ഹോട്ടല്‍ മെനുവില്‍ ഭക്ഷണത്തിന്റെ വില കണ്ട് ഞെട്ടിയിട്ടുണ്ടോ? വളരെ അധികം വില കൂടിയ ഭക്ഷ്യവിഭവങ്ങളുണ്ട്. ഇവയ്ക്ക് സ്വാഭാവികമായും വലിയ വിലയാണുള്ളത്. കോടീശ്വരന്മാര്‍ പലപ്പോഴും ഒരുനേരം ഹോട്ടലുകളില്‍ ചിലവഴിക്കുന്നത് ലക്ഷങ്ങളാണ്. അവയില്‍ ചിലതിനെക്കുറിച്ചാണ് ഇനി പറയുന്നത്.
കോബി ബീഫ്: ജപ്പാനിലെ ഹൈഗോ പ്രിഫെക്ചറില്‍ കോബി നഗരത്തിന് ചുറ്റും വളര്‍ത്തുന്ന കന്നുകാലികളുടെ മാംസമാണ് കോബി ബീഫ്. സ്റ്റീക്ക്, സുകിയാക്കി, ഷാബു -ഷാബു, സാഷിമി എന്നിങ്ങനെ പല വിഭവങ്ങളായി കോബി ബീഫ് തയ്യാറാക്കാം. പ്രതിവര്‍ഷം 3000 ത്തോളം കന്നുകാലികള്‍ മാത്രമേ കോബി ബീഫ് ഇനത്തില്‍ വരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഇത് വളരെ വിലയേറിയതാണ്.
ബെലുഗ കാവിയാര്‍: ശുദ്ധജലത്തില്‍ വസിക്കുന്ന ബെലുഗ സ്റ്റര്‍ജന്‍ മത്സ്യത്തിന്റെ മുട്ടയില്‍ നിന്നുണ്ടാക്കുന്ന ഒരു ആഡംബര ഭക്ഷണമാണ് കാവിയാര്‍. ബെലുഗ കാവിയാറാണ് ഈ ഇനത്തില്‍ ഏറ്റവും വിലകൂടിയത്. അമേരിക്കയില്‍ കൃഷി ചെയ്യുന്ന ബെലുഗ കാവിയാറിന്റെ ഒരു ഔണ്‍സിന് ഏതാണ്ട് 770 ഡോളര്‍ അല്ലെങ്കില്‍ 66,068 രൂപ വിലവരുന്നു.
വൈറ്റ് ട്രഫിള്‍: ലോകത്തിലെ വിലകൂടിയ ട്രഫിള്‍ ഇനങ്ങളില്‍ ഒന്നാണ് വൈറ്റ് ട്രഫിള്‍സ്. ഒരു തരം ഭൂഗര്‍ഭ ഫംഗസിന്റെ ഭക്ഷ്യയോഗ്യമായ ബീജങ്ങളാണ് ട്രഫിള്‍സ്. പാസ്ത , റിസോട്ടോ പോലുള്ള വിഭവങ്ങളില്‍ ഇത് ഉപയോഗിക്കുന്നു. ആല്‍ബ ട്രഫിള്‍സ് എന്നും ഇത് അറിയപ്പെടുന്നു. ഇവ മരങ്ങളുടെ വേരുകളിലാണ് വളരുന്നത്. ഒരു ഔണ്‍സ് വെള്ള ട്രഫിള്‍സിന് 400 ഡോളറിലധികം വില വരുന്നു.
കുങ്കുമപ്പൂവ്: കുങ്കുമപ്പൂവ് ലോകത്തിലെ വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമാണ് . ഒരോ പുഷ്പവും കുങ്കുമത്തിന്റെ മൂന്ന് ഇഴകള്‍ മാത്രമേ ഉണ്ടാക്കുന്നുള്ളൂ. അതിന്റെ സവിശേഷത നിറഞ്ഞ രുചിയും സൗന്ദര്യവും ഗുണവും കാരണം വിഭവങ്ങളില്‍ ഇതൊരു സ്‌പെഷ്യല്‍ ചേരുവകയാണ്. 2024 ലെ കണക്കുകള്‍ പ്രകാരം ഇതിന് ഗ്രാമിന് 1700 രൂപയാണ് വിലവരുന്നത്.
മാറ്റ്‌സുടേക്ക്: യൂറേഷ്യയിലും വടക്കേ അമേരിക്കയിലും വളരുന്ന ഭക്ഷ്യയോഗ്യമായ ഒരു കൂണ്‍ ആണ് മാറ്റ്‌സുടേക്ക്. ഇതിന്റെ പ്രത്യേക സുഗന്ധവും രുചിയും ഉറച്ച മാംസളമായ ഘടനയും കാരണം ജാപ്പനീസ് പാചകരീതിയില്‍ സവിശേഷ ചേരുവകയാണ്. സൂപ്പ്, പായസം, അരി വിഭവങ്ങള്‍ എന്നിങ്ങനെ വിവിധ വിഭവങ്ങളില്‍ പച്ചയ്‌ക്കോ വേവിച്ചോ ഇത് ഉപയോഗിക്കുന്നു. ചുവന്ന പൈന്‍ മരങ്ങളുടെ വേരുകളിലാണ് ഇവ വളരുന്നത്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ ഒരു പൗണ്ടിന് ഏകദേശം $40 മുതല്‍ വിലയുള്ള ഈ കൂണിന് ജപ്പാനില്‍ ഒരു പൗണ്ടിന് $1,000 വരെയാണ് ഈടാക്കുന്നത്.
കോപ്പി ലുവാക്: ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പിയാണ് കോപ്പി ലുവാക്. ഒരുതരം മരപ്പട്ടി അല്ലെങ്കില്‍ സിവെറ്റനെക്കൊണ്ട് പഴുത്ത കാപ്പിക്കുരു കഴിപ്പിച്ച് അതിന്റെ വിസര്‍ജ്യത്തില്‍ നിന്ന് ദഹിക്കാതെ കിടക്കുന്ന കാപ്പിക്കുരു വേര്‍തിരിച്ചെടുത്ത് സംക്രരിച്ചാണ് ഈ കാപ്പിപ്പൊടി തയ്യാറാക്കുന്നത്. ഇന്തൊനീഷ്യയാണ് ആഗോളതലത്തില്‍ സിവെറ്റ് കാപ്പിയുടെ പ്രധാന ഉത്പാദകര്‍. ഇന്ത്യയിലെ കുര്‍ഗില്‍ വനപ്രദേശങ്ങളോട് ചേര്‍ന്ന് കാപ്പിത്തോട്ടങ്ങളില്‍ നിന്ന് സിവെറ്റിന്റെ വിസര്‍ജ്യം ശേഖരിച്ച് കാപ്പിക്കുരു സംസ്‌കരിക്കുന്നുണ്ട്. ഒരു പൗണ്ടിന് അരലക്ഷം രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില.