രുചിയുള്ള ഭക്ഷണങ്ങള്‍ തേടി യാത്ര പോകാന്‍ ഒരു മടിയുമില്ലാത്ത ആളുകളാണ് നമുക്ക് ചുറ്റും. അതുകൊണ്ടു തന്നെ വൈവിധ്യമാര്‍ന്ന ഭക്ഷണ സാധനങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഭക്ഷണത്തിന്റെ സവിശേഷ രുചി മാത്രമല്ല അത് എങ്ങിനെ ആളുകളിലേക്ക് എത്തിക്കുന്നു എന്നതും പ്രധാനമാണ്. ഹോട്ടലിനെയും ആ ഭക്ഷണത്തെയും ശ്രദ്ധേയമാക്കുന്ന കാര്യവും അതുതന്നെ. ഇപ്പോള്‍ അത്തരമൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഒരു തെരുവ് ഭക്ഷണകേന്ദ്രം എന്നതിനേക്കാളേറെ – പാചക നൈപുണ്യവും വിനോദങ്ങളും ഒത്തുചേരുന്ന ഒരു സ്ഥലമാണ് ഇൻഡോറിലെ സരഫ ബസാർ. എന്നാല്‍ ഇപ്പോള്‍ അവിടെ ശ്രദ്ധേയമാകുന്നത് നമ്മുടെ ഇഷ്‍ട വിഭവമായ വടയാണ്. ഇത് ഒരു സാധാരണ വടയല്ല ‘പറക്കും ദഹി വട’. വിൽപ്പനക്കാരന്‍ നല്ല ചൂടുള്ള വടകൾ മുകളിലേയ്ക്ക് എറിഞ്ഞ് കൃത്യമായി അത് തിരിച്ച് പിടിക്കുന്നു.
സ്ട്രീറ്റ് ഫുഡ് ഇന്ത്യയില്‍ വളരെ ജനകീയമായ ഒന്നാണ്. ഭക്ഷണത്തിന്റെ രുചികൾ, വൈവിധ്യം, ഇവയെല്ലാണ് അതിനെ ജനപ്രിയമാക്കുന്നത്. എന്നാല്‍ മധ്യപ്രദേശിലെ തെരുവ് കച്ചവടത്തിന്റെ ഹൃദയഭാഗമായ ഇൻഡോറിലെ സരഫ ബസാറിലെ ഒരു പാചക കാഴ്ച 15 വർഷത്തിലേറെയായി ആളുകളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. അതാണ് ഓംപ്രകാശ് ജോഷിയുടെ പറക്കുന്ന ദഹി വട. ഒരു സാധാരണ വട കഴിക്കുംമ്പോഴുള്ള അനുഭവമല്ല ഇവിടെ നിന്നും ലഭിക്കുന്നത്. ഓംപ്രകാശ് ജോഷി ഒരു പാത്രത്തില്‍ വടയെടുത്തശേഷം മുകളിലേയ്ക്ക് എറിയുന്നു.
പിന്നീട് അത് കൃത്യമായി തിരിച്ച് കയ്യില്‍പ്പിടിച്ച്, തൈര് ഒഴിച്ച് വീണ്ടും മുകളിലേയ്ക്ക് എറിയുന്നു. ഇതാണ് പറക്കുന്ന വട അല്ലെങ്കില്‍ ഫ്ലൈങ് വട. ഇത് കഴിക്കാന്‍ നിരവധി ആളുകളാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്. 1965 മുതൽ ഈ പ്രശസ്തമായ ഭക്ഷണശാല നിലവിലുണ്ട്. അന്ന് 40 പൈസയ്ക്കായിരുന്നു ഒരു ദഹി വട ലഭിച്ചിരുന്നത്. ഇന്നിപ്പോള്‍ അത് 70 രൂപയായി മാറി.