Celebrity Featured

മൃണാള്‍ ഠാക്കൂര്‍ തെലുങ്ക് നടനുമായി പ്രണയത്തില്‍? ഉടന്‍ വിവാഹിതയായേക്കുമെന്ന് റിപ്പോര്‍ട്ട്

നമ്മുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാരാമമാണ് മൃണാളിനി ഠാക്കൂറിനെ എ ലിസ്റ്റ് നായികമാരുടെ പട്ടികയിലേക്ക് ഉയര്‍ത്തിയത്. തെലുങ്കിലെ ഈ വന്‍ ഹിറ്റിന് ശേഷം നടിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സിനിമകള്‍ പോലെ തന്നെ ഗോസിപ്പിലും മുന്നിലുള്ള മൃണാള്‍ ഒരു തെലുങ്ക് നടനുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം കഴിക്കാന്‍ പദ്ധതിയിടുന്നുവെന്നുമാണ് ഏറ്റവും പുതിയ കേള്‍വി.

ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ നിര്‍മ്മാതാവ് അല്ലു അരവിന്ദും പിന്നാലെ ഒരു അഭിമുഖത്തില്‍ മൃണാളും നടത്തിയ പ്രസ്താവനകള്‍ കൂട്ടിച്ചേര്‍ത്താണ് ഇപ്പോള്‍ തെലുങ്ക് മാധ്യമങ്ങളുടെ ഈ സംസാരം. ‘സീതാ രാമം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് നടിക്ക് മികച്ച അഭിനേത്രിക്കുള്ള അവാര്‍ഡ് നല്‍കേണ്ടതായിരുന്നു. ‘അവര്‍ ഹൈദരാബാദില്‍ സ്ഥിരതാമസമാക്കണമെന്നാണ് എന്റെ ആഗ്രഹം’ അദ്ദേഹം സൂചിപ്പിച്ചു.

ഒരു പ്രത്യേക അഭിമുഖത്തില്‍ മൃണാളും തന്റെ വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വെളിപ്പെടുത്തി. അവള്‍ പറഞ്ഞു, ‘ ചുറ്റും ഒരുപാട് സന്തോഷകരമായ ദാമ്പത്യങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ ഒരുമിച്ചു ജീവിക്കാന്‍ ഉദ്ദേശിച്ചിരുന്നതുകൊണ്ടാണ് അങ്ങിനെ സംഭവിച്ചത്. അതുകൊണ്ട് ഞാനും വിവാഹത്തില്‍ വിശ്വസിക്കുന്നു. നമുക്കുവേണ്ടി ഉണ്ടാക്കിയ ആളെ വിവാഹം കഴിക്കാന്‍ നമ്മള്‍ ചിലപ്പോള്‍ സമ്മതിക്കേണ്ടിവരും. നിങ്ങള്‍ക്ക് 18, 20 വയസ്സുള്ളപ്പോള്‍, നിങ്ങളുടെ 30-കളിലോ 40-കളിലോ ചിലപ്പോള്‍ 50-കളിലോ 60-കളിലോ നിങ്ങള്‍ ഈ വ്യക്തിയെ കണ്ടുമുട്ടിയേക്കാം. വിവാഹത്തിന് അനുയോജ്യമായ പങ്കാളിയെ കണ്ടെത്തുന്നതിന് നിശ്ചിത പ്രായമില്ല.” മൃണാള്‍ പറഞ്ഞു. നിങ്ങള്‍ ശരിയായ വ്യക്തിയെ കണ്ടെത്തിയാല്‍, നിങ്ങള്‍ ഉടന്‍ തന്നെ വിവാഹം കഴിക്കണമെന്ന് അവര്‍ പറഞ്ഞു.

തെലുങ്കില്‍ വന്‍ വിജയം നേടിയ ‘അങ്ങു വൈകുണ്ഠപുരമലു’ അടക്കം അനേകം സൂപ്പര്‍ഹിറ്റുകള്‍ നിര്‍മ്മിച്ചയാളാണ് അല്ലു അരവിന്ദ്. അദ്ദേഹത്തിന്റെ മക്കളാണ് സൂപ്പര്‍താരം അല്ലു അര്‍ജുനും അല്ലു സിരീഷും. നടിയുടെ പേരിനോട് ബന്ധപ്പെടുത്തിയുള്ള നടന്റെ പേര് തെലുങ്ക് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും അല്ലു അര്‍ജുന്റെ അനുജന്‍ അല്ലു സിരീഷിലാണോ കണ്ണെന്ന് സംശയം ബാക്കിവെച്ചാണ് റിപ്പോര്‍ട്ടുകള്‍.

മൃണാള്‍ താക്കൂര്‍ ഇപ്പോള്‍ ‘ഹായ് നന്ന’, ‘ഫാമിലി സ്റ്റാര്‍’ തുടങ്ങിയ ചിത്രങ്ങളുടെ ഒരുക്കത്തിലാണ്. ‘മെയ്ഡ് ഇന്‍ ഹെവന്‍’ എന്ന വെബ് സീരീസിന്റെ രണ്ടാം സീസണിലാണ് മൃണാള്‍ ഠാക്കൂറിനെ ഏറ്റവും ഒടുവില്‍ കണ്ടത്. സോയ അക്തര്‍, റീമ കാഗ്ടി, അലംകൃത ശ്രീവാസ്തവ, നിത്യ മെഹ്റ, നീരജ് ഘയ്വാന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഷോയിലെ പ്രകടനത്തിന് അവര്‍ പ്രശംസിക്കപ്പെട്ടു. ഉമേഷ് ശുക്ല സംവിധാനം ചെയ്ത് നവംബര്‍ 3 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ‘ആംഖ് മിച്ചോളി’ എന്ന ചിത്രത്തിലാണ് മൃണാല്‍ അഭിനയിക്കുന്നത്.