ഇന്ത്യയുടെ കോഫി സംസ്കാരം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ദക്ഷിണേന്ത്യൻ ഫിൽട്ടർ കോഫികളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, നഗരങ്ങളിലും വളർന്നുവരുന്ന വിപണികളിലും പടരുകയാണ്. വ്യവസായ കണക്കുകൾ പ്രകാരം, 2024-ൽ ഏകദേശം 6.6 ബില്യൺ ഡോളർ മൂല്യമുള്ളതായിരുന്നു ഇന്ത്യൻ കോഫി വിപണി. വർദ്ധിച്ചുവരുന്ന ഉപഭോഗം, നഗര ജീവിതശൈലി, പ്രീമിയം ബ്രൂകളോടുള്ള താൽപ്പര്യം എന്നിവയുടെ ഫലമായി വരും ദശകത്തിൽ വിപണി ഇനിയും വളരുമെന്ന് പ്രതീക്ഷിക്കുന്നു.
പാരമ്പര്യ രീതികളും സ്പെഷ്യാലിറ്റി കോഫികളും ഒരുപോലെ സ്വീകരിക്കപ്പെടുന്നതിനാൽ ഇന്ത്യയിലെ ആഭ്യന്തര കോഫി ഉപഭോഗം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യക്കാരുടെ ഈ കടുപ്പമേറിയ (Extra-strong) കോഫിയോടുള്ള സ്നേഹത്തിന് പിന്നിലെ ശാസ്ത്രം പങ്കുവെക്കുകയാണ് കോണ്ടിനെന്റൽ കോഫിയുടെ സി.എം.ഒ ആയ രാജ ചക്രവർത്തി.
കോഫി എന്ന ‘അക്വയർഡ് ടേസ്റ്റ്’ (Acquired Taste)
കോഫി അടിസ്ഥാനപരമായി ശീലിച്ചെടുക്കുന്ന ഒരു രുചിയാണ്. ആ പ്രാരംഭ കയ്പ്പും, നമ്മെ ആകർഷിക്കുന്ന സുഗന്ധവും, ആദ്യത്തെ സിപ്പിന് ശേഷം അനുഭവപ്പെടുന്ന മാനസിക ഉന്മേഷവും ചേർന്നാണ് കോഫിയെ ഇത്ര അവിസ്മരണീയമാക്കുന്നത്. ഒരിക്കൽ നിങ്ങൾ കോഫി ഇഷ്ടപ്പെട്ടു തുടങ്ങിയാൽ, അത് നിങ്ങളോടൊപ്പം എന്നും നിലനിൽക്കും. സ്ഥിരമായി കുടിക്കുന്നവർക്ക് ഇത് കേവലം ഒരു പാനീയം എന്നതിലുപരി ഒരു ശീലമായി മാറുന്നു. രാവിലെ കുടിക്കുന്ന ഒരു കപ്പ് സ്ട്രോങ്ങ് കോഫി ആശ്വാസവും പരിചിതത്വവും നൽകുകയും കോഫി പ്രേമികൾക്കിടയിൽ ഒരു പ്രത്യേക ആത്മബന്ധം സൃഷ്ടിക്കുകയും ചെയ്യുന്നു.
രുചിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
കോഫിയുടെ രുചി എന്നത് ലളിതമായ ഒന്നല്ല. അത് വൈവിധ്യമാർന്ന ഘടകങ്ങളുടെ ഒരു സമന്വയമാണ്. റോസ്റ്റിംഗ് നിലവാരം, ഉപയോഗിക്കുന്ന ബീൻസിന്റെ തരം, കോഫിയും ചിക്കറിയും തമ്മിലുള്ള അനുപാതം, പൗഡർ രൂപമാണോ അതോ അഗ്ലോമറേറ്റഡ് (ഗ്രാന്യൂൾസ്) രൂപമാണോ എന്നത്, കൂടാതെ സ്‌പ്രേ ഡ്രൈഡ് (Spray Dried) അല്ലെങ്കിൽ ഫ്രീസ് ഡ്രൈഡ് (Freeze Dried) തുടങ്ങിയ നിർമ്മാണ രീതികൾ എന്നിവയെല്ലാം രുചി നിശ്ചയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
ചിക്കറിയുടെ സ്വാധീനം
ദക്ഷിണേന്ത്യൻ കോഫി സംസ്കാരത്തിന്റെ സവിശേഷതയാണ് കോഫിയിൽ ചിക്കറി ചേർക്കുന്നത്. ചിക്കറി കോഫിക്ക് കൂടുതൽ കടുപ്പവും കൊഴുപ്പും (Body and Thickness) നൽകുന്നു. ചിക്കറി ചേർക്കുമ്പോൾ കോഫി കൂടുതൽ ‘ബോൾഡ്’ ആയി അനുഭവപ്പെടുന്നു. എന്നാൽ ശുദ്ധമായ കോഫി ബീൻസ് ഉപയോഗിച്ചുണ്ടാക്കുന്ന പാനീയം കൂടുതൽ സുഗന്ധമുള്ളതും കട്ടി കുറഞ്ഞതുമായിരിക്കും.
റോബസ്റ്റ ബീൻസും ഡാർക്ക് റോസ്റ്റിംഗും
ഇന്ത്യയിലെ കടുപ്പമേറിയ കോഫി പ്രേമത്തിന് പിന്നിലെ മറ്റൊരു പ്രധാന ഘടകം റോബസ്റ്റ (Robusta) ബീൻസിന്റെ ഉപയോഗവും ഡാർക്ക് റോസ്റ്റിംഗുമാണ്. അറബിക്കയെ അപേക്ഷിച്ച് റോബസ്റ്റ ബീൻസിൽ കഫീന്റെ അളവ് കൂടുതലാണ്, കൂടാതെ ഇതിന് കടുപ്പമേറിയതും മണ്ണുമായുളള ഗന്ധമുള്ള (Earthy) രുചിയുമാണുള്ളത്. ഡാർക്ക് റോസ്റ്റിംഗ് ഈ ഗുണങ്ങളെ വർദ്ധിപ്പിക്കുകയും കുടിക്കുന്നവർക്ക് കൂടുതൽ കരുത്തുറ്റ അനുഭവം നൽകുകയും ചെയ്യുന്നു.
നിർമ്മാണ രീതിയും രൂപവും
ഇൻസ്റ്റന്റ് കോഫികളിൽ, ഫ്രീസ് ഡ്രൈഡ് കോഫിയേക്കാൾ തീവ്രമായ രുചി നൽകുന്നത് സ്‌പ്രേ ഡ്രൈഡ് രീതിയാണ്. അതുപോലെ, കോഫി തരികളുടെ (Granules) രൂപവും രുചിയെ ബാധിക്കും. അഗ്ലോമറേറ്റഡ് അഥവാ തരിരൂപത്തിലുള്ള കോഫി പാലിൽ വേഗത്തിലും തുല്യമായും ലയിക്കുകയും രുചി പൂർണ്ണമായി പുറത്തുവിടാൻ സഹായിക്കുകയും ചെയ്യുന്നു.
ചുരുക്കത്തിൽ, ഇന്ത്യക്കാരുടെ കടുപ്പമേറിയ കോഫിയോടുള്ള താൽപ്പര്യം യാദൃശ്ചികമല്ല. അത് പാരമ്പര്യം, ആചാരങ്ങൾ, ശാസ്ത്രീയമായ ഘടകങ്ങൾ എന്നിവയുടെ സംഗമമാണ്. പാൽ, പഞ്ചസാര എന്നിവയോടൊപ്പം ചേരുമ്പോഴും സ്വന്തം വ്യക്തിത്വം നിലനിർത്തുന്ന രുചികളെ ഇന്ത്യക്കാർ വിലമതിക്കുന്നു. അതുകൊണ്ടാണ് ഈ ‘ബോൾഡ് ടേസ്റ്റ്’ ഇന്നും ജനപ്രിയമായി തുടരുന്നത്.




