Good News

മകള്‍ക്ക് സല്യൂട്ട് നല്‍കുന്ന പിതാവ്; ഇത് ഐഎഎസ് ഓഫീസറും സൂപ്രണ്ട് ഓഫ് പൊലീസും

ഹൈദരാബാദ്: സ്വന്തം മക്കൾ തങ്ങളേക്കാൾ മികച്ച ജോലി നേടണമെന്നത് ഏതൊരു രക്ഷിതാവിന്റേയും സ്വപ്നമാണ്, ആഗ്രഹമാണ്. ഇപ്പോള്‍ തെലങ്കാനയിൽ നിന്ന് പുറത്തുവരുന്നത് അങ്ങനെയൊരു സന്തോഷവാര്‍ത്തയാണ്. സ്വന്തം മകളുടെ നേട്ടംകൊണ്ട് അഭിമാനത്താല്‍ മനസുനിറയുന്ന ഒരു അച്ഛന്റെ വാർത്ത.

തെലങ്കാനയലെ സ്റ്റേറ്റ് പൊലീസ് അക്കാദമിയിലെ ഡെപ്യൂട്ടി ഡയറക്ടറായ സൂപ്രണ്ട് ഓഫ് പൊലീസ് എൻ വെങ്കരേശ്വരലുവാണ് ആ ഭാഗ്യവാനായ പിതാവ്. മകളാവട്ടെ, മൂന്നാം റാങ്കോടെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സ‍ർവ്വീസി (ഐഎഎസ്)ലേക്ക് എത്തിയ ഉമ ഹരതിയും.

ഐഎഎസ് ട്രെയിനിങ്ങിന്റെ ഭാഗമായി ഇപ്പോൾ തെലങ്കാനയിലാണ് ഉമ ഹരതി. ഒരു സെമിനാറിനായി ഹരതി തെലങ്കാന സ്റ്റേറ്റ് പൊലീസ് അക്കാദമിയിലെത്തിയപ്പോഴാണ് അപൂർവ്വമായ ആ നിമിഷമുണ്ടായത്. പിതാവ് വെങ്കരേശ്വരലു മകൾ ഹരതിയെ സല്യൂട്ട് ചെയ്തതാണ് ആ അത്യപൂർവ്വ നിമിഷം.

2022ലാണ് ഉമ ഹരതി സിവിൽ സ‍ർവ്വീസ് പരീക്ഷ വിജയിച്ചത്. മൂന്നാം റാങ്കായിരുന്നു ഹരതിക്ക്. പുറത്തുവരുന്ന വീഡിയോയിൽ വെങ്കടേശ്വരലു മകൾക്ക് പൂച്ചെണ്ട് നൽകുന്നുമുണ്ട്. പിന്നാലെ ഒരു ഗംഭീര സല്യൂട്ട്. ട്രെയിനിങ്ങിന്റെ ഭാ​ഗമായാണ് ഹരതി അക്കാദമിയിലെത്തിയത്. ഫാദേഴ്സ് ഡേയുടെ തലേദിവസം ജൂൺ 15നായിരുന്നു ഇത്. ഈ അച്ഛന്റേയും മകളുടേയും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.