
ഒരു മുന്നറിയിപ്പുമില്ലാതെ മെറ്റാ തങ്ങളുടെ പേജുകള്‍ സസ്പെന്‍ഡ് ചെയ്തുവെന്നും ഇതിലൂടെ 10 വര്‍ഷത്തെ കഠിനാധ്വാനം ഒറ്റരാത്രി കൊണ്ട് ഇല്ലാതായെന്നും ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്റര്‍ ദമ്പതികള്‍. ‘ഹ്യൂമന്‍സ് ഓഫ് ബോംബെ’ (Humans of Bombay) എന്ന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ‘യുവര്‍ ഇന്ത്യന്‍ കണ്‍സ്യൂമര്‍’ (UIC) സ്ഥാപകനായ പ്രസാദ് വേദ്പഥക് തങ്ങള്‍ക്കുണ്ടായ ഈ ദുരനുഭവം വിവരിച്ചത്.
തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മെറ്റാ മുന്നറിയിപ്പില്ലാതെ സസ്പെന്‍ഡ് ചെയ്തെന്നും, ഇത് ഒരു പതിറ്റാണ്ടു കാലത്തെ അധ്വാനം ഇല്ലാതാക്കുകയും തങ്ങളുടെ ടീമിന്റെ ഉപജീവനത്തെ ഭീഷണിയിലാക്കുകയും ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു. ‘മെറ്റാ ഞങ്ങളുടെ UIC, Prasika എന്നീ പേജുകള്‍ സസ്പെന്‍ഡ് ചെയ്യുക മാത്രമല്ല ചെയ്തത്, 10 വര്‍ഷത്തെ അധ്വാനം ഒറ്റരാത്രി കൊണ്ട് തുടച്ചു നീക്കുകയാണ് ചെയ്തത്,’ പ്രസാദ് കുറിച്ചു. ‘കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനം’ (Community Guidelines violations) എന്നാണ് അറിയിപ്പില്‍ പറയുന്നതെങ്കിലും, എന്താണ് തെറ്റുപറ്റിയതെന്നോ ഏത് ഹാന്‍ഡിലിലൂടെയാണ് ലംഘനം ഉണ്ടായതെന്നോ വ്യക്തമാക്കിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014-ല്‍ ഒരു മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന പ്രസാദ്, ഉപഭോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ കണ്ടന്റുകള്‍ ചെയ്യാന്‍ ആരംഭിച്ചു. പാഷന് പ്രോജക്റ്റായി തുടങ്ങിയ ഇത് പിന്നീട് വലിയൊരു സംരംഭമായി മാറി. ഇതോടെ പ്രസാദിന്റെ ഭാര്യ ദീപിക തന്റെ സ്ഥിരമായ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് ഈ സംരംഭത്തില്‍ പങ്കാളിയായി. ടെക് റിവ്യൂകള്‍, ഫുഡ് വ്ലോഗുകള്‍, ഫാമിലി വ്ലോഗുകള്‍ എന്നിവയിലൂടെ ഇവര്‍ വലിയൊരു ആരാധകവൃന്ദത്തെ (Panchusena) കെട്ടിപ്പടുത്തു. കൂടാതെ ‘Zidd’ എന്ന പേരില്‍ ഒരു മര്‍ച്ചന്‍ഡൈസ് ബ്രാന്‍ഡും ഇവര്‍ക്കുണ്ട്.
ഇതാദ്യമായല്ല തങ്ങളുടെ സംരംഭത്തിന് തടസ്സങ്ങള്‍ നേരിടുന്നതെന്ന് പ്രസാദ് പറയുന്നു. 2020-ല്‍ ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചപ്പോള്‍, ഏകദേശം 5 കോടി രൂപയുടെ ബിസിനസ് ഒറ്റരാത്രികൊണ്ട് ഇവര്‍ക്ക് നഷ്ടമായിരുന്നു. എന്നാല്‍ അവിടെ നിന്ന് തളരാതെ ഇന്‍സ്റ്റാഗ്രാമിലേക്ക് മാറി ‘Prasika’ എന്ന പേരില്‍ വീണ്ടും വളരുകയും 9 ലക്ഷത്തിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കുകയും ചെയ്തു. ‘കഴിഞ്ഞ ആഴ്ച ചരിത്രം വീണ്ടും ആവര്‍ത്തിച്ചു,’ പ്രസാദ് എഴുതുന്നു.
ഇന്‍സ്റ്റാഗ്രാം പേജ് കേവലം ഒരു പ്രൊഫൈല്‍ മാത്രമല്ല, തങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗമാണെന്നും പ്രസാദ് പറയുന്നു. ‘ഞങ്ങള്‍ക്ക് 6 അംഗങ്ങളുള്ള ഒരു ടീമുണ്ട്. അവരുടെ ശമ്പളവും കുടുംബത്തിന്റെ സുരക്ഷിതത്വവും ഈ പ്ലാറ്റ്ഫോമിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. സ്വന്തം വീട് തകര്‍ക്കപ്പെടുന്നത് നോക്കി നില്ക്കുന്ന അവസ്ഥയാണിത്. ‘തങ്ങളുടെ കേസ് പുനഃപരിശോധിക്കണമെന്ന് ദമ്പതികള്‍ മെറ്റയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തങ്ങളുടെ ടീമിനെ സംരക്ഷിക്കാനും ‘ആംചി മാനസ്’ (Aamchi Manas) എന്ന് വിളിക്കുന്ന തങ്ങളുടെ ഓണ്‍ലൈന്‍ കുടുംബവുമായി വീണ്ടും ബന്ധപ്പെടാനും അവസരം നല്‍കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.



