ക് തള്ളുകയും ചെയ്തു. ജോസിന്റെ 438 ഡേയ്സ് എന്ന പുസ്തകത്തില്‍ എല്ലാം വിവരിച്ചിട്ടുണ്ട്.