രണ്ടു ലോകകപ്പ് ഫൈനലുകള്‍ക്ക് ശേഷം വിശ്രമം നല്‍കിയിരിക്കുന്ന ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറ തിരിച്ചുകൊണ്ടുവരാന്‍ നോക്കുകയാണ് ഇന്ത്യന്‍ മാനേജ്മെന്റ്. ഈ വര്‍ഷം അവസാനം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ ജസ്പ്രീത് ബുംറ ടീമില്‍ തിരിച്ചെത്തും. സമീപകാലത്ത് ലോകത്ത് തന്നെ ഏറ്റവും മികച്ച വൈറ്റ്ബോള്‍ ബൗളറായ ബുംറെ ഇന്ത്യന്‍ ബൗളിംഗ് നിരയിലെ ഏറ്റവും അപകടകാരിയാണ്.
വിരാട് കോഹ്ലിയെപ്പോലെ തന്നെ ഇന്ത്യന്‍ ടീമിലെ ഏറ്റവും മൂല്യമേറിയ ബൗളറായ ബുംറേ പക്ഷേ ഇന്ത്യയ്ക്ക് ബാദ്ധ്യതയാകുന്നത് തുടര്‍ച്ചയായി അദ്ദേഹത്തിന് ഏല്ക്കുന്ന പരിക്കാണ്. 2018-ല്‍ തള്ളവിരലിനേറ്റ പരിക്ക്, 2019-ല്‍ ലോവര്‍-ബാക്ക് സ്ട്രെസ് ഫ്രാക്ചര്‍, 2021-ല്‍ വയറുവേദന, 2022-ല്‍ നീണ്ട നടുവേദന എന്നിങ്ങനെ ഏഴു വര്‍ഷത്തിനിടയില്‍ പലതവണയാണ് ബുംറെ പരിക്കേറ്റ് കരയ്ക്കിരുന്നത്. ജോലിഭാരവും അദ്ദേഹത്തിന്റെ അസാധാരണമായ ബൗളിംഗ് ആക്ഷനുമാണ് സ്ഥിരമായി പരിക്കേല്‍ക്കുന്നതിന് കാരണമായി പരിഗണിക്കുന്നത്.
അതുകൊണ്ടു തന്നെ ക്രിക്കറ്റില്‍ മികവ് പുലര്‍ത്തുന്ന ബൗളര്‍മാരുടെ പ്രതിരൂപമായ ബുംറ ‘ഹാന്‍ഡില്‍ വിത്ത് കെയര്‍’ ടാഗിലാണ് വരുന്നത്. ബുമ്രയുടെ ജോലിഭാരം അതീവ ശ്രദ്ധയോടെയാണ് ബിസിസിഐ കൈകാര്യം ചെയ്യുന്നത്. 2024 ലെ ടി20 ലോകകപ്പിലെ ഒരു നീണ്ട ഇടവേളയ്ക്കും അതിശയിപ്പിക്കുന്ന പ്രകടനത്തിനും ശേഷം, ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു.
ബംഗ്ലാദേശിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയുടെ അടുത്ത ചുമതല. ബംഗ്ലാ കടുവകള്‍ക്കെതിരായ ആ രണ്ട് മത്സരങ്ങളിലും ബുംറ ഇടം പിടിച്ചേക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇന്ത്യ-ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ ബുംറയെ അഴിച്ചുവിടണോ അതോ ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ ബിസിസിഐ പരിഗണിക്കും. 2024-ലെ ടി20 ലോകകപ്പിന് ശേഷം ബുംറ ഒരു പ്രൊഫഷണല്‍ ക്രിക്കറ്റും കളിച്ചിട്ടില്ല.
