ഇന്ത്യന്‍ സിനിമയില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച വര്‍ഷമായിരുന്നു 2024. നിരവധി ബിഗ് ബജറ്റ് സിനിമകള്‍ക്ക് കഴിഞ്ഞ വര്‍ഷം നമ്മള്‍ സാക്ഷ്യം വഹിച്ചു. 2025-ലും ഹിറ്റുകള്‍ ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സിനിമ വ്യവസായം. എസ്. ശങ്കര്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് ഈ കാറ്റഗറിയില്‍ എത്തുന്ന ആദ്യ ചിത്രം. 450 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ചിരിയ്ക്കുന്ന ഗെയിം ചേഞ്ചറാണ് ആരാധകര്‍ കാത്തിരിയ്ക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം.
ഈ ചിത്രത്തിലെ പാട്ടുകളുടെ നിര്‍മ്മാണത്തിന് തന്നെ വന്‍ തുക ചിലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ ഗാനങ്ങള്‍ ചിത്രീകരിക്കാന്‍ സംവിധായകന്‍ 75 കോടി ചെലവഴിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രാം ചരണും കിയാര അദ്വാനിയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഗെയിം ചേഞ്ചറില്‍ നാല് ഗാനങ്ങളാണ് ഉള്ളത്. ജരഗണ്ടി, രാ മച്ചാ മച്ചാ, നാനാ ഹൈരാനാ, ധോപ്പ് എന്നിവയാണ് ഈ ഗാനങ്ങള്‍. ഇത് ചിത്രീകരിയ്ക്കുന്നതിന് ഏകദേശം 75 കോടി രൂപയായി എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
പ്രഭുദേവ നൃത്തസംവിധാനം നിര്‍വഹിച്ച ജരഗണ്ടിയില്‍ 600 നര്‍ത്തകര്‍ ഉണ്ടായിരുന്നുവെന്ന് ടീം പറയുന്നു. ഗാനരംഗത്തിനായി ഒരു ഗ്രാമം മുഴുവനായി സെറ്റ് ഇടേണ്ടി വന്നു. പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് ഈ സെറ്റ് നിര്‍മ്മിച്ചത്. ഗണേഷ് ആചാര്യ കൊറിയോഗ്രാഫി ചെയ്ത മറ്റൊരു ഗാനമായ രാ മച്ചാ മച്ചായില്‍ 1000 നര്‍ത്തകരാണ് അണിനിരന്നത്. ഈ ഗാനം ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യത്തെ ആഘോഷിക്കുന്നതിന് പുറമെ നാടോടി നൃത്തത്തിനുള്ള ആദരവ് കൂടിയുമായാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. ഇന്‍ഫ്രാറെഡ് ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ഗാനമാണ് നാനാ ഹൈരാനായെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ന്യൂസിലന്‍ഡിലാണ് ഗാനം ചിത്രീകരിച്ചത്. ധോപ്പിനെ സംബന്ധിച്ചിടത്തോളം, ജാനി മാസ്റ്റര്‍ കൊറിയോഗ്രാഫി ചെയ്ത ഗാനം 100 റഷ്യന്‍ നര്‍ത്തകര്‍ അണിനിരക്കുകയും 8 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുകയും ചെയ്തു.
ജനുവരി 10 ന് റിലീസ് ചെയ്യുന്ന ഗെയിം ചേഞ്ചറില്‍ രാം ചരണ്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത്. രാം ചരണിനെ കൂടാതെ കിയാര അദ്വാനി, അഞ്ജലി, സമുദ്രക്കനി, എസ്.ജെ സൂര്യ, ശ്രീകാന്ത്, പ്രകാശ് രാജ്, സുനില്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രം ഹിന്ദിയിലും തമിഴിലും മൊഴിമാറ്റം ചെയ്ത് എത്തും.