Health

ഫര്‍ണീച്ചറുകളിലെ ഈ വസ്തു ആരോഗ്യത്തിന് ഹാനികരം, PBDE-കളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യം

നിത്യോപയോഗ സാധനങ്ങളില്‍പോലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉളവാക്കുന്ന അപകടകരവും വിഷലിപ്തവുമായ വസ്തുക്കള്‍ അടങ്ങിയിരിക്കാമെന്ന് ആര്‍ക്കൈവ്സ് ഓഫ് ടോക്സിക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു . കട്ടിലുകള്‍, കുട്ടികളുടെ കാര്‍ സീറ്റുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മറ്റ് നിരവധി ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ പലപ്പോഴും പോളിബ്രോമിനേറ്റഡ് ഡിഫെനൈല്‍ ഈഥറുകള്‍ (പിബിഡിഇ) അടങ്ങിയിരിക്കുന്നു.

തീപിടുത്തം കുറയ്ക്കുന്നതിനും തടയുന്നതിനും ഇവ അഗ്‌നിശമന വസ്തുക്കളായി ഉപയോഗിക്കുന്നുവെങ്കിലും ഇത് മനുഷ്യന്റെ ആരോഗ്യത്തിന് അപകടകരമാണെന്ന് പഠനം ചൂണ്ടി കാണിക്കുന്നു .

അഗ്‌നിശമന രാസവസ്തുക്കളുടെ അപകടങ്ങള്‍

വീട്ടുപകരണങ്ങളിലെ ഈ രാസവസ്തുക്കളുടെ ഉദ്ദേശ്യം പ്രധാനമായും തീപിടുത്തം തടയുക എന്നുള്ളതാണ്. എന്നിരുന്നാലും, അവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ആരോഗ്യത്തെ ബാധിക്കുന്നു . പ്രത്യേകിച്ച് ഗര്‍ഭധാരണം പോലുള്ള സെന്‍സിറ്റീവ് കാലഘട്ടങ്ങളില്‍ ഇതുമായുള്ള സമ്പര്‍ക്കം അപകടകരമാണ്. എന്തെന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന് നാഡീസംബന്ധമായ തകരാറുകളും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത ഇത് വര്‍ധിപ്പിക്കുന്നു .

ഗവേഷകര്‍ ഗര്‍ഭിണികളായ എലികളിലാണ് ഈ രാസവസ്തുവിന്റെ സ്വാധീനം പരിശോധിച്ചത്. ഇവയില്‍, പിബിഡിഇയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവയ്ക്ക് ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങള്‍ക്ക് കുറഞ്ഞ ഭാരവും ക്രമരഹിതമായ പല്ലിന്റെ വികാസവും ഉണ്ടാകുന്നതായി കണ്ടെത്തി. അതേസമയം പെണ്‍എലികളില്‍ വര്‍ദ്ധിച്ച ഹൈപ്പര്‍ ആക്റ്റിവിറ്റി പോലുള്ള സ്വഭാവങ്ങള്‍ കണ്ടെത്താനായി .

പ്രസവ കാലഘട്ടത്തില്‍ പിബിഡിഇഎസുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് എലികളില്‍ ഓട്ടിസ്റ്റിക് സ്വഭാവവും മെറ്റബോളിസം സിന്‍ഡ്രോമും ഉണ്ടാക്കുന്നതായും കണ്ടെത്താനായി .

തൈര്, പുളിച്ച ബ്രെഡ്, മധുരക്കിഴങ്ങ് തുടങ്ങിയ സാധാരണ ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന ഒരു പ്രോബയോട്ടിക് ആയ ലിമോസിലാക്ടോബാസിലസ് റ്യൂട്ടേറിയുടെ (എല്‍ആര്‍) സഹായത്തോടെ ഈ വിഷ രാസവസ്തുവിന്റെ ദോഷകരമായ ഫലങ്ങള്‍ ലഘൂകരിക്കാനാകും . ഹാനികരമായ വിഷവസ്തു ബാധിച്ച എലികള്‍ക്ക് ഈ പ്രോബയോട്ടിക് മെച്ചപ്പെട്ട മാറ്റങ്ങള്‍ കൊണ്ടു വന്നതായി ഗവേഷകര്‍ കണ്ടെത്തി . എലികളിലാണ് പഠനം നടത്തിയതെങ്കിലും മനുഷ്യന്റെ ആരോഗ്യവുമായി ഇത് ബന്ധിപ്പിക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു .

Leave a Reply

Your email address will not be published. Required fields are marked *