Celebrity

ചില ജോലികള്‍ പെൺകുട്ടികൾ മാത്രം ചെയ്യേണ്ടണെന്നു ചെറുപ്പത്തിലേ അവരുടെ മനസ്സിലേക്ക് ഫീഡ് ചെയ്യും’- അനശ്വര രാജൻ

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായിക നിരയിലേക്ക് ഉയർന്ന താരമാണ് അനശ്വര രാജന്‍. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ മുന്‍നിര നായികയായി മാറാന്‍ അനശ്വരയ്ക്ക് സാധിച്ചു. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലടക്കം സാന്നിധ്യം അറിയിക്കാൻ അനശ്വരയ്ക്ക് സാധിച്ചിട്ടുണ്ട്. പോയ വര്‍ഷം ഇറങ്ങിയ നേരിലൂടേയും ഈ വര്‍ഷം ഇറങ്ങിയ ഓസ്ലറിലൂടേയും തുടര്‍ വിജയങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ് അനശ്വര.

നേരിലെ താരത്തിന്റെ പ്രകടനം കൈയ്യടി നേടി. പിന്നാലെ ഓസ്ലറിലൂടെ പ്രേക്ഷക മനസ്സിൽ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. ഇപ്പോഴിതാ ആൺ പെൺ വേർതിരിവും അവർ ചെയ്യേണ്ട ജോലികളും ചെറുപ്പത്തിൽ തന്നെ കുട്ടികളുടെ മനസിലേക്ക് ഫീഡ് ചെയ്തു കൊടുക്കുന്നതാണെന്നു പറയുകയാണ് അനശ്വര. ചെറുപ്പത്തിൽ നടന്ന ഒരു സംഭവം പങ്കിട്ടാണ് അനശ്വര ഇത് ഷെയർ ചെയ്തത്.

“എന്റെ ഒരു കസിൻ ആൺകുട്ടി, അമ്മയുടെ ചേച്ചിയുടെ മകനാണ് അവൻ ഒരിക്കൽ വീട്ടിൽ വന്നു. എനിക്കന്ന് പത്തു പതിനൊന്നു വയസ്സ് കാണും. ഞങ്ങൾ രണ്ടാളും കൂടി വീട് വൃത്തിയാക്കാൻ തീരുമാനിച്ചു. അച്ഛനും അമ്മയുമൊക്കെ ആ സമയത്തു ജോലിക്ക് പോയിരിക്കുകയാണ്. ഞാൻ അന്ന് അവനോടു പറഞ്ഞു,’ഞാൻ അകത്തു വൃത്തിയാക്കാം. നീ പുറത്തു വൃത്തിയാക്ക്…’ അവൻ ഓക്കേ പറഞ്ഞു. അങ്ങനെ അവൻ മുറ്റം അടിച്ച് വാരി. ഞാൻ ആണെങ്കിൽ കിടക്കയൊക്കെ തൂത്തു തുടച്ചു വൃത്തിയാക്കുകയാണ്. അങ്ങനെ ചെയ്തു കൊണ്ടിരിക്കുന്ന സമയത്തു അപ്പുറത്തെ വീട്ടിൽ നിന്നും കുറച്ചു പേര് വന്നിട്ട് അവനോട് ചോദിച്ചു,’മോൻ എന്തിനാ അടിച്ച് വാരുന്നത് എന്ന്…’ അവൻ പറഞ്ഞു, അനു അകത്തു വൃത്തിയാക്കുകയാണെന്ന്.

അത് കേട്ടപ്പോൾ അവർ പറഞ്ഞു, ‘മോൻ ഇത് ചെയ്യേണ്ട. അനു ചെയ്തോളും. അടിച്ചു വാരുന്നത് മോൻ ചെയ്യേണ്ട എന്ന്’. അവൻ പറഞ്ഞു കുഴപ്പമില്ല എന്ന്. കാരണം ഇത് ആൺകുട്ടികൾ ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്ന് അവനും അറിയില്ല, എനിക്കും അറിയില്ല. അങ്ങനെ വേർതിരിവ് കാണിക്കേണ്ട കാര്യമുണ്ടോ? സത്യം പറഞ്ഞാൽ ചിലത് ആൺകുട്ടികൾ ചെയ്യേണ്ട ജോലിയാണെന്നും മറ്റു ചിലത് പെൺകുട്ടികൾ ചെയ്യേണ്ട ജോലിയാണെന്നും ചെറുപ്പം മുതൽ കുഞ്ഞ് മനസിലേക്ക് ഫീഡ് ചെയ്തു കൊടുക്കുകയാണ് …” അനശ്വര പറയുന്നു.