Oddly News

ഇന്ത്യന്‍വിഭവങ്ങള്‍ ‘അഴുക്കു മസാലകള്‍’ ; സോഷ്യല്‍മീഡിയയില്‍ പുലിവാല്‍ പിടിച്ച് ഓസ്ട്രേലിയന്‍ യൂട്യൂബര്‍

ഇന്ത്യന്‍ വിഭവങ്ങളെ ‘അഴുക്കു മസാലകള്‍’ എന്ന് വിശേഷിപ്പിച്ച് ഓസ്ട്രേലിയന്‍ യൂ ട്യൂബര്‍ സോഷ്യല്‍മീഡിയയില്‍ പ്രതികരണങ്ങളുടെ കൊടുങ്കാറ്റ് ഏറ്റുവാങ്ങുന്നു. ഓസ്ട്രേലിയന്‍ യൂട്യൂബറും അനേകം ഫോളോവേഴ്സുമുള്ള ഡോ. സിഡ്നി വാട്സണാണ് ഇന്ത്യന്‍ ഭക്ഷണങ്ങളെ പരിഹസിച്ച് പുലിവാല്‍ പിടിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ ഭക്ഷണത്തിന്റെ ചരിത്രവും സാംസ്‌ക്കരികവുമായ പ്രാധാന്യം പ്രസ്താവിച്ചുകൊണ്ടുള്ള പ്രതികരണങ്ങളുടെ കുത്തൊഴുക്ക് തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.

”ഭൂമിയിലെ ഏറ്റവും മികച്ചത് ഇന്ത്യന്‍ ഭക്ഷണമാണ്, തര്‍ക്കത്തിനുണ്ടോ?” എന്ന് പറഞ്ഞുകൊണ്ട് ഒരു എക്സ് ഉപയോക്താവ് ഇന്ത്യന്‍ പാചകരീതിയെ പുകഴ്ത്തി ഒരു പോസ്റ്റ് ഷെയര്‍ ചെയ്തതാണ് വിവാദത്തിന് തുടക്കമിട്ടത്. വിവിധ കറികളുടെയും ചോറിന്റെയും കളര്‍ഫുള്‍ ഫോട്ടോയും പോസ്റ്റിനൊപ്പം ഉണ്ടായിരുന്നു. ഇന്ത്യന്‍ ഭക്ഷണം ആഘോഷിക്കാന്‍ ഉദ്ദേശിച്ചുള്ള പോസ്റ്റില്‍ ആദ്യം കയറിപ്പിടിച്ചത് സിഡ്‌നി വാട്‌സണായിരുന്നു ‘ അത് ശരിക്കും അങ്ങനെയല്ല’ എന്ന് പ്രതികരിച്ച അവര്‍ പിന്നാലെ ഇന്ത്യന്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്ന മസാലകളെക്കുറിച്ച് പരാതി പറഞ്ഞു.

”ഭക്ഷണം രുചികരമാകാന്‍ വേണ്ടി അഴുക്ക് മസാലകള്‍ നിറയ്ക്കാന്‍ നിങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍, നിങ്ങളുടെ ഭക്ഷണം നല്ലതല്ല.” വാട്സണ്‍ കൂട്ടിച്ചേര്‍ത്തു. ”എല്ലാം കത്തുന്നതുപോലെയാണ്. ഇത് ഇഷ്ടപ്പെടുന്ന ആളുകള്‍ മാസോക്കിസ്റ്റിക് ആണ്.” കമന്റും ഇട്ടു.

ഇതാകട്ടെ ഇന്ത്യന്‍ ഭക്ഷണപ്രിയന്മാരെ ചൊടിപ്പിച്ചു. പോസ്റ്റിന് കീഴില്‍ ഒരു ഉപയോക്താവ് സിഡ്നിക്ക് മറുപടിയുമായി എത്തി. ” സിഡ്‌നി, റോമാക്കാര്‍ ഇന്ത്യയില്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങള്‍ എത്രയധികം അളവില്‍ ഇറക്കുമതി ചെയ്തിരുന്നെന്ന് അറിയാമോ? ‘അമ്പത് ദശലക്ഷം സെസ്റ്റെര്‍സുകളുള്ള റോമന്‍ സാമ്രാജ്യം ഇന്ത്യയെ ചോര്‍ത്താത്ത ഒരു വര്‍ഷവും ഉണ്ടായിരുന്നില്ല. അതിന് കാരണം മിക്കവാറും അവരുടെ എല്ലാ ഭക്ഷണത്തിലും ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ നിറഞ്ഞിരുന്നു എന്നതാണ്.”
മറ്റൊരാള്‍ പരിഹസിച്ചു.

”നിങ്ങള്‍ക്ക് എരിവ് ഇഷ്ടമല്ലെങ്കില്‍ കുഴപ്പമില്ല, പക്ഷേ അപലപിക്കുന്നത് ഞങ്ങള്‍ വര വരയ്ക്കുന്നിടത്താണ്.” ”ഞങ്ങള്‍ ഞങ്ങളുടെ രുചികരമായ പലഹാരം ആസ്വദിക്കുമ്പോള്‍ നിങ്ങള്‍ വേവിച്ച ഉരുളക്കിഴങ്ങില്‍ ഒതുങ്ങുന്നു.” ഒരു കമന്റ് ഇങ്ങിനെയയായിരുന്നു. അതേസമയം ഈ വര്‍ഷത്തെ ‘ലോകത്തിലെ 100 മികച്ച വിഭവങ്ങളുടെ’ ടേസ്റ്റ് അറ്റ്‌ലസിന്റെ അഭിമാനകരമായ പട്ടികയില്‍ നാല് വിഭവങ്ങളുമായി ഇന്ത്യന്‍ പാചകരീതി ആഗോള വേദിയില്‍ അതിന്റെ മുദ്ര പതിപ്പിച്ചിരിക്കുകയാണ്. എക്കാലത്തും ജനപ്രിയമായ ബട്ടര്‍ ഗാര്‍ലിക് നാന്‍ ആണ് മുന്നില്‍, അത് ശ്രദ്ധേയമായ ഏഴാം സ്ഥാനം നേടി. തൊട്ടുപിന്നില്‍ 43-ല്‍ മുര്‍ഗ് മഖാനി (ബട്ടര്‍ ചിക്കന്‍), 47-ല്‍ ടിക്കി, 48-ല്‍ തന്തൂരി ചിക്കന്‍.