വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്റെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള സ്വപ്നങ്ങള്‍ തകര്‍ന്നു. കാരണം വ്യക്തമല്ലെങ്കിലും ഇഷാന്‍ കിഷന്‍ ദുലീപ് ട്രോഫിയിലെ ആദ്യ സെറ്റ് മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ദുലീപ് ട്രോഫിയുടെ ഓപ്പണിംഗ് മത്സരത്തില്‍ കളിക്കാന്‍ താരമില്ലെന്നും പകരക്കാരനായി സഞ്ജുസാംസണ്‍ ടീമിലെത്തുമെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍.
ഇഷാന്‍ കിഷന് പരിക്ക് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. സെപ്തംബര്‍ 5 മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര ടൂര്‍ണമെന്റില്‍ റെഡ്-ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ താരം ഒരുങ്ങിയിരിക്കുകയായിരുന്നു. രഞ്ജി ട്രോഫി കളിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് 2024 ആദ്യം മുതല്‍ കിഷന്‍ ദേശീയ ടീമില്‍ നിന്ന് പുറത്തായിരുന്നു. ഇതോടെ തിരിച്ചുവരാന്‍ കഠിന ശ്രമത്തിലായിരുന്നു താരം.
ബുച്ചി ബാബു ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡ് ലീഗ് ഘട്ടത്തില്‍ തന്നെ പുറത്തായതിനാല്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് അദ്ദേഹം കളിച്ചത്. ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയില്‍ കിഷന്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താരത്തിന് പരിക്കാണെന്ന് സൂചനയുണ്ട്. അതേസമയം പകരക്കാരന്‍ സഞ്ജുവാണോയെന്നത് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
കളിച്ചാല്‍ ടീം ഡി യില്‍ ആയിരിക്കും സഞ്ജുവിന് അവസരം. ഒഴിവായത് ഇഷാന്‍ കിഷന് തിരിച്ചടിയാണെങ്കിലും സഞ്ജുവിന് അത് വലിയ അവസരം തുറന്നുകൊടുത്തേക്കും. ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമെതിരായ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന വരാനിരിക്കുന്ന ഹോം സീസണില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടം നേടാനുള്ള അദ്ദേഹത്തിന്റെ സാധ്യതകള്‍ക്ക് നിറം പകരുന്നതാകും മത്സരത്തിലെ പ്രകടനം.