Oddly News

മദ്യലഹരിയില്‍ ക്ലാസ്സിലിരുന്ന് ഉറങ്ങിയ അദ്ധ്യാപകന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍

മദ്യലഹരിയില്‍ ക്ലാസ്സിലിരുന്ന് ഉറങ്ങിയ അദ്ധ്യാപകന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് വിവാദമായി. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപികനെയാണ് വീഡിയോയില്‍ കാണിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

മദ്യലഹരിയില്‍ ക്ലാസ്സില്‍ വന്ന ദലൈര്‍ സിംഗ് എന്ന അധ്യാപകന്റെ വീഡിയോയാണ് പുറത്തുവന്നത്. പൂര്‍ണ്ണമായും മദ്യലഹരിയിലുള്ള അധ്യാപകന്റെ വീഡിയോ ചിത്രീകരിച്ചത് ചസ്സാനയിലെ ധാരിധര്‍ ഗ്രാമത്തിലെ സ്‌കൂളില്‍ നിന്നാണ്. വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. സാധാരണയായി പഠിപ്പിച്ചിരുന്ന അദ്ധ്യാപിക അസുഖം മൂലം മാറിയ ഒഴിവില്‍ വിളിച്ച അദ്ധ്യാപകനാണ് മദ്യലഹരിയില്‍ സ്‌കൂളില്‍ ഡ്യൂട്ടിക്കായി എത്തിയത്.

മദ്യലഹരിയില്‍ അദ്ധ്യാപകന്‍ ഉറങ്ങുമ്പോള്‍ ലഹരി വിട്ടുണരാന്‍ കാത്തിരിക്കുന്ന കുട്ടികളെയും വീഡിയോയില്‍ കാണാം. പ്ലാസ്റ്റിക് കസേരയില്‍ വായ തുറന്ന് കിടക്കുന്ന നിലയിലാണ് അദ്ധ്യാപകനെ വീഡിയോയില്‍ കാണുന്നത്. സിംഗ് സാധാരണ നിലയിലേക്ക് മടങ്ങുന്നതും കാത്ത് പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ വരിവരിയായി ഇരിക്കുന്നതും വീഡിയോയിലുണ്ട്. അധ്യാപകന്‍ തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയതായി നാട്ടുകാര്‍ പരാതിപ്പെടുന്നതും വീഡിയോയില്‍ കാണാം.

ഇന്റര്‍നെറ്റില്‍ പലരും സംഭവത്തില്‍ ഞെട്ടല്‍ പ്രകടിപ്പിക്കുകയും ചെറിയ കുട്ടികളോട് സഹതാപം പങ്കുവെക്കുകയും ചെയ്തു. വീഡിയോ ഗൗരവമായി എടുത്ത റിയാസി ചീഫ് എഡ്യൂക്കേഷന്‍ ഓഫീസര്‍, സിങ്ങിനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യാനും അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷണത്തിന് അഭ്യര്‍ത്ഥിക്കാനും ഉത്തരവിട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സസ്പെന്‍ഡ് ചെയ്യപ്പെട്ട അധ്യാപകനോട് റിയാസിയിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.