തമിഴിലെ യുവനടന്‍ ജയം രവിയുടെ കരിയറില്‍ തന്നെ വന്‍ ബ്രേക്ക് നല്‍കുകയും അരവിന്ദ് സ്വാമിയുടെ തിരിച്ചുവരവും കണ്ട തനി ഒരുവന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് വളരെ മുമ്പ് തന്നെ കേട്ടിരുന്നതാണ്. എന്നാല്‍ സിനിമ എന്നു വരുമെന്ന കാര്യത്തില്‍ മാത്രമായിരുന്നു അപ്‌ഡേറ്റ്‌സ് വേണ്ടിയിരുന്നത്. ഇതാ സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരം പുറത്തുവരുന്നു. ജയം രവിയുടെ സഹോദരന്‍ മോഹന്‍ രാജ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് 2024 ഏപ്രില്‍ മാസം ആരംഭിക്കുമെന്നാണ് വിവരം.
ആദ്യസിനിമയിലെ നായികാ നായകന്മാര്‍ തന്നെയാണ് രണ്ടാം ഭാഗത്തും വരുന്നത്. ആദ്യഭാഗത്ത് നായകനായ മിത്രന്‍ ഐപിഎസായിട്ട് തന്നെയാണ് ജയംരവി വരുന്നത്. മിത്രന്റെ കാമുകിയും ഫോറന്‍സിക് സ്‌പെഷ്യലിസ്റ്റ് മഹിമയായിട്ടാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും എത്തുന്നത്. അതേസമയം മറ്റ് താരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം സിനിമയിലെ വില്ലനാരെന്നറിയാനാണ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത്.
ആദ്യഭാഗത്ത് അരവിന്ദ് സ്വാമിയായിരുന്നു വില്ലന്‍ വേഷത്തില്‍ എത്തിയത്. സിദ്ധാര്‍ത്ഥ് അഭിമന്യുവിന്റെ വേഷത്തില്‍ അരവിന്ദ്‌സ്വാമി തകര്‍ത്തുവാരുകയും ചെയ്തു. അതേസമയം രണ്ടാം ഭാഗത്ത് ആമിര്‍ഖാന്‍ വില്ലനായി എത്തുമെന്നാണ് കേള്‍ക്കുന്നത്. ആമിര്‍ഖാനെ അണിയറക്കാര്‍ സമീപിച്ചിട്ടുണ്ട്. പറയുന്നത് പോലെ നടന്നാല്‍ ആമിറിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റമായി സിനിമ മാറും.
നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമെന്ന രീതിയിലാണ് സിനിമയുടെ ആദ്യഭാഗം വന്നത്. സത്യസന്ധനായ പോലീസുകാരനും ബുദ്ധിരാക്ഷസനായ വില്ലനും തമ്മിലുള്ള പോരാട്ടം പറഞ്ഞ സിനിമയില്‍ അരവിന്ദ് സ്വാമി ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ആദ്യഭാഗത്ത് നടത്തിയത്. സിനിമാ വ്യവസായത്തില്‍ നിന്നും മാറി നിന്ന താരത്തിന്റെ ഉജ്വല തിരിച്ചുവരവ് കൂടിയായിരുന്നു സിനിമ.