Oddly News

അസ്ഥിയില്‍ നിന്നുണ്ടാക്കിയ മുത്ത്! 13000 വർഷം പഴക്കം, കണ്ടെത്തിയത് യുഎസിൽ

പഴയ കാലത്തിലുള്ള വിവിധ തരത്തിലുള്ള ആഭരണങ്ങള്‍ പല സ്ഥലങ്ങളില്‍ നിന്നൊക്കെ ആര്‍ക്കിയോളജി വിഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മധ്യകാല ശിലായുഗം മുതല്‍ക്കേ തന്നെ വിവിധ തരത്തിലുള്ള കല്ലുമാലകളൊക്കെ മനുഷ്യര്‍ അണിയാറുണ്ടായിരുന്നു. ഇപ്പോള്‍ അസ്ഥിയില്‍ നിന്ന് നിര്‍മ്മിച്ച കുറച്ച് മുത്തുകളാണ് ആര്‍ക്കിയോളജി വിഭാഗത്തെയാകെ അമ്പരപ്പിച്ചിരിയ്ക്കുന്നത്.

യുഎസിലെ വ്യോമിങ് സര്‍വകലാശാലയിലെ ആര്‍ക്കിയോളജി പ്രഫസറായ ടോഡ് സുറോവെലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അസ്ഥികളില്‍ നിന്നു നിര്‍മിച്ച കുറച്ചു മുത്തുകള്‍ കണ്ടെത്തിയത്. യുഎസിലെ ലാ പ്രെലെ മാമ്മോത്ത് സൈറ്റില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. 13000 വര്‍ഷത്തോളം ഇവയ്ക്ക് പഴക്കം കണക്കാക്കുന്നു. അമേരിക്കന്‍ വന്‍കരകളില്‍ കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള മുത്തുകളാണിവ. ഏകദേശം 7 മില്ലിമീറ്റര്‍ നീളവും 1.6 മില്ലിമീറ്റര്‍ വ്യാസവുമുള്ളതാണ് ഈ മുത്തുകള്‍. മനുഷ്യനായ ഒരു ശില്‍പിയുടെ കരവിരുത് കാട്ടുന്ന അടയാളങ്ങളും ഈ മുത്തിലുണ്ട്. കല്ലുകളോ പല്ലുകളോ ഉപയോഗിച്ചാകാം ഇവ നിര്‍മിച്ചതെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.

ഇത് മനുഷ്യനിര്‍മിതമല്ലെന്നും ആദിമകാലത്തെ ഏതോ മാംസാഹാരിയായ ജീവി ബാക്കി വച്ച അവശിഷ്ടമാണ് ഇതെന്നുമായിരുന്നു ആദ്യം ഗവേഷകരുടെ നിഗമനം. എന്നാല്‍ ഈ മേഖലയില്‍ മാംസാഹാരികളായ മൃഗങ്ങള്‍ കുറവായതിനാലും ഈ മേഖലയില്‍ നിന്നു ആഭരണങ്ങള്‍ ഉള്‍പ്പെടെ സാംസ്‌കാരിക പ്രാധാന്യമുള്ള വസ്തുക്കള്‍ നേരത്തെയും കണ്ടെത്തിയിട്ടുള്ളതിനാലും തങ്ങളുടെ നിഗമനം ഗവേഷകര്‍ മാറ്റുകയായിരുന്നു. അസ്ഥികളില്‍ നിന്നുള്ള കൊളാജന്‍ വിലയിരുത്തി നടത്തുന്ന സൂംസ് എന്ന പരീക്ഷണത്തിലൂടെയാണ് എല്ലുകളുടെ പ്രായവും മറ്റു വിവരങ്ങളും ശാസ്ത്രജ്ഞര്‍ മനസ്സിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *