Health

അന്തരീക്ഷമലിനീകരണം പ്രമേഹത്തിന് കാരണമാകും: പുതിയ വെളിപ്പെടുത്തല്‍

ദിവസവും നേരിട്ടും അല്ലാതെയും അന്തരീക്ഷമലിനീകരണം നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട് എന്ന് വിവിധ പഠനങ്ങളില്‍ വ്യക്തമാക്കുന്നു. അന്തരീക്ഷമലിനീകരണം ശ്വാസകോശ, ഹൃദയാഘാതത്തെക്കൂടാതെ പ്രമേഹത്തിനും ഇടയാക്കുന്നുവെന്നാണ് പുതിയ പഠനം. ഇന്ത്യയിലും ലോകമെമ്പാടും തന്നെ പ്രമേഹരോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതശൈലി, ജനിതക ഘടകങ്ങള്‍ കൂടാതെ പരിസ്ഥിതി ഘടകങ്ങളും നമ്മുടെ ആരോഗ്യത്തെ സ്വാധിനിക്കുന്നുണ്ട്.

ഇന്ത്യയില്‍ വീട്ടുമാറാത്ത രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായുള്ള പുതിയ പഠനമനുസരിച്ച് അന്തരീക്ഷത്തില്‍ നിന്ന് നമ്മള്‍ ശ്വസിക്കുന്ന പി.എം 2.5 കണികകള്‍ മുടിയിഴകളേക്കാള്‍ 30 മടങ്ങ് കനം കുറഞ്ഞവായാണ്. ഇവ രക്തത്തില്‍ പ്രവേശിച്ചാല്‍ നിരവധി രോഗങ്ങള്‍ക്ക് കാരണമാകും. ഡല്‍ഹിയിലും ചെന്നൈയിലും 1200 പേരില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ ആംബിയന്റ് പി.എം 2.5 വും ടൈപ്പ് 2 പ്രമേഹവും തമ്മിലുള്ള ബന്ധം കണ്ടെത്തി.ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളില്‍ 3 എണ്ണവും ഇന്ത്യയിലാണെന്ന് കണക്കുകള്‍ പറയുന്നു.

വായുമലിനീകരണം ശ്വാസകോശത്തെ മാത്രമല്ല ശരീരത്തിന്റെ എല്ലാ അവയവങ്ങളെയും ബാധിക്കും. മലിനമായ വായുശ്വാസത്തിലൂടെ നമ്മുടെ ശരീരത്തില്‍ പ്രവേശിച്ച ശേഷം അത് നമ്മുടെ രക്തത്തില്‍ വ്യാപിക്കുകയും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുകയും ചെയ്യുന്നു. ശ്വാസകോശത്തെയാണ് വായുമലിനീകരണം ഏറ്റവും സാധാരണയായി ബാധിക്കുന്നത്. ഹൃദയം, കണ്ണുകള്‍, തൊണ്ട, മസ്തിഷ്‌കം എന്നിവയെല്ലാം വായുമലിനീകരണത്തിന്റെ പ്രത്യേഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ഇത് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ഒന്നിലധികം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. തടയാന്‍ കഴിയുന്ന അകാല മരണങ്ങള്‍ക്കും മലിനീകാരണം കാരണമായേക്കാം.ഇപ്പോള്‍ പഠനങ്ങള്‍ തെളിയിക്കുന്നത് മലിനീകരണം പ്രമേഹത്തിന് കാരണമാകുമെന്നാണ്.

ചെന്നൈ-ഡല്‍ഹി എന്നിവടങ്ങളില്‍ നിന്ന് 12000-ലധികം പേര്‍ പങ്കെടുത്ത ഏറ്റവും പുതിയ പഠനം പറയുന്നത്, പ്രമേഹവും മലിനീകരണവും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. മലിനീകരണം എങ്ങനെയാണ് പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത് എന്ന് ഡോക്ടര്‍ വിശദീകരിക്കുന്നത് ഇങ്ങനെ.ഇന്‍സുലിന്‍ ഉത്പാദനത്തെ തന്നെ മലിനീകരണം ബാധിക്കുന്നു. അതായത് മലിനീകരണം പാന്‍ക്രിയാസിലെ ബീറ്റകോശങ്ങളുടെ നാശത്തിനോ ശോഷണത്തിനോ കാരണമാകുന്നു. ഇത് ഇന്‍സുലിന്‍ ഉത്പാദനം കുറഞ്ഞ് പ്രമേഹത്തിലേയ്ക്ക് നയിക്കുന്നു. ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദനം ഉണ്ടായാലും മലിനീകരണം ഇന്‍സുലിന്‍ പ്രതിരോധത്തിലേയ്ക്ക് നയിച്ചേക്കാം.

മലിനീകരണം രൂക്ഷമാകുമ്പോള്‍ പുറത്തിറങ്ങി വ്യായാമം ചെയ്യാന്‍ ആളുകള്‍ ഭയപ്പെടുന്നു. ഇത് അമിതവണ്ണത്തിനും ഇതുവഴി ജീവിതശൈലി രോഗമെന്ന നിലയില്‍ പ്രമേഹത്തിനും കാരണമാകുന്നു. നമുക്ക് കഴിയും വിധത്തില്‍ മലിനീകരണം കുറയ്ക്കാന്‍ ശ്രമിക്കുക എന്നാണ് നമുക്ക് പ്രയോഗികമായി ചെയ്യാന്‍ കഴിയുന്നത്. പൊതുഗതാഗതം കൂടുതല്‍ ഉപയോഗിക്കുന്നതിലൂടെ വാഹനമലിനീകരണം കുറയ്ക്കാന്‍ സാധിക്കും.