Health

മെഷീന്‍ കോഫി കുടിക്കാറുണ്ടോ? സൂക്ഷിക്കുക! പഠനം പറയുന്നത് ഇങ്ങനെ

രാവിലെയും വൈകിട്ടും ഒരു ചായ അല്ലെങ്കില്‍ കാപ്പി അധികം ആളുകള്‍ക്കും പതിവായിരിക്കും. ചിലര്‍ക്ക് കാപ്പി കുടിച്ചാല്‍ മാത്രമേ ഉന്മേഷം ലഭിക്കുവെന്നും പറയാറുണ്ട്. എന്നാല്‍ അധികം കോഫി ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

കോഫിയില്‍ കഫിന്‍ അടങ്ങിയിരിക്കുന്നു. അമിത അളവില്‍ ഇത് ശരീരത്തിലെത്തിയാല്‍ ഉത്കണ്ഠ, ഉറക്കമില്ലായ്മ, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് വരെ കാരണമാകാം. ചിലരില്‍ അസിഡിറ്റിയും കാണാറുണ്ട്. പ്രത്യേകിച്ചും മെഷീന്‍ കോഫി കുടിക്കുന്നവർക്ക്.

കോഫിയിലാവട്ടെ കൃത്രിമമായി മധുരം, പ്രസര്‍വേറ്റിവുകള്‍ തുടങ്ങി ദോഷകരമായ പല വസ്തുക്കളും ചേര്‍ക്കുന്നു. ഇത് പൊണ്ണത്തടി, പ്രമേഹം, കാന്‍സര്‍ പോലുള്ള രോഗത്തിലേക്ക് വഴിതെളിക്കാം.

സ്വീഡനിലെ ഉപ്‌സാല സര്‍വകലാശാലയും ചാല്‍മേഴ്‌സ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയും നടത്തിയ പഠനത്തില്‍ ഓഫീസുകളില്‍ ഉപയോഗിക്കുന്ന കോഫി മെഷിനുകളില്‍ സാധാരണ ഫില്‍ട്ടര്‍ കോഫിയെ അപേക്ഷിച്ച് കോളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്ന വസ്തുക്കള്‍ അധികമാണെന്ന് കണ്ടെത്തി.

കോഫിയില്‍ കണ്ട് വരുന്ന സംയുക്തങ്ങള്‍ മോശം കോളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്നു. ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍ ഹൃദ്രോഹത്തിനും പക്ഷാഘാതത്തിനും വരെ കാരണമാകുന്നു. മെഷീന്‍ കോഫിയിലെ ഡൈറ്റര്‍പീന്‍ എന്ന പദാര്‍ത്ഥമാണ് ഇത്തരത്തിലുള്ള കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നത്.

ഒരേ മെഷീനുകളില്‍ പോലും കാലങ്ങള്‍ കഴിയുമ്പോള്‍ ഡൈറ്റര്‍പീന്‍ അളവില്‍ മാറ്റമുണ്ടാകാം.എസ്‌പ്രെസോ , ഫ്രഞ്ച് പ്രസ്സ്, ജോലിസ്ഥലങ്ങളിലെ ബ്രൂവിംഗ് മെഷീനുകള്‍ എന്നിവയിലെല്ലാം ഈ പദാര്‍ത്ഥം അടങ്ങിയിരിക്കുന്നു.