Sports

7 റെഡ്കാര്‍ഡ്, 9 മഞ്ഞക്കാര്‍ഡ് ; ഇരു ടീമുകളും കളിതീര്‍ത്തത് 9 പേരുമായി ; ഐഎസ്എല്ലിലെ മുംബൈ കൊല്‍ക്കത്ത മത്സരം ചരിത്രമായി

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ വമ്പന്മാരായ മുംബൈ സിറ്റിയും മോഹന്‍ബഗാന്‍ സൂപ്പര്‍ജയന്റ്‌സും തമ്മിലുള്ള മത്സരം ചരിത്രമെഴുതി. കാര്‍ഡുകളുടെയും ഫൗളുകളുടേയും കാര്യത്തില്‍ സമ്പന്നമായ മത്സരം സൂപ്പര്‍ലീഗിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ വന്‍ വിവാദമായി മാറുകയും ചെയ്തു. ഇരു ടീമിന്റെയും രണ്ടു കളിക്കാര്‍ വീതം ചുവപ്പ് കാര്‍ഡ് പുറത്തുപോയപ്പോള്‍ ഒമ്പത് മഞ്ഞക്കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്.

മത്സരത്തില്‍ മൂംബൈ സിറ്റി ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ജയിച്ചു. ലീഗില്‍ ആദ്യമായി ബഗാന്‍ തോല്‍വി കണ്ട മത്സരത്തില്‍ ആത്യന്തം നാടകീയത നിറഞ്ഞു നിന്നു. കളി പൂര്‍ത്തിയായപ്പോള്‍ ഏഴു പേരാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. കളിയുടെ പതിമൂന്നാം മിനിറ്റില്‍ മുംബൈസിറ്റി ഫുള്‍ ബാക്ക് ആകാശ് മിശ്ര ഫൗള്‍ ചെയ്തതിന് ചുവപ്പ് കാര്‍ഡ് വാങ്ങിയപ്പോള്‍ ആതിഥേയര്‍ 10 പേരായി ചുരുങ്ങി.

രണ്ടാം പകുതിയില്‍ ബഗാന്റെ രണ്ടുപേര്‍ ചുവപ്പുകാര്‍ഡ് വാങ്ങി. ആശിഷ് റായിക്കും ലിസ്റ്റണ്‍ കൊളാക്കോയ്ക്കും ചുവപ്പ് കാര്‍ഡ് ലഭിച്ചതിനെത്തുടര്‍ന്ന് 57-ാം മിനിറ്റില്‍ ബഗാന്‍ ഒമ്പത് പേരായി വീണു. ആദ്യപകുതിയില്‍ 1-1 ന് അവസാനിച്ച മത്സരത്തില്‍ രണ്ടാം പകുതിയില്‍ മുംബൈ മറ്റൊരു ഗോള്‍ കൂടി നേടി. സാധാരണ സമയം അവസാനിക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പ് മുംബൈയുടെ ഗ്രെഗ് സ്റ്റ്യൂവര്‍ട്ട് രണ്ടാം മഞ്ഞക്കാര്‍ഡും കണ്ടതോടെ മുംബൈയും ഒമ്പതു പേരിലേക്ക് ചുരുങ്ങി.

റഫറി ഫൈനല്‍ വിസില്‍ മുഴക്കിയതിന് ശേഷം, മുംബൈയുടെ ക്യാപ്റ്റന്‍ രാഹുല്‍ ഭേക്കെ സന്ദര്‍ശകരായ ആരാധകരുടെ ദിശയില്‍ പരിഹാസത്തോടെ കൈയ്യടിച്ചു, ഒരു ബഗാന്‍ കളിക്കാരന്‍ വിക്രം പ്രതാപ് സിംഗ് അത് ഏറ്റുപിടിച്ചു. ഇരുവര്‍ക്കും ഇത് ചുവപ്പുകാര്‍ഡ് കിട്ടാന്‍ കാരണമായി. പിന്നാലെ ബഗാന്റെ ഹെക്ടര്‍ യുസ്റ്റെയും ചുവപ്പ് കാര്‍ഡ് പട്ടികയില്‍ ചേര്‍ന്നു. കളിയില്‍ ഉടനീളം റഫറി കാര്‍ഡ് പുറത്തെടുത്തു.