Lifestyle

പാമ്പിന്റെ തലയുള്ള ബ്രെസ്റ്റ് പ്ലേറ്റുമായി ഭൂമി പഡ്നേക്കറിന്റെ ‘നാഗിന്‍’ ലുക്ക് ; വിമര്‍ശനവുമായി നെറ്റിസണ്‍സ്

വ്യത്യസ്തമായ ഔട്ട്ഫിറ്റുകള്‍ പരീക്ഷിയ്ക്കുന്ന ബോളിവുഡ് സുന്ദരിയാണ് ഭൂമി പഡ്‌നേക്കര്‍. അടുത്തിടെ ഒരു പരിപാടിയില്‍ പങ്കെടുത്ത താരത്തിന്റെ ഔട്ട്ഫിറ്റ് ട്രോളുകള്‍ക്ക് ഇടയാക്കിയിരിയ്ക്കുകയാണ്. വ്യത്യസ്ത രീതിയില്‍ സാരി ധരിച്ചാണ് താരം എത്തിയത്. എന്നാല്‍ സാരിയ്‌ക്കൊപ്പം അണിഞ്ഞിരുന്ന ഒരു മേല്‍വസ്ത്രമാണ് താരത്തെ ട്രോളുകള്‍ക്ക് ഇരയാക്കിയത്.

ഒരു നാഗിന്‍ ലുക്കിലാണ് താരം എത്തിയതെന്ന് പറയാം. റോ മാംഗോ ബ്രാന്‍ഡിന്റെ വെള്ള നിറത്തിലുള്ള സാരിയാണ് ഭൂമി ധരിച്ചത്. അവരുടെ തന്നെ ഏറ്റവും പുതിയ പ്രൊഡക്ടായ മേല്‍വസ്ത്രമാണ് സാരിയോടൊപ്പം ഭൂമി അണിഞ്ഞത്. ഇരുവശത്തും പാമ്പിന്റെ തലയുള്ള ബ്രെസ്റ്റ് പ്ലേറ്റാണ് ഭൂമി ഇതോടൊപ്പം ധരിച്ചത്. ഈ വസ്ത്രത്തെ കുറിച്ച് റോ മാംഗോ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ വിശദീകരണവും നല്‍കുന്നുണ്ട്.

ഗ്ലാസ് അല്ലെങ്കില്‍ പിച്ചള കൊണ്ട് നിര്‍മ്മിച്ച ഭൂത കവച പ്ലേറ്റ് എന്നാണ് ബ്രാന്‍ഡ് ഇതിനെ വിശേഷിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിലെ തെയ്യം നര്‍ത്തകരാണ് ഈ കവചവും ആഭരണങ്ങളും ധരിക്കുന്നതെന്നും റോ മാംഗോ കുറിയ്ക്കുന്നു. പരമ്പരാഗതമായി പിച്ചളയില്‍ വാര്‍ത്തെടുക്കുന്ന ‘ഭൂത’, സ്ഫടികത്തിലാണ് ഇവ നിര്‍മ്മിയ്ക്കുന്നതെന്നും ഇവര്‍ കുറിയ്ക്കുന്നു. ശിവന്റെ ആഭരണങ്ങളായ മൂര്‍ഖന്‍ പാമ്പുകളെയും ഇവയില്‍ വെച്ചിട്ടുണ്ട്.

എന്നാല്‍ ഭൂമിയുടെ ലുക്ക് ആരാധകരുടെ ഇടയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. അവളുടെ മുഖം കണ്ടാല്‍ ഈ പ്ലാസ്റ്റിക് വസ്ത്രത്തില്‍ അവള്‍ അസ്വസ്ഥയാണെന്ന് വ്യക്തമാകുമെന്നും ഒരു പക്ഷേ ബ്രാന്‍ഡിന്റെ നിര്‍ബന്ധം കൊണ്ടാവാം താരം ഇത് ധരിച്ചതെന്നാണ് ഒരു ആരാധകന്‍ കുറിയ്ക്കുന്നത്.  ”ആര്‍ക്കെങ്കിലും ഇവിടെ മികച്ച ഫാഷന്‍ ബോധമുണ്ടെങ്കില്‍, അവള്‍ എന്താണ് ധരിച്ചിരിക്കുന്നതെന്ന് ആരെങ്കിലും എന്നോട് വിശദീകരിക്കാമോ???’- എന്നാണ് മറ്റൊരാള്‍ കുറിച്ചിരിയ്ക്കുന്നത്.