ജിദ്ദ: ലോകം കണ്ണുചിമ്മാതെ കാത്തിരുന്ന മറ്റൊരു എല്‍ ക്ലാസ്സിക്കേയില്‍ റയല്‍മാഡ്രിനെ ഗോള്‍മഴയില്‍ മുക്കി ബാഴ്‌സിലോണയുടെ കുതിപ്പ്. രണ്ടു ഗോളുകള്‍ക്ക് എതിരേ അഞ്ചു ഗോളുകളടിച്ചാണ് ബാഴ്‌സ കുതിച്ചത്. ജെദ്ദയിലെ കിംഗ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന ഫൈനലില്‍ കൂറ്റന്‍ വിജയം നേടിയ ബാഴ്‌സ ക്ലബ്ബിന്റെ ചരിത്രത്തിലെ പതിനഞ്ചാം സ്പാനിഷ് സൂപ്പര്‍കപ്പ് നേടുകയും ചെയ്തു. ആദ്യപകുതിയില്‍ തന്നെ റയലിനെ നാലുഗോളുകള്‍ നേടി വളരെ പിന്നിലാക്കിയ ബാഴ്‌സിലോണ രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി കുറിച്ചു.
ആദ്യം ഗോളടിച്ച റയലിനെയാണ് ബാഴ്‌സ പിന്നില്‍ നിന്നും പൊരുതിക്കയറി ഇല്ലാതാക്കിയത്. ഗോള്‍കീപ്പര്‍ പുറത്തായി പത്തുപേരായി ചുരുങ്ങുന്നതിന് മുമ്പായി ബാഴ്‌സിലോണ വിജയത്തിന് വേണ്ടതെല്ലാം ആദ്യപകുതിയില്‍ തന്നെ ചെയ്തു വെച്ചിരുന്നു. ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേയിലൂടെ ആദ്യം മുന്നിലെത്തിയ റയലിനെ യുവതാരം ലാമിന്‍ യമാലിലൂടെ ബാഴ്‌സ മറുപടി പറഞ്ഞു. പിന്നാലെ പോളണ്ട് താരവും മുന്നേക്കാരനുമായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി നേടിയ പെനാല്‍റ്റി ഗോളിലൂടെ ബാഴ്‌സ ലീഡു പിടിച്ചു. മൂന്ന് മിനിറ്റ് കഴിഞ്ഞപ്പോള്‍ ജൂള്‍സ് കോണ്ടേയതുടെ ക്രോസില്‍ ബ്രസീലിയന്‍ താരം റഫീഞ്ഞോയിലൂടെ ബാഴ്‌സ ലീഡ് ഇരട്ടിയാക്കി. ആദ്യപകുതിയുടെ ഇഞ്ചുറിസമയത്ത് റയലിന്റെ മുറിവില്‍ കൂടുതല്‍ ഉപ്പുതേച്ച് പ്രതിരോധതാരം അലക്‌സാന്‍ഡ്രോ ബാല്‍ഡേ നാലാം ഗോളും നേടി.
രണ്ടാം പകുതി കൂടുതല്‍ സംഭവബഹുലമായിരുന്നു. ആരംഭിച്ച് ഉടന്‍ തന്നെ ബാഴ്‌സിലോണ അഞ്ചാം ഗോളുമടിച്ചു. റഫീഞ്ഞോയുടെ രണ്ടാംഗോളും ബാഴ്‌സിലോണയുടെ അഞ്ചാം ഗോളും പിറന്നത് നാല്‍പ്പത്തെട്ടാം മിനിറ്റിലായിരുന്നു. റയലിന്റെ ഡിഫന്‍സിനെ പിളര്‍ന്ന് റഫീഞ്ഞോ ഓടിക്കയറി പന്ത് കീപ്പര്‍ കോര്‍ട്ടോയെ പരാജയപ്പെടുത്തി നെറ്റിലേക്ക് തൊടുത്തു. അറുപതാം മിനിറ്റില്‍ റോഡ്രിഗ്രോയിലൂടെ റയല്‍ പരാജയത്തിന്റെ ആഴം കുറച്ചു. എംബാപ്പേയെ വീഴ്ത്തിയതിന് ഗോള്‍കീപ്പര്‍ സെസ്‌നിക്ക് ചുവപ്പുകാര്‍ഡും റയലിന് ഫ്രീകിക്കും കിട്ടി. പെനാല്‍റ്റിബോക്‌സിന്റെ തൊട്ടുപുറത്തുനിന്നും കിട്ടിയ ഈ പന്ത് റോഡ്രിഗോ വലയിലാക്കി. എല്‍ക്ലാസ്സിക്കോ വിജയിച്ച പരിശീലകരുടെ പട്ടികയില്‍ ഹാന്‍സിഫ്‌ളിക്കും കയറി.