കേരളാ ബ്ളാസ്റ്റേഴ്സിന്റെ പരിശീലകന് ഇവാന് വുകുമിനോവിക് ടീം വിട്ടു. ഒരു വര്‍ഷത്തെ കരാര്‍ കൂടി ബാക്കി നില്‍ക്കേയാണ് പരിശീലകന് സ്ഥാനമൊഴിഞ്ഞത്. 2021 ല്‍ പരിശീലകനായി എത്തിയ വുകുമുനോവിക് പരിശീലിപ്പിച്ച മൂന്ന് സീസണിലും ടീമിനെ പ്ളേഓഫില്‍ എത്തിക്കുകയും ഒരു തവണ ഫൈനലിലേക്ക് ടീമിനെ നയിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹത്തിനും ടീമിനെ കിരീടത്തിലേക്ക് നയിക്കാനായില്ല.
ഒരു വര്‍ഷത്തെ കരാര്‍ കൂടി ബാക്കി നില്‍ക്കേ ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു വുകുമുനോവിക് തീരുമാനം പ്രഖ്യാപിച്ചത്. വിദേശക്ലബ്ബില് നിന്നുള്ള ഓഫര്‍ വന്നതിനാലാണ് വുകുമുനോവിക് ടീം വിടുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ബ്ളാസ്റ്റേഴ്സിലേക്ക് അനേകം പ്രതിഭകള്‍ക്ക് അവസരം നല്കിയ വുകുമുനോവിക് കഴിഞ്ഞ സീസണില്‍ പ്ളേ ഓഫ് കളിക്കിടയില്‍ ടീമിനെ തിരിച്ചുവിളിച്ച് വിവാദത്തിലും തലയിട്ടിരുന്നു. വുക്കുമിനോവിക്കിന് കീഴിലാണ് ബ്ളാസ്റ്റേഴ്സ് ലീഗില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങളും നേടിയിട്ടുള്ളത്.
ഈ സീസണിലെ ആദ്യ പത്തു മത്സരങ്ങള്‍ കളിച്ച് ലീഗ് പട്ടികയില്‍ ഒന്നാമതായിരുന്ന ബ്ളാസ്റ്റേഴ്സ് ഇടവേളയ്ക്ക് ശേഷം ഐഎസ്എല്‍ പുനരാരംഭിച്ചപ്പോള്‍ പിന്നിലാകുകയായിരുന്നു. ഈ സീസണില്‍ അഞ്ചാം സ്ഥാനത്തായിരുന്ന ടീം നാലാം സ്ഥാനത്തുള്ള ഒഡീഷയുമായുള്ള മത്സരത്തില്‍ തോറ്റ് പ്ളേഓഫില്‍ നിന്നും പുറത്താകുകയായിരുന്നു. മികച്ച കളിക്കാരുമായിട്ടാണ് ടീം സീസണില്‍ കളിക്കാനിറങ്ങിയത് എങ്കിലും പരിക്കുകളും ഫോമില്ലായ്മയും ടീമിനെ വലയ്ക്കുകയായിരുന്നു. ഈ സീസണോടെ സൂപ്പര്‍താരം അഡ്രിയാന്‍ ലൂണയുടേയും കാലാവധി കഴിഞ്ഞു.