Featured Sports

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി രവീന്ദ്രജഡേജ ; 1000 റണ്‍സും 100 വിക്കറ്റും

ഇംഗ്‌ളണ്ടിനെതിരേയുള്ള പരമ്പരയിലെ നാലാം മത്സരത്തില അഞ്ചുവിക്കറ്റും 16 റണ്‍സും എടുത്തതോടെ ചരിത്രമെഴുതി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. റാഞ്ചിയിലെ ജെഎസ് സി എ അന്താരാഷ്ട്ര സ്‌റ്റേഡിയം കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ താരം അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജഡേജയുടെ അക്കൗണ്ടില്‍ ലോകടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 100 വിക്കറ്റുകള്‍ ആയിരിക്കുകയാണ്. ഇതോടെ 100 വിക്കറ്റുകളും 1000 റണ്‍സും സ്‌കോര്‍ ചെയ്ത ആദ്യ താരമായിട്ടാണ് ജഡേജ മാറിയിരിക്കുന്നത്.

ആദ്യ ഇന്നിംഗ്‌സില്‍ 12 റണ്‍സ് സ്‌കോര്‍ ചെയ്ത ജഡേജ രണ്ടാം ഇന്നിംഗ്‌സില്‍ നാലു റണ്‍സും നേടി. അതുപോലെ തന്നെ ആദ്യ ഇന്നിംഗ്‌സില്‍ നാലുവിക്കറ്റ് വീഴ്ത്തിയ താരം രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റും നേടി. ഇന്ത്യയ്ക്ക് വേണ്ടി ഇതിനകം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 30 മത്സരം പൂര്‍ത്തിയാക്കിയ ജഡേജ 1536 റണ്‍സ് പേരിലാക്കിയിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ ടീമില്‍ ജഡേജയുടെ ഏറ്റവും വലിയ എതിരാളിയായ രവിചന്ദ്രന്‍ അശ്വിനും സമാന നേട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനകം 34 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് മത്സരം കളിച്ച അശ്വിന് 165 വിക്കറ്റും 948 റണ്‍സും ആയിരിക്കുകയാണ്. പരമ്പരയില്‍ ബാക്കിയുള്ള അവസാന മത്സരത്തില്‍ കളിച്ചാല്‍ അശ്വിന്‍ ഈ നേട്ടത്തില്‍ രണ്ടാമനാകും.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ചരിത്രത്തില്‍ 100 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ളത് 10 ബൗളര്‍മാരാണ്. ഇന്ത്യയില്‍ നിന്നും ജഡേജ, അശ്വിന്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഈ പട്ടികയിലുണ്ട്. മൂന്ന് പേര്‍ ഓസ്‌ട്രേലിയക്കാരാണ്. നതാന്‍ ലിയോണ്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍. മറ്റു നാലുപേരില്‍ ഇംഗ്‌ളണ്ടില്‍ നിന്നും ജയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രാഡും പട്ടികയിലുണ്ട്. ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാഡ, ന്യൂസിലന്റിന്റെ ടെസ്റ്റ് നായകന്‍ ടിം സൗത്തി എന്നിവരാണ് മറ്റു രണ്ടുപേര്‍. ഇന്ത്യയൂം ഇംഗ്‌ളണ്ടും തമ്മിലുള്ള പരമ്പരയിലെ അഞ്ചാമത്തെ മത്സരം വ്യാഴാഴ്ച ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ ധര്‍മ്മശാലയിലെ സ്‌റ്റേഡിയത്തിലാണ് നടക്കുക. പരമ്പരയില്‍ ഇന്ത്യ 3-1 ന് മുന്നിലാണ്.