Movie News

മുഴുവന്‍ കുറ്റവും ഒരാളുടെ ചുമലില്‍ വയ്ക്കുന്നത് അന്യായമാണ് ; ‘ഇന്ത്യന്‍ 2’ ന്റെ പരാജയത്തെ കുറിച്ച് പ്രിയ ഭവാനി ശങ്കര്‍

കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ‘ഇന്ത്യന്‍ 2’ ന്റെ പരാജയത്തെ തുടര്‍ന്ന് തനിക്ക് ലഭിച്ച ട്രോളുകളെ കുറിച്ച് തുറന്നു പറഞ്ഞ് നടി പ്രിയ ഭവാനി ശങ്കര്‍. ആരതി തങ്കവേല്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പ്രിയ എത്തിയത്. സിനിമയുടെ പരാജയത്തില്‍ ചിലര്‍ തന്നെ കുറ്റപ്പെടുത്തിയെന്നും പ്രിയ ഗലാറ്റ പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. കടുത്ത വിമര്‍ശനങ്ങളും ഓണ്‍ലൈന്‍ ഭീഷണികളും നിരന്തരം ഉണ്ടായിരുന്നുവെന്നും ഇത് തന്നെ ബാധിച്ചുവെന്നും പ്രിയ വ്യക്തമാക്കി.

ഒരു സിനിമയുടെ വിജയമോ പരാജയമോ പ്രവചിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും മുഴുവന്‍ കുറ്റവും ഒരാളുടെ ചുമലില്‍ വയ്ക്കുന്നത് തികച്ചും അന്യായമാണെന്നും പ്രിയ വ്യക്തമാക്കി. ‘ഇന്ത്യന്‍ 2വില്‍ കരാര്‍ ഒപ്പിട്ടതിനു ശേഷം എനിക്കു വലിയ ഓഫറുകള്‍ വന്നിരുന്നു. എന്റെ കരിയറില്‍ ഞാന്‍ ഒപ്പിട്ട ആദ്യത്തെ വലിയ ചിത്രമായിരുന്നു അത്. തീര്‍ച്ചയായും ‘കടൈക്കുട്ടി സിങ്കം’ വലിയ ഹിറ്റായിരുന്നു. അന്ന് എനിക്ക് സിനിമയെ കുറിച്ച് അറിയില്ലായിരുന്നു. സംവിധായകന്‍ പാണ്ഡിരാജ് എനിക്ക് അത് ഓഫര്‍ ചെയ്തതില്‍ സന്തോഷമുണ്ട്. നിര്‍ഭാഗ്യവശാല്‍, നിങ്ങള്‍ വലിയ സിനിമകളുടെ ഭാഗമാണെങ്കില്‍ മാത്രമേ നിങ്ങളെ തേടി പുതിയ പുതിയ സിനിമകള്‍ വരുകയുള്ളൂ. വലിയ സിനിമയാണെങ്കില്‍ തന്നെ എന്റെ കഥാപാത്രത്തിന് കഥയില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്നാണ് നോക്കുക. നായകനൊപ്പം ഡ്യുവറ്റ് പാടുന്ന നായികയേക്കാള്‍ കഥയില്‍ എന്റെ സ്‌പേസ് എന്താണെന്നേ ഞാന്‍ നോക്കൂ.

ഒരു സിനിമ പരാജയപ്പെടുമ്പോള്‍ അതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും അതിന്റെ പ്രത്യാഘാതം സംഭവിക്കും. സിനിമ വിജയിക്കണം എന്ന ലക്ഷ്യത്തോടെയാണ് എല്ലാ സാങ്കേതിക വിദഗ്ധരും കഠിനാധ്വാനം ചെയ്യുന്നത്. ഒരു സിനിമ പരാജയപ്പെടുമ്പോള്‍ അതില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും വലിയ നിരാശയാണ്. നിങ്ങള്‍ എത്ര വലിയ താരമായാലും അത് വലിയ നിരാശയാണ്. നിര്‍മാതാവിനു മാത്രമല്ല, നമ്മുടെയും എത്രത്തോളം സമയവും പ്രതീക്ഷകളുമാണ് നഷ്ടമാകുന്നത്. ഈ സിനിമയുടെ വിധി അറിഞ്ഞ ശേഷവും ഇന്ത്യന്‍ 2 ഓഫര്‍ വന്നാല്‍ ഇനിയും ഞാന്‍ സ്വീകരിക്കും. ഇന്ത്യന്‍ 2 റിലീസിനുശേഷം ആളുകള്‍ എന്നെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അതെന്നെ തീര്‍ച്ചയായും വേദനിപ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ ടൈം ട്രാവല്‍ നടത്തി പുറകോട്ട് പോയാലും ഇന്ത്യന്‍ 2 ഓഫര്‍ നിരസിക്കില്ല. എന്നെ സംബന്ധിച്ചടത്തോളം അത് വലിയ അവസരമായിരുന്നു. ഈ ഇന്‍ഡസ്ട്രിയിലെ ഏതെങ്കിലും നായിക ഒരു കമല്‍ഹാസന്‍-ശങ്കര്‍ ചിത്രം നിരസിക്കുമോ? അതൊരു വലിയ സ്‌ക്രീന്‍ സ്‌പെയ്‌സ് ആണ്. കമല്‍ഹാസന്‍ സര്‍ തിരഞ്ഞെടുത്തൊരു തിരക്കഥ, സംവിധാനം ശങ്കര്‍. അവിടെ എന്തിനാണ് ഞാന്‍ കൂടുതല്‍ സംശയിക്കുന്നത്. ഞാന്‍ തീര്‍ച്ചയായും ചെയ്യും. ആ സിനിമ ചെയ്തതില്‍ എനിക്കൊരു നിരാശയുമില്ല. എല്ലാ സിനിമകളുടെയും വിധി ഒന്നായിരിക്കല്ലല്ലോ? പ്രേക്ഷകരെ നിരാപ്പെടുത്തിയതില്‍ സങ്കടമുണ്ട്.” – പ്രിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.