ഇന്ത്യൻ ക്രിക്കറ്റ് താരം യഷ് ദയാൽ വിവാഹിതനായി. സാമൂഹിക മാധ്യമങ്ങളിലും ക്രിക്കറ്റ് ലോകത്തും വലിയ ചർച്ചയായിരിക്കുന്ന ഗുരുതരമായ ആരോപണങ്ങൾക്കിടയിലാണ് താരം രഹസ്യമായി വിവാഹം കഴിച്ചത്. ദീർഘകാല സുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശ്വേത പുണ്ടിറാണ് വധു. മറ്റ് ക്രിക്കറ്റ് താരങ്ങളെയൊന്നും പങ്കെടുപ്പിക്കാതെ, ഫെബ്രുവരി 4-ന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ട് വർഷത്തോളം വൈകാരികമായി ബ്ലാക്ക് മെയിൽ ചെയ്യുകയും ക്രിക്കറ്റ് കരിയർ വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും ചെയ്തു എന്ന ഗുരുതരമായ പോക്സോ കേസ് നിലനിൽക്കെയാണ് യഷ് ദയാലിന്റെ ഈ വിവാഹം എന്നത് പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഡൽഹി സ്വദേശിയായ ശ്വേത പുണ്ടിർ അറിയപ്പെടുന്ന ഒരു ഇൻഫ്ലുവൻസറും വ്ലോഗറുമാണ്. ഇൻസ്റ്റാഗ്രാമിൽ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇവർ ഇന്റർകോണ്ടിനെന്റൽ ലെജൻഡ്‌സ് ലീഗിൽ ബ്രോഡ്കാസ്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ജനുവരിയിൽ യഷ് ദയാലിന് മുൻകൂർ ജാമ്യം ലഭിച്ചപ്പോൾ, പ്രതിസന്ധികളെ മറികടന്ന് തിരിച്ചുവരുമെന്ന തരത്തിൽ ശ്വേത സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.
2025 ഐപിഎൽ ഫൈനലിന് ശേഷം യഷ് ദയാൽ മത്സരരംഗത്തുണ്ടായിരുന്നില്ല. തന്റെ വിവാഹത്തെക്കുറിച്ച് താരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ വരാനിരിക്കുന്ന 2026 ഐപിഎൽ സീസണിലും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) താരത്തെ നിലനിർത്തിയിട്ടുണ്ട്. അതേസമയം, താരത്തിനെതിരെയുള്ള ആരോപണങ്ങളിൽ ആർസിബി മാനേജ്‌മെന്റ് ഇതുവരെ മൗനം പാലിക്കുകയാണ്.




