Movie News

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന വില്ലന്‍, ഒരു ചിത്രത്തിന് 150 കോടി രൂപ, ആരാണയാള്‍ ?

നായകന്മാര്‍ക്ക് വില്ലനേക്കാള്‍ പ്രാധാന്യവും ഉയര്‍ന്ന ഫീസും നല്‍കിയിരുന്ന കാലമുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍, വില്ലന്മാരും തുല്യ പ്രാധാന്യമുള്ള വേഷം ചെയ്യുന്നു. ചില സമയങ്ങളില്‍ നായകന്മാരേക്കാള്‍ പ്രകടനമാണ് വില്ലന്‍ വേഷങ്ങളില്‍ എത്തുന്ന താരങ്ങള്‍ കാഴ്ചവെയ്ക്കുന്നത്. മാമന്നന്‍ എന്ന ചിത്രത്തില്‍ വില്ലനായി എത്തിയ ഫഹദ് ഫാസില്‍ നായകന്‍ ഉദയനിധി സ്്റ്റാലിനേക്കാള്‍ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

പ്രതിഫലത്തിന്റെ കാര്യത്തില്‍ നായകന്മാര്‍ക്ക് തുല്യമായ തുക വില്ലന്മാരും ഈടാക്കാന്‍ തുടങ്ങിയിട്ടുണ്ട്. വില്ലന്‍ വേഷത്തിന് ഒരു ചിത്രത്തിന് 150 കോടി രൂപ നേടിയ ഒരു താരത്തിന്റെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. ഈ താരം സിനിമ മേഖലയില്‍ വലിയ ബ്ലോക്ബസ്റ്ററുകള്‍ സമ്മാനിച്ച നടന്‍ കൂടിയാണ്. മറ്റാരുമല്ല കെജിഎഫ് എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയ യാഷ് ആണ് ഈ നടന്‍. തന്റെ അടുത്ത ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിനായി താരം 150 കോടിയാണ് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിതേഷ് തിവാരിയുടെ വരാനിരിക്കുന്ന രാമായണത്തില്‍ രാവണന്റെ വേഷം ചെയ്യാന്‍ യാഷിനെയും രാമനായി രണ്‍ബീര്‍ കപൂറിനേയും സീതയായി തെന്നിന്ത്യന്‍ നടി സായ് പല്ലവിയെയുമാണ് കാസ്റ്റ് ചെയ്തിരിയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവണന്റെ വേഷം ചെയ്യാന്‍ യാഷ് 150 കോടിയാണ് വാങ്ങിയതെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സത്യമാണെങ്കില്‍ ഇന്ത്യയില്‍ വില്ലന്‍ വേഷത്തിനായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി യാഷ് മാറും.

നാഗ് അശ്വിന്റെ കല്‍ക്കി 2898 എഡിയില്‍ പ്രതിനായക വേഷം ചെയ്യാന്‍ 25 കോടി രൂപയാണ് കമല്‍ഹാസന്‍ വാങ്ങിയത്. ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിന് വിജയ് സേതുപതി 21 കോടി രൂപ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ആദിപുരുഷിന് 10 കോടി വാങ്ങിയ സെയ്ഫ് അലി ഖാന്‍, ടൈഗര്‍ 3 യ്ക്ക് ഇമ്രാന്‍ ഹാഷ്മി 10 കോടി, കെജിഎഫ് 2 ന് 9 കോടി രൂപ വാങ്ങിയ സഞ്ജയ് ദത്ത്, പുഷ്പ 2ന് 6 കോടി പ്രതിഫലം വാങ്ങിയ ഫഹദ് ഫാസില്‍ എന്നിവരാണ് വില്ലന്‍ വേഷങ്ങള്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങിയ മറ്റ് നടന്മാര്‍.

അതേസമയം, രാമായണത്തിന് പുറമെ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന കെജിഎഫ് 3യും യാഷിന്റെ പുതിയ പ്രൊജക്ടാണ്. 2025ല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് ഹോംബാലെ ഫിലിംസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് മാത്രമല്ല, 2025 ല്‍ പുറത്തിറങ്ങാനിരിക്കുന്ന ടോക്‌സിക് എന്ന ചിത്രത്തിലും യാഷ് അഭിനയിക്കും.