Featured Sports

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങി മോശം റെക്കോഡ്; ആന്‍ഡേഴ്‌സണ്‍ മറികടന്നത് കുംബ്‌ളേയെ

ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ഇതിഹാസം അനില്‍ കുംബ്ലെയെ മറികടന്ന് ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍. രാജ്കോട്ടില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റില്‍ ആയിരുന്നു ഈ മോശം റെക്കോഡ് ആന്‍ഡേഴ്‌സന്റെ പേരിലായത്. തന്റെ 185-ാം ടെസ്റ്റില്‍ കളിച്ച ആന്‍ഡേഴ്‌സണ്‍ 18,371 റണ്‍സാണ് കരിയറില്‍ ഉടനീളം കളിച്ച ടെസ്റ്റില്‍ വഴങ്ങിയത്.

ലോകത്തെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളായിരുന്ന കുംബ്‌ളേ 2008 ല്‍ വിരമിച്ചപ്പോള്‍ അദ്ദേഹം വഴങ്ങിയത് 132 ടെസ്റ്റ് മത്സരങ്ങളില്‍ 18,355 റണ്‍സ് ആയിരുന്നു. 133 ടെസ്റ്റുകളില്‍ നിന്ന് 18180 റണ്‍സുമായി മുത്തയ്യ മുരളീധരന്‍ മൂന്നാം സ്ഥാനത്തും ഷെയ്ന്‍ വോണും (17995) സ്റ്റുവര്‍ട്ട് ബ്രോഡും (16719) തൊട്ടുപിന്നില്‍. മുരളീധരനും (800), വോണിനും (708) ശേഷം ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ താരമാണ് ആന്‍ഡേഴ്‌സണ്‍. 696 ടെസ്റ്റ് വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

നാലുവിക്കറ്റ് നേടിയാല്‍ 700 വിക്കറ്റുകള്‍ തികയ്ക്കുന്ന ബൗളറായും ആന്‍ഡേഴ്‌സണ്‍ ഒരു നാഴികക്കല്ല് പിന്നിടും. ടെസ്റ്റ് ചരിത്രത്തില്‍ 700 വിക്കറ്റോ അതിലധികമോ വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറാകാനാണ് ആന്‍ഡേഴ്‌സണ്‍ ശ്രമിക്കുന്നത്. ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ കളിക്കാരനാണ് അദ്ദേഹം. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ പട്ടികയില്‍ ഒന്നാമതാണ്, ഒരു ചരിത്രപരമായ കരിയറില്‍ 200 ടെസ്റ്റുകള്‍ അദ്ദേഹം കളിച്ചു.

നിലവില്‍ ഒന്നില്‍ അവസാനിച്ച അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യയിലെ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമാണ് ആന്‍ഡേഴ്‌സണ്‍. ഇനിയും രണ്ടു ടെസ്റ്റു മത്സരങ്ങള്‍ കൂടി ബാക്കി നില്‍ക്കേ അദ്ദേഹം 700 വിക്കറ്റ് നേട്ടത്തില്‍ എത്തുമെന്നാണ് കരുതുന്നത്. അതേസമയം തന്നെ 41 വയസ്സുള്ള ആന്‍ഡേഴ്‌സണ്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനേക്കുറിച്ചും ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. സ്വരം നന്നായിരിക്കുമ്പോള്‍ വേണം പാട്ടു നിര്‍ത്താനെന്നാണ് താരത്തിന്റെ നിലപാട്.