Hollywood

മനുഷ്യക്കടത്തിന് ഇരയായ അഞ്ചു സ്ത്രീകളെ ബലാത്സംഗം ചെയ്തു ; ഹോളിവുഡ്‌നടന്‍ വാന്‍ഡാമേയ്ക്ക് എതിരേ കേസ്

മനുഷ്യക്കടത്തിന് ഇരയാക്കപ്പെട്ട യുവതികളെ ബലാത്സംഗത്തിന് ഇരയാക്കി എന്ന കുറ്റത്തില്‍ ഹോളിവുഡ് ആക്ഷന്‍നടന്‍ ജീന്‍-ക്ലോഡ് വാന്‍ ഡാമേയ്ക്ക് എതിരേ റൊമാനിയയില്‍ ക്രിമിനല്‍കേസ്. ക്രിമിനല്‍സംഘത്തിന്റെ നേതാവ് മോറല്‍ ബോലിയയുടെ സംഘമാണ് നടന് യുവതികളെ കാഴ്ചവെച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അഞ്ച് യുവതികളെ നടന്‍ ഉപയോഗിച്ചെന്നാണ് ആക്ഷേപം.

ഇവര്‍ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന് 64 കാരന്‍ നടന് അറിയാമായിരുന്നുവെന്ന് ആരോപിച്ച് റൊമാനിയന്‍ അധികൃതര്‍ ഡയറക്ടറേറ്റ് ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ഓര്‍ഗ നൈസ്ഡ് ക്രൈം ആന്‍ഡ് ടെററിസത്തിന് പരാതി നല്‍കിയിരിക്കുകയാണ്. ഫ്രാന്‍സിലെ കാന്‍സില്‍ വാന്‍ ഡാമേ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയാണ് സംഭവം. താരം തങ്ങളെ ഉപയോഗിച്ചതായി ഇരകളില്‍ ഒരാള്‍ ആരോപിക്കുകയും ചെയ്തു.

വാന്‍ഡാമേയ്ക്ക് സ്ത്രീകളെ കൂട്ടിക്കൊടുത്തതിന് ക്രിമിനല്‍ ഗ്രൂപ്പിലെ നിരവധി പേരാണ് അന്വേഷണം നേരിടുന്നത്. യുവതികള്‍ മനുഷ്യക്കടത്തിന്റെ ഇരകളാ ണെന്നും മനുഷ്യക്കടത്തിനും പീഡനത്തിനും ഇരയായെന്നുമുള്ള അവരുടെ അവ സ്ഥയും അറിഞ്ഞുകൊണ്ടു തന്നെയാണ് നടന്‍ ഇവരെ ഉപയോഗിച്ചതെന്നാണ് ആക്ഷേ പം. 2022 ല്‍ റുമാനിയയില്‍ ലൈംഗിക കടത്തിന് അറസ്റ്റിലായ ആന്‍ഡ്രൂ, ട്രിസ്റ്റന്‍ ടേറ്റ് എന്ന രണ്ടു കുറ്റവാളികള്‍ക്ക് അടുത്തിടെയാണ് രാജ്യം വിടാന്‍ അനുമതി ലഭിച്ചത്.

ഈ സംഭവത്തിന് ശേഷം റുമാനിയയെ നടുക്കിയ ഏറ്റവും വലിയ കേസാണ് ഇത്. ബ്ലഡ്‌സ്‌പോര്‍ട്ട് (1988), കിക്ക്‌ബോക്‌സര്‍ (1989), യൂണിവേഴ്‌സല്‍ സോള്‍ജിയര്‍ (1992) തുടങ്ങിയ ആക്ഷന്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ ജീന്‍-ക്ലോഡ് വാന്‍ ഡാം ഒരു ബെല്‍ജിയന്‍ ആയോധന കലാകാരനും നടനും ചലച്ചിത്ര നിര്‍മ്മാതാവുമാണ്. 1960 ല്‍ ബെല്‍ജിയത്തില്‍ ജനിച്ച അദ്ദേഹം കരാട്ടെയിലും കിക്ക്‌ബോക്‌സിംഗിലും പരിശീലനം നേടിയ ശേഷം 1980 കളിലാണ് ഹോളിവുഡില്‍ എത്തിയത്.

‘ദി മസില്‍സ് ഫ്രം ബ്രസ്സല്‍സ്’ എന്ന വിളിപ്പേരുള്ള അദ്ദേഹം 90 കളില്‍ ആക്ഷന്‍ താരമായി മാറി. കരിയറിലെ ഉന്നതികള്‍ക്കിടയിലും, ലഹരി ഉപയോഗവും അക്രമവും മൂലം പലതവണ നിയമപരമായ പ്രശ്‌നങ്ങളും നേരിട്ടിട്ടുണ്ട്. കൊക്കെയ്‌നിന് അടിമയായിരുന്നു അദ്ദേഹം, മദ്യപിച്ച് വാഹനമോടിക്കുന്നതിനും ഗാര്‍ഹിക പീഡനത്തിനും അറസ്റ്റിലായിട്ടുണ്ട്. മത്സരകരാട്ടോയില്‍ അദ്ദേഹത്തിന്റെ പേരില്‍ റെക്കോഡ് ഉണ്ട്. 44 വിജയങ്ങളും നാല് തോല്‍വികളും മാത്രം. 1979 ല്‍ യൂറോപ്യന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നേടിയ ബെല്‍ജിയം ടീമില്‍ അംഗമായിരുന്നു.