പല കാരണങ്ങള്‍ കൊണ്ടും ആളുകള്‍ക്ക് കാല് വേദന ഉണ്ടാകാറുണ്ട്. കാല് വേദനയും കൈ വേദനയുമൊക്കെ പലപ്പോഴും രാത്രിയിലാണ് കലശലാകുന്നത്. പരിക്കുകളും ശാരീരിക ആഘാതവും ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങളായിരിയ്ക്കും കാല് വേദന ഉണ്ടാക്കുന്നത്. അമിത പ്രവര്‍ത്തനക്ഷമത, പോഷകക്കുറവ്, അസുഖകരമായ പാദരക്ഷകള്‍, സന്ധിവാതം, അമിതവണ്ണം, വാര്‍ദ്ധക്യം എന്നിവ മൂലം ഉണ്ടാകുന്ന അധ്വാനവും കാല് വേദനയ്ക്ക് കാരണമാകാറുണ്ട്. ചെറിയ വേദനകളൊക്കെ മാറ്റാന്‍ ചില വീട്ടുവൈദ്യങ്ങള്‍ ഫലപ്രദമാണ്. ചില വീട്ടുവൈദ്യങ്ങളും, ഒപ്പം ജീവിതശൈലിയില്‍ വരുത്താവുന്ന ചില മാറ്റങ്ങളും കാലിലെ വേദനയ്ക്ക് ആശ്വാസം ഉണ്ടാക്കും. ചെറിയ കാല് വേദനകള്‍ മാറാന്‍ ഇക്കാര്യങ്ങള്‍ നോക്കാവുന്നതാണ്……
- ആപ്പിള്‍ സിഡര്‍ വിനാഗിരി – കാലു വേദനയ്ക്ക് കാരണമാകുന്ന ഏതെങ്കിലും ബാക്ടീരിയകളെ അകറ്റാന്‍ സഹായിക്കുന്ന ഗുണങ്ങള്‍ ആപ്പിള്‍ സിഡര്‍ വിനാഗിരിയില്‍ (എസിവി) അടങ്ങിയിരിക്കുന്നു. അര കപ്പ് ആപ്പിള്‍ സിഡര്‍ വിനാഗിരി ചേര്‍ത്ത ചൂടുവെള്ളത്തില്‍ നിങ്ങളുടെ കാലുകള്‍ മുക്കിവയ്ക്കാം. നിങ്ങള്‍ക്ക് ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനാഗിരി കലര്‍ത്തി എല്ലാ ദിവസവും രാവിലെ കുടിക്കുകയും ചെയ്യാം.
- ചൂട് വെള്ളം – നിങ്ങളുടെ ഞരമ്പുകള്‍ ശരിയായി പ്രവര്‍ത്തിക്കാതെ രക്തയോട്ടം തടസ്സപ്പെടുമ്പോള്‍ സ്വാഭാവികമായും കാലുകള്‍ക്ക് വേദന അനുഭവപ്പെടാം. നിങ്ങളുടെ കാലുകള്‍ക്ക് ചൂടുവെള്ളം ഉപയോഗിക്കുന്നത് കാലുകളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും ക്ഷീണിച്ച പേശികളെ വിശ്രമിക്കാനും സഹായിക്കും. നിങ്ങള്‍ ചെയ്യേണ്ടത് ഒരു ടവല്‍ ചൂടുവെള്ളത്തില്‍ മുക്കി മുറിയിലെ താപനിലയില്‍ എത്തുന്നതുവരെ നിങ്ങളുടെ ക്ഷീണിച്ച കാലുകളില്‍ വച്ച് ചൂട് പിടിക്കുക എന്നതാണ്. ഇത് കുറച്ച് തവണ ആവര്‍ത്തിക്കുക.
- കോള്‍ഡ് തെറാപ്പി – രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും വേദനയ്ക്ക് കാരണമാകുന്ന വീക്കം, നീര്‍ക്കെട്ട് എന്നിവ കുറയ്ക്കുന്നതിനും ഇത് സാധാരണയായി ഉപയോഗിക്കുന്നു. പ്രശ്ന ബാധിത പ്രദേശത്ത് കുറച്ച് മിനിറ്റ് നേരം തണുത്ത തുണിയോ ഐസ് പായ്ക്കോ വച്ചതിനു ശേഷം നീക്കം ചെയ്യുക. ഇത് നാഡികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി കുറയ്ക്കും, ഇത് വേദന ഒഴിവാക്കും. ഇത് ചെയ്യുമ്പോള്‍ വേദനയുള്ള ഭാഗത്ത് നിങ്ങള്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്ന് ഉറപ്പാക്കുക.
- അവശ്യ എണ്ണകള്‍ – യൂക്കാലിപ്റ്റസ് എണ്ണ പേശികളുടെ വീക്കം, വേദന എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ, ഗ്രാമ്പൂ എണ്ണയില്‍ വീക്കം തടയുന്ന ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്, ഇത് ക്ഷീണം ഒഴിവാക്കുകയും കാലിലെ വേദനയില്‍ നിന്ന് മോചനം നല്‍കുകയും ചെയ്യും. ഈ അവശ്യ എണ്ണകളിലൊന്ന് ചൂടുവെള്ളത്തില്‍ ചേര്‍ത്ത്, നിങ്ങളുടെ കാലുകള്‍ അതില്‍ ഏകദേശം 15 മിനിറ്റ് നേരം മുക്കി വയ്ക്കുക. ശേഷം, നിങ്ങളുടെ കാലുകള്‍ വെറും വെള്ളത്തില്‍ കഴുകുക.
- വിറ്റാമിന്‍ ഡി ഭക്ഷണങ്ങള്‍ – ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് കുറയുന്നത് നിങ്ങളില്‍ പേശിവേദന ഉണ്ടാക്കുന്നു. വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് എല്ലുകളും പേശികളും ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും. വിറ്റാമിന്‍ ഡിയുടെ ഏറ്റവും മികച്ച ഉറവിടമാണ് സൂര്യപ്രകാശം. വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളില്‍ ചെമ്പല്ലി, മത്തി, ചുവന്ന മാംസം, മുട്ടയുടെ മഞ്ഞ, പ്രഭാതഭക്ഷണ ധാന്യങ്ങള്‍, കൂണ്‍, സോയ പാല്‍, ഓട്‌സ്, കോഡ് ലിവര്‍ ഓയില്‍ എന്നിവ ഉള്‍പ്പെടുന്നു.
- കര്‍പ്പൂര തുളസി ചായ – 4-5 മിനിറ്റ് നേരം ചൂടുവെള്ളത്തില്‍ കുറച്ച് പെപ്പര്‍മിന്റ് ടീ ബാഗുകള്‍ ഇടുക. ഇനി, ഈ ഹെര്‍ബല്‍ ടീ ചൂടുവെള്ളം നിറച്ച ബക്കറ്റിലേക്ക് ചേര്‍ത്ത് അതില്‍ കാലുകള്‍ മുക്കിവയ്ക്കുക. തല്‍ക്ഷണ ആശ്വാസം ലഭിക്കാന്‍ 15 മിനിറ്റ് നേരം ഇത് ചെയ്യുക. കര്‍പ്പൂര തുളസിക്ക് വേദന ഒഴിവാക്കുന്ന ഗുണങ്ങളുണ്ട്. അതിനാല്‍, ഇത് കാലിലെ വേദനയ്ക്ക് ഒരു മികച്ച ഒറ്റമൂലിയായി പ്രവര്‍ത്തിക്കുന്നു.
- ഇന്തുപ്പ് – ഒരു ടേബിള്‍ സ്പൂണ്‍ ഇന്തുപ്പും ബേക്കിംഗ് സോഡയും ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി കാലുകള്‍ 15 മിനിറ്റ് നേരെ അതില്‍ മുക്കി വയ്ക്കുക. ഇന്തുപ്പ് ശരീരത്തെ ദുഷിപ്പുകളില്‍ നിന്ന് മുക്തമാക്കുകയും പേശികള്‍ക്ക് വിശ്രമം പകരുകയും ചെയ്യുന്നു. മറുവശത്ത്, ബേക്കിംഗ് സോഡയില്‍ വീക്കം തടയുന്ന ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്, അത് ക്ഷീണം ലഘൂകരിക്കാന്‍ സഹായിക്കുന്നു.