ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള വനിതാ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടം ഇന്നു നടക്കും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം. എല്ലാ മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തു വാരുകയെന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ ഇറങ്ങുക. നാല് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കി. തുടര്‍ച്ചയായ നാല് തോല്‍വികളില്‍ പതറുന്ന ശ്രീലങ്കയ്ക്ക് ആശ്വാസ ജയത്തിനായുള്ള പോരാട്ടമാണ്.
ബാറ്റിങ്ങിലും ബൗളിങ്ങിലും സമാനതകളില്ലാത്ത ആധിപത്യമാണ് ഇന്ത്യ പുലര്‍ത്തുന്നത്. ഓപ്പണര്‍ ഷഫാലി വര്‍മ്മയുടെ മിന്നും ഫോമാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ല്. പരമ്പരയില്‍ ഇതിനകം തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ചുറികളടിച്ച താരം ഇന്നും കരുത്ത് കാട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സൂപ്പര്‍ താരം സ്മൃതി മന്ദാന ഫോമിലേക്ക് തിരിച്ചെത്തിയതും മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റര്‍ റിച്ച ഘോഷിന്റെ സാന്നിധ്യവും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ പടുകൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ ലങ്കന്‍ വനിതകള്‍ക്ക് സാധിച്ചില്ല.
ഇന്ത്യയുടെ ദീപ്തി ശര്‍മ, രേണുക താക്കൂര്‍, അരുന്ധതി റെഡ്ഢി എന്നിവരടങ്ങിയ ബൗളിംഗ് നിരയെ അതിജീവിക്കുന്നതു ലങ്കയ്ക്ക് കടുത്ത വെല്ലുവിളിയാകും. നായിക ചാമരി അട്ടപ്പട്ടുവിന്റെ പോരാട്ടവീര്യം മാത്രമാണ് നിലവില്‍ ലങ്കന്‍ നിരയ്ക്ക് ആശ്വസിക്കാനുള്ള വക. കാര്യവട്ടത്ത് നടക്കുന്ന മൂന്നാമത്തെ മത്സരം കൂടിയാണിത്. സമ്പൂര്‍ണ ജയം തേടി ഇന്ത്യയും ആശ്വാസ ജയത്തിന് ലങ്കയും ഇറങ്ങുമ്പോള്‍ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം ആവേശകരമായ ഒരു പോരാട്ടത്തിനു സാക്ഷ്യം വഹിക്കും.
രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍ തികയ്ക്കുന്ന വനിതാ താരമെന്ന നേട്ടം സ്മൃതി മന്ദാന ഗ്രീന്‍ഫീല്‍ഡിലെ മത്സരത്തില്‍ സ്വന്തമാക്കിയത്. നാലാം ട്വന്റി20 യില്‍ 27 റണ്‍ നേടിയതോടെയാണ് മന്ദാന റെക്കോഡ് കുറിച്ചത്. ഇന്ത്യയുടെ മുന്‍ നായിക മിതാലി രാജിനെ മറികടന്നാണ് മന്ദാനയുടെ നേട്ടം.
291 ഇന്നിങ്‌സുകളില്‍ നിന്നാണ് മിതാലി രാജ് 10,000 റണ്‍ തികച്ചത്. മന്ദാന 281 ഇന്നിങ്‌സുകളിലായി 10,000 റണ്ണിലെത്തി. രാജ്യാന്തര ക്രിക്കറ്റില്‍ 10,000 റണ്‍ തികയ്ക്കുന്ന നാലാമത്തെ വനിതാ താരമാണ് മന്ദാന. 333 ഇന്നിങ്‌സുകളില്‍ നിന്ന് 10,868 റണ്ണെടുത്ത മിതാലിയാണ് റണ്‍ വേട്ടക്കാരികളില്‍ ഒന്നാമത്. നാലാം ട്വന്റി20 യില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ രണ്ട് വിക്കറ്റിന് 221 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. അതോടെ ഇന്ത്യ 30 റണ്ണിന്റെ ജയമറിഞ്ഞു. വനിതകളുടെ ട്വന്റി20 യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2024 ല്‍ നവി മുംബൈയില്‍ വെസ്റ്റിന്‍ഡീസിനെതിരേ കുറിച്ച നാലിന് 217 റണ്ണിന്റെ റെക്കോഡാണു പഴങ്കഥയായത്. നാലാം തവണയാണ് വനിതകള്‍ ട്വന്റി20 യില്‍ 200 കടക്കുന്നത്. ടോസ് നേടിയ ലങ്കന്‍ നായിക ചാമരി അട്ടപ്പാട്ടു ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. മികവിലേക്കുയര്‍ന്ന സ്റ്റാര്‍ ഓപ്പണര്‍ സ്മൃതി മന്ദാന (48 പന്തില്‍ മൂന്ന് സിക്‌സറും 11 ഫോറുമടക്കം 80), ഷഫാലി വര്‍മ (46 പന്തില്‍ ഒരു സിക്‌സറും 12 ഫോറുമടക്കം 79) എന്നിവരാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.




