Featured Sports

ലക്ഷ്യം തെറ്റി പന്ത് കൊണ്ടത് വനിതാ വിധികർത്താവിന്റെ മുതുകില്‍; കമിഴ്ന്നു വീണ് നിരങ്ങി നീങ്ങി മാപ്പ് ചോദിച്ച് വോളിബോൾ താരം—വീഡിയോ വൈറൽ

ഒരു കായിക മത്സരത്തിനിടയിലെ ചെറിയൊരു നിമിഷം, ക്ഷമ ചോദിക്കുന്നതിലെ വലിയൊരു പാഠമായി മാറിയിരിക്കുകയാണ്. ജപ്പാനിലെ ഒരു വോളിബോൾ കോർട്ടിൽ നടന്ന ഹൃദ്യമായ ഈ രംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുകയാണ്. 1.87 മീറ്റർ ഉയരമുള്ള ജാപ്പനീസ് വോളിബോൾ താരം യുജി നിഷിദയാണ് തന്റെ മാന്യമായ പെരുമാറ്റത്തിലൂടെ വാർത്തകളിൽ ഇടംപിടിച്ചത്.

പടിഞ്ഞാറൻ ജപ്പാനിലെ കോബെയിൽ നടന്ന വോളിബോൾ ഓൾ-സ്റ്റാർ ഇവന്റിനിടെയായിരുന്നു സംഭവം. മത്സരത്തിന്റെ ഇടവേളയിൽ നടന്ന സെർവിങ് ചാലഞ്ചിൽ പങ്കെടുക്കുകയായിരുന്നു 26 കാരനായ നിഷിദ. ഇദ്ദേഹം തൊടുത്ത ഒരു ഇടംകൈയൻ സെർവ് ലക്ഷ്യം തെറ്റി നേരെ പോയി അവിടെയിരുന്ന വനിതാ വിധികർത്താവിന്റെ മുതുകിൽ കൊള്ളുകയായിരുന്നു.

ഇത് കണ്ട് പരിഭ്രമിച്ച നിഷിദ ഒട്ടും വൈകാതെ തന്നെ അവരോട് ക്ഷമ ചോദിക്കാനായി ഓടിയെത്തി. വെറുതെ ചെന്ന് മാപ്പ് പറയുകയല്ല അദ്ദേഹം ചെയ്തത്. കോർട്ടിലൂടെ കമിഴ്ന്നു വീണ് നിരങ്ങി നീങ്ങിക്കൊണ്ട് (Sliding) ആ വിധികർത്താവിന്റെ അടുത്തേക്ക് എത്തുകയും, മുട്ടുകുത്തി നിന്ന് പലതവണ തല കുനിച്ച് മാപ്പ് അപേക്ഷിക്കുകയും ചെയ്തു. താരത്തിന്റെ വിനയപൂർവ്വമായ അഭ്യർത്ഥന കണ്ട് വിധികർത്താവും പുഞ്ചിരിയോടെ തലകുനിച്ച് അഭിവാദ്യം ചെയ്തു.

കളിക്കളത്തിലെ ഈ മാന്യതയ്ക്ക് പുറമെ, മത്സരത്തിൽ തന്റെ ടീമിനെ 3-0 ന് വിജയത്തിലേക്ക് നയിച്ച നിഷിദ ടൂർണമെന്റിലെ മികച്ച താരത്തിനുള്ള (MVP) പുരസ്കാരവും സ്വന്തമാക്കി.

എക്സിൽ (X) പങ്കുവെക്കപ്പെട്ട ഈ വീഡിയോ 24 മണിക്കൂറിനുള്ളിൽ 85 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. “അബദ്ധത്തിൽ ഒരാളെ പന്ത് കൊണ്ട് ഇടിച്ചപ്പോൾ ഒരു ജാപ്പനീസ് താരം നടത്തുന്ന ഏറ്റവും ആത്മാർത്ഥമായ ക്ഷമാപണം” എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദനമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. “ജാപ്പനീസ് ജനത മാപ്പ് പറയുന്ന കാര്യത്തിൽ തമാശക്കാരല്ല, അവർ അത്രമേൽ വിനയവും ബഹുമാനവും ഉള്ളവരാണ്,” എന്ന് ഒരാൾ കുറിച്ചപ്പോൾ, “സ്വന്തം വ്യക്തിത്വത്തേക്കാൾ ഉപരിയായി ബഹുമാനിക്കാനാണ് അവരുടെ സംസ്കാരം പഠിപ്പിക്കുന്നത്,” എന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ പ്രതികരണം.