ഉപ്പില്ലാതെ ഒരു കറി ഉണ്ടാക്കുന്നതിനെപ്പറ്റി നമ്മള്‍ മലയാളികള്‍ക്ക് ചിന്തിക്കാനേ സാധിക്കില്ല. എന്നാല്‍ ഉപ്പിന്റെ സ്ഥിരമായുള്ള ഉപയോഗം ജീവനെടുക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
സോഡിയത്തിന്റെ ഉപയോഗം ദിവസവും രണ്ട് ഗ്രാമിലേക്ക് പരിമിതപ്പെടുത്തണം. (5 ഗ്രാം ഉപ്പ്) ആരോഗ്യപരമായ മറ്റ് മാര്‍ഗങ്ങള്‍ക്ക് ശ്രമിക്കണമെന്നും ലോകാരോഗ്യസംഘടനയുടെ പുതിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഉപ്പ് അധികമായി അകത്താക്കിയാല്‍ രക്തസമ്മര്‍ദം വര്‍ധിക്കുമെന്നും ഹൃദ്രോഹം, വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ദിവസം 9.8 ഗ്രാം എങ്കിലും ഉപ്പ് ഒരു ദിവസം ഒരാള്‍ അകത്താക്കുന്നുണ്ട്. ഉപ്പിന്റെ ഉപയോഗം കുറച്ചാല്‍ ഹൃദയാരോഗ്യ പ്രശ്‌നങ്ങളെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്താനായി സാധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടാക്കാട്ടുന്നു. ഗ്രാമീണ മേഖലയിലുള്ളവരാണ് അധികമായി ഉപ്പ് ഉപയോഗിക്കുന്നത്.
സോഡിയത്തിന്റെ അളവ് കുറവും പൊട്ടാസ്യത്തിന്റെ അളവ് കൂടുതലുമുള്ള ബദല്‍ ഉപ്പ്, താങ്ങാനാവുന്ന നിരക്കിൽ ആളുകള്‍ക്ക് ലഭ്യമാക്കാനുള്ള നടപടിയുണ്ടാകണമെന്നും ഡോക്ടർമാര്‍ നിര്‍ദേശിക്കുന്നു.
ഉപ്പിന്റെ ബദല്‍ ഉപയോഗം എല്ലാവര്‍ക്കും സാധ്യമല്ലെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭിണികള്‍ , കുട്ടികള്‍, വൃക്കരോഗികള്‍, പൊട്ടാസ്യം താഴ്ന്ന അസുഖമുള്ളവർ എന്നിവര്‍ക്ക് ഉപ്പിന് പകരം ബദലൊന്നും ഉപയോഗിക്കാനായി സാധിക്കില്ല. പൊട്ടാസ്യം ക്ലോറൈഡാണ് ഉപ്പിന്റെ പ്രധാന ബദലായി സംഘടന ചൂണ്ടിക്കാട്ടുന്നത്. ഹൃദയാരോഗ്യത്തിനും രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും ഉത്തമമാണ് ഇത്. എന്നാല്‍ പൊട്ടാസ്യം ക്ളോറൈഡ് വൃക്കകള്‍ക്ക് ചെറിയ അസുഖമുള്ളവര്‍ക്കുപോലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
കടല്‍പായലുകളും നോറി, ഡല്‍സ് തുടങ്ങി സംസ്‌കരിച്ച കടല്‍പ്പായലുകളുമാണ് സോഡിയത്തിന്റെ അതിപ്രസരമില്ലാത്ത ഉപ്പ് . തൈറോയിഡ് സംബന്ധമായി മരുന്നുകൾ കഴിക്കുന്നവര്‍ ഉപയോഗത്തിന് മുമ്പായി വിദഗ്ദോപദേശം സ്വീകരിക്കണം. മഞ്ഞള്‍, ജീരകം എന്നിവ ഭക്ഷണത്തില്‍ അധികമായി ഉള്‍പ്പെടുത്തുന്നത് ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതിന് സഹായിക്കുന്നു. സാലഡുകള്‍ ഉണ്ടാക്കുമ്പോള്‍ ഉപ്പിന് പകരമായി വിനാഗിരിയോ നാരങ്ങാ നീരോ ഉപയോഗിക്കാം.അസിഡിറ്റി പ്രശ്നങ്ങള്‍ ഉള്ളവര്‍ അത് ഒഴിവാക്കണം.