Sports

തുടര്‍ച്ചയായി മൂന്ന് ലോകകപ്പുകളില്‍ ഓസീസിനോട് തോറ്റു ; ക്രിക്കറ്റ് ആരാധകര്‍ കട്ടക്കലിപ്പില്‍

അണ്ടര്‍ 19 ലോകകപ്പ് കൂടി കൈവിട്ടതോടെ ഇന്ത്യയുടെ ക്രിക്കറ്റ് ആരാധകര്‍ ആകെ കലിപ്പിലാണ്. കലാശപ്പോരില്‍ ഇന്ത്യയ്ക്ക് കീഴടക്കാന്‍ കഴിയാത്ത കീറാമുട്ടിയായി ഓസ്‌ട്രേലിയ മാറിയത് ഇത് മുന്നാം തവണയായിരുന്നു. നേരത്തേ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ കീഴടങ്ങിയത് ഓസീസിനോടായിരുന്നു. തൊട്ടുപിന്നാലെ ഏകദിനലോകകപ്പ് ഫൈനലിലും ഇന്ത്യ ഓസീസിനോട് തോറ്റു.

ഞായറാഴ്ച വില്ലോമൂര്‍ പാര്‍ക്കില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലെ ഫൈനലില്‍ 79 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഓസീസ് നാലാമത്തെ കിരീടം നേടിയപ്പോള്‍ അണ്ടര്‍ 19 ഇന്ത്യന്‍ ടീം മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ഓസീസിനോട് തോറ്റ ചേട്ടന്മാരുടെ അതേ പാതയിലായി. വെറും മൂന്ന് മാസത്തിനുള്ളില്‍ ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് ഈ തോല്‍വി അടയാളപ്പെടുത്തിയത്.

കഴിഞ്ഞ നവംബറില്‍ 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ പാറ്റ് കമ്മിന്‍സിന്റെ ഓസ്ട്രേലിയയോട് സീനിയര്‍ പുരുഷ ടീം ആറ് വിക്കറ്റിന്റെ തോല്‍വി നേരിട്ടിരുന്നു. ലീഗ് ഘട്ടത്തിലെയും സെമിഫൈനലിലേതും ഉള്‍പ്പെടെ എല്ലാ മത്സരങ്ങളും ജയിച്ച് ഫൈനലില്‍ എത്തിയപ്പോഴാണ് ടീം വീണുപോയത്. സമാനഗതി തന്നെയായിരുന്നു അണ്ടര്‍ 19 ലോകകപ്പില്‍ അനിയന്മാരും ഓസ്‌ട്രേലിയയോട് തോറ്റുതുന്നംപാടി.

ഫൈനല്‍ ഒഴികെയുള്ള എല്ലാ മത്സരങ്ങളിലും വിജയിച്ചായിരുന്നു അണ്ടര്‍ 19 ലോകകപ്പ് ടീമും ഫൈനലില്‍ കടന്നത്. തോല്‍വിയെത്തുടര്‍ന്ന്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഓസ്ട്രേലിയന്‍ ടീമിനെ പ്രശംസിച്ചു, തിരിച്ചടിക്കിടയിലും സ്വന്തം ടീമിനോട് ആരാധന പ്രകടിപ്പിക്കുന്ന ഇന്ത്യന്‍ ആരാധകര്‍. 209 റണ്‍സിനായിരുന്നു ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസ് ഇന്ത്യയെ തോല്‍പ്പിച്ചത്.