ഇൻസ്റ്റഗ്രാമിൽ അത്യാവശ്യം ഫോളോവേഴ്സുള്ള വിദേശത്ത് ജോലി വാഗ്‌ദാനം നല്‍കി കോടികള്‍ തട്ടിയെടുത്ത കേസില്‍ അറസ്‌റ്റിലായ പത്തനംതിട്ട സ്വദേശിയായ ഡോക്ടർ കാർത്തിക പ്രദീപിന്റെ എം.ബി.ബി.എസ് ബിരുദം വ്യാജമെന്നു സൂചന. ടേക്ക് ഓഫ് ഓവര്‍സീസ് എജ്യുക്കേഷനല്‍ കണ്‍സല്‍റ്റന്‍സി ഉടമയാണ് കാര്‍ത്തിക .
ഇവര്‍ക്ക് എം.ബി.ബി.എസ് ബിരുദം ലഭിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്‌തത വരുത്തേണ്ടതുണ്ട് എന്നാണു സെന്‍ട്രല്‍ പോലീസിന്റെ നിലപാട്. യുക്രൈനില്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയെന്നു പറഞ്ഞാണു കാര്‍ത്തിക ഇരകളെ സമീപിച്ചിരുന്നത്. മലയാളിയായ സഹപാഠിയില്‍നിന്നു പണം തട്ടിയ കേസിനെ തുടര്‍ന്ന് യുക്രൈനിലെ പഠനം പൂര്‍ത്തിയാക്കാതെ മടങ്ങിയെന്ന വിവരം സെന്‍ട്രല്‍ പോലീസിനു ലഭിച്ചതായാണു സൂചന.
ഇതിനവിടെ പറ്റിച്ച് ജീവിക്കുന്നെങ്കില്‍ അത് തന്റെ മിടുക്കാണെന്നാണ് കാർത്തിക പറയുന്ന ഓഡിയോ പുറത്തുവന്നു. പറ്റിക്കാനായി നിങ്ങൾ നിന്ന് തരുന്നത് എന്തിനെന്നും കാർത്തിക ചോദിക്കുന്നു. ജോലിക്കായി പണം നല്‍കിയ ആള്‍ ആ തുക തിരികെ ആവശ്യപ്പെട്ടപ്പോഴായിരുന്നു കാര്‍ത്തികയുടെ വിചിത്രമായ മറുപടി.
ബ്രിട്ടനില്‍ ജോലി വാഗ്‌ദാനം ചെയ്‌തു തൃശൂര്‍ കാറളം വെള്ളാനി സ്വദേശിനിയില്‍നിന്ന് 5.23 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചെന്ന കേസിലാണു കാര്‍ത്തികയെ എറണാകുളം ടൗണ്‍ സെന്‍ട്രല്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്. സമാനമായ രീതിയില്‍ നൂറിലേറെ പേരെ വഞ്ചിച്ചു കോടികളുടെ തട്ടിപ്പു നടത്തിയതിന് സംസ്‌ഥാനത്തെ 10 ജില്ലകളിലെങ്കിലും പ്രതിക്കെതിരേ കേസുകള്‍ റജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ബ്രിട്ടന്‍, യുക്രൈന്‍, ഓസ്‌ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ ജോലി വാഗ്‌ദാനം ചെയ്‌താണു പണം തട്ടിയത്. വഴിയോരത്തെ ഫ്‌ളെക്‌സ് ബോര്‍ഡുകളില്‍ പരസ്യം നല്‍കിയും സമൂഹമാധ്യമങ്ങളിലൂടെയുമാണ് പ്രധാനമായും ഇരകളെ പ്രതി കണ്ടെത്തിയിരുന്നത്.