Hollywood

മെലീസ ബരേരെയ്ക്ക് പിന്നാലെ ജെന്ന ഒര്‍ട്ടേഗയും പുറത്തായി; എന്താകും സ്‌ക്രീം 7 ന്റെ ഭാവി?

ഇസ്രായേല്‍-ഹമാസ് യുദ്ധത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ പുറത്തായ മെലീസ ബരേരെയ്ക്ക് പിന്നാലെ ജെന്ന ഒര്‍ട്ടേഗയും സ്‌ക്രീം 7 ല്‍ ഇല്ല. ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരിക്കുകയാണ്. അതേസമയം മെലീസയുടെ കാരണമല്ല ജെന്നയുടെ പുറത്താകലിന് പിന്നില്‍ താരത്തിന്റെ തിരക്കേറിയ ഷെഡ്യൂളാണ് കാരണമായി മാറിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത് വരെ താരത്തിന് തിരക്കാണ്.

2024 ഏപ്രിലിലാണ് സ്‌ക്രീം 7 ചിത്രീകരണം തുടങ്ങാനിരിക്കുന്നത്. എന്നാല്‍ ഈ സമയത്ത് ജെന്നയ്ക്ക് സിനിമയില്‍ എത്താനാകില്ലെന്നാണ് വിവരം. അതേസമയം 2023 ജൂലൈയിലെ അഭിനേതാക്കളുടെ സമരത്തിന് മുമ്പായി ജെന്നയുടെ വിടവാങ്ങല്‍ ചര്‍ച്ച ചെയ്തിരുന്നതായി ഡെഡ്ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴാമത്തെ സ്‌ക്രീം ചിത്രത്തിന് 2023 ഓഗസ്റ്റില്‍ ഒരു പുതിയ സംവിധായകനുമായി ഫ്രാഞ്ചൈസി കരാറില്‍ എത്തിയിരുന്നു.

മാറ്റ് ബെറ്റിനെല്ലി-ഓള്‍പിന്‍, ടൈലര്‍ ഗില്ലറ്റ് എന്നിവരുടെ പേരുകള്‍ കേട്ടെങ്കിലും ക്രിസ്റ്റഫര്‍ ലാന്‍ഡന്‍ സംവിധാന ചുമതലകള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതായിട്ടാണ് വിവരം.നവംബര്‍ 21 നായിരുന്നു സ്‌ക്രീം 7 ലെ അഭിനേതാക്കളില്‍ നിന്ന് മെലിസയെ നീക്കം ചെയ്തതായി റിപ്പോര്‍ട്ട് പുറത്തുവന്നത്. ഈ വിവരം അറിഞ്ഞപ്പോള്‍ തന്നെ ആരാധകര്‍ ഞെട്ടി. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തെക്കുറിച്ച് പലസ്തീന് അനുകൂല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്തതിനായിരുന്നു താരത്തെ സിനിമയുടെ അഭിനേതാക്കളുടെ ടീമില്‍ നിന്നും മാറ്റിയത്.

2022-ല്‍ ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ ചിത്രത്തില്‍ മെലിസയും ജെന്നയും സാമും താര കാര്‍പെന്ററും ആയിട്ടാണ് എത്തിയത്. സ്‌ക്രീം 6, ആദ്യ വാരാന്ത്യത്തില്‍ 44.5 മില്യണ്‍ ഡോളര്‍ നേടി. രണ്ട് പ്രമുഖ വനിതകള്‍ ചിത്രത്തില്‍ നിന്ന് പുറത്തായതിനാല്‍, സ്‌ക്രീം ഫ്രാഞ്ചൈസിയുടെ ഭാവി എന്നത്തേക്കാളും അനിശ്ചിതത്വത്തിലാണ്.