Movie News

നായകന് ശേഷം മറ്റൊരു ക്ലാസിക്; 35 വര്‍ഷത്തിന് ശേഷം കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്നു

തമിഴിലെ എക്കാലത്തെയും ക്ലാസ്സിക് പട്ടികയിലാണ് നായകന്‍ സിനിമ നിലനില്‍ക്കുന്നത്. കമല്‍ഹാസന്റെ ഉജ്വല അഭിനയമികവും മണിരത്‌നം എന്ന സംവിധായകന്റെ ക്രാഫ്റ്റും ഒത്തുചേര്‍ന്ന സിനിമ ഇപ്പോഴും ആരാധകരെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടുമൊത്തുചേരുന്നു. കെഎച്ച് 234 എന്ന് പേരിട്ടിരിക്കുന്ന സിനിമയെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് കമല്‍ഹാസനാണ്.

തന്റെ ജന്മദിനമായ നവംബര്‍ 7 ന് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുമെന്ന് ‘വിക്രം’ നടന്‍ പറഞ്ഞു. ഒക്ടോബര്‍ 22 ന് ബിഗ് ബോസ് തമിഴ് 7 ല്‍ വെച്ചായിരുന്നു കമല്‍ഹാസന്‍ ഒരു സര്‍പ്രൈസ് പ്രഖ്യാപനം നടത്തിയത്. ”മണിരത്‌നവും ഞാനും ഒരു സിനിമയ്ക്കായി കൈകോര്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. മണിരത്‌നം ചിത്രത്തിന്റെ ടീസറിന്റെ ജോലികള്‍ ആരംഭിച്ചു, ഞാനും ഷൂട്ടിംഗില്‍ ചേര്‍ന്നു. എന്റെ ജന്മദിനമായ നവംബര്‍ ഏഴിന് ടീസര്‍ റിലീസ് ചെയ്യും.” നടന്‍ പറഞ്ഞു.

ലോകേഷ് കനകരാജിന്റെ വിക്രം വന്‍ വിജയമായതിന് ശേഷം ശങ്കറിന്റെ ‘ഇന്ത്യന്‍ 2’ വിലാണ് കമല്‍ ജോയിന്‍ ചെയ്തിരിക്കുന്നത്. ചതുരംഗ വേട്ടൈ, ധീരന്‍ അധികാരം ഒന്റ്, തുനിവ് തുടങ്ങിയ സിനിമയുടെ സംവിധായകന്‍ എച്ച് വിനോദിനൊപ്പം ഒരു സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.