Crime Featured

വിദ്യാർത്ഥിനിയെ തോക്കുചൂണ്ടി നിർബന്ധിച്ച് സഹപാഠിയെക്കൊണ്ട് ചുംബിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി: ബ്ലാക്ക്‌മെയിലിംഗ്

റാഞ്ചി: രണ്ടു കോളജ് വിദ്യാർഥികൾക്കു നേരെ തോക്കുചൂണ്ടിയ ശേഷം ചുംബിക്കാൻ നിർബന്ധിക്കുകയും, തുടർന്ന് വീഡിയോ ചിത്രീകരിച്ച ശേഷം വൈറലാക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെടുകയും ചെയ്തെന്നു പരാതി. ജാർഖണ്ഡിലെ‌ കോഡെർമ ജില്ലയിലാണ് സംഭവം.

പപ്പു കുമാർ തന്റെ സഹപാഠിയായ പെൺകുട്ടിയോടൊപ്പം വ്യാഴാഴ്ച രാവിലെ പ്രശസ്തമായ ബൃന്ദാഹ വെള്ളച്ചാട്ടം കാണാൻ എത്തിയപ്പോൾ രണ്ടു യുവാക്കൾ ഇവരെ സമീപിച്ച് എന്തുചെയ്യുകയാണെന്ന് ചോദിച്ചു. കാഴ്ചകൾ കാണാൻ വന്നതാണെന്ന് വിദ്യാർഥികൾ പറഞ്ഞപ്പോൾ, പ്രതികൾ തോക്കെടുത്ത് ഇവർക്കു നേരെ ചൂണ്ടിയ ശേഷം പരസ്പരം ചുംബിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് വിദ്യാർഥികൾ ചുംബിക്കുന്ന ദൃശ്യം ചിത്രീകരിച്ച പ്രതികൾ വിഡിയോ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് ഇവർ പരാതിയിൽ പറയുന്നു.

കൈവശം 100 രൂപ മാത്രമുണ്ടായിരുന്ന പപ്പു കുമാർ, ഉടൻതന്നെ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് 635 രൂപ കൂടി സംഘടിപ്പിച്ചു. ദശരഥ് കുമാർ എന്ന വ്യക്തിയുടെ ക്യുആർ (QR) കോഡ് വഴിയാണ് ഈ പണം പ്രതികൾക്ക് കൈമാറിയത്. ഇതിനുശേഷമാണ് വിദ്യാർത്ഥികളെ പോകാൻ അനുവദിച്ചത്. എന്നാൽ, പിന്നീട് പ്രതികൾ പപ്പു കുമാറിനോട് 5,000 രൂപ കൂടി ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിലിംഗ് തുടർന്നു.

തോക്കുചൂണ്ടി പ്രതികൾ വിദ്യാർത്ഥികളെ ലൈംഗികമായി ഉപദ്രവിച്ചതായും സംശയിക്കുന്നതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. പപ്പു കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളുടെ മൊബൈൽ ലൊക്കേഷനും പണമിടപാട് വിവരങ്ങളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.