Good News

‘ലെമണ്‍ വില്ലേജ്’; നാരകം നട്ടിടം നാടിനും വീടിനും തുണയായി, തരിശുഭൂമി ഇന്ന് സ്വര്‍ണ്ണത്തോട്ടം

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ്, മഹാരാഷ്ട്രയിലെ വരള്‍ച്ചാ ബാധിത ഗ്രാമമായ സോലാപൂരിലെ പോത്രേ ഗ്രാമം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. അപ്രതീക്ഷിത കാലാവസ്ഥയെ തുടര്‍ന്ന് തുടര്‍ച്ചയായി കൃഷിനാശം കാരണം ബാങ്കുകള്‍ കര്‍ഷകര്‍ക്ക് വായ്പ നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല. അയല്‍ ഗ്രാമത്തിലുള്ളവര്‍ തങ്ങളുടെ പെണ്‍മക്കളെ സോലാപൂരിലേക്ക് വിവാഹം ചെയ്തയയ്ക്കാന്‍ പോലും ഭയന്നിരുന്നു. എന്നാല്‍ ദുരിതത്തിനിടയില്‍ അസാധാരണമായ ഒരു കാര്‍ഷിക വിത്ത് ഗ്രാമത്തിന്റെ അന്ധകാരത്തില്‍ പരിവര്‍ത്തനത്തിന്റെ വിത്തുകള്‍ വിതച്ചു.

1980-കളുടെ തുടക്കത്തില്‍, പോത്രേയിലെ ദീര്‍ഘവീക്ഷണമുള്ള ഒരു കര്‍ഷകന്‍ ധീരമായ ഒരു ചുവടുവെപ്പ് നടത്തി. ഗ്രാമത്തില്‍ ആദ്യത്തെ നാരങ്ങാ തോട്ടം നട്ടുപിടിപ്പിച്ചു. ചെറുനാരങ്ങകള്‍ തഴച്ചുവളരാന്‍ വെള്ളം വളരെ കുറച്ചു മാത്രം മതിയായതിനാല്‍ പോത്രേ ഗ്രാമത്തിന്റെ വരണ്ട അവസ്ഥയ്ക്ക് നാരക കൃഷി തികച്ചും അനുയോജ്യമാണെന്ന് തെളിഞ്ഞു. വിളയുടെ പ്രതിരോധശേഷിയും വര്‍ഷം മുഴുവനുമുള്ള വിളവും ഇത് പിന്തുടരാന്‍ മറ്റുള്ളവരെ വേഗത്തില്‍ പ്രചോദിപ്പിച്ചു. അങ്ങിനെ നാരകം നട്ടിടം നാടിനും വീടിനും നന്നായി.

ഇന്ന്, പോത്രേ ഗ്രാമത്തിന്റെ 2,500 കൃഷിയോഗ്യമായ സ്ഥലങ്ങളില്‍ 750 ഏക്കറിലും നാരങ്ങകള്‍ തഴച്ചുവളരുന്നു. നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് സ്ഥിരവരുമാനം നല്‍കുകയും പ്രാദേശിക സമ്പദ്വ്യവസ്ഥയെ പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നു. ഒരുകാലത്ത് തരിശായി കിടന്ന ഭൂമിയില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത് നാരങ്ങയുടെ സ്വര്‍ണ്ണ നിറമാണ്. പോത്രേയുടെ വിജയഗാഥ അവിടെ മാത്രം ഒതുങ്ങിയില്ല. ആറ് അയല്‍ ഗ്രാമങ്ങള്‍ – കമോണ്‍, അര്‍ജപൂര്‍, രാവ്ഗാവ്, ഖംബേവാഡി, ധയാഖിണ്ടി, നിലജ് എന്നിവയും നാരങ്ങാ കൃഷി സ്വീകരിച്ചു.

നാരങ്ങാ ഗ്രാമത്തിനുണ്ടാക്കിയത് വലിയ മാറ്റമായിരുന്നു. മിക്കതും ഇപ്പോള്‍ നല്ല വീടുകളാണ്; ഇരുചക്ര നാലുചക്രവാഹനങ്ങളും വാതില്‍പ്പടിക്ക് പുറത്ത് നില്‍ക്കുന്നത് പുതിയ സാമ്പത്തിക സ്ഥിരതയെ പ്രതീകപ്പെടുത്തുന്നു. കരിമ്പ്, ഉള്ളി, പച്ചക്കറികള്‍ തുടങ്ങിയ വിളകള്‍ ഈ പ്രദേശത്ത് വളരെക്കാലമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും പരിമിതമായ ജലലഭ്യത എല്ലായ്‌പ്പോഴും ഒരു പ്രധാന തടസ്സമായിരുന്നു. നാരങ്ങ കൃഷി, സീതപ്പഴം, പേരക്ക തുടങ്ങി വരണ്ട ഭൂപ്രദേശത്തിന് സുസ്ഥിരമായ പരിഹാരമായി മാറിയിട്ടുണ്ട്.