ഇറാനിലെ യുഎസ്-ഇസ്രായേൽ സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടാകുമെന്ന വിവാദ പ്രവചനവുമായി ജ്യോതിഷി ആചാര്യ റീന ശർമ്മ രംഗത്തെത്തി. വേദ ജ്യോതിഷിയും വാസ്തു വിദഗ്ദ്ധയുമാണെന്ന് അവകാശപ്പെടുന്ന ഇവരുടെ പ്രവചനപ്രകാരം 2026 മാർച്ച് 21-ന് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്നാണ് വാദം.
നിലവിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയിൽ, ഇറാൻ സംഘർഷങ്ങൾക്ക് പിന്നാലെ പാകിസ്ഥാന്റെ ഊഴമാണെന്നും റംസാൻ കഴിഞ്ഞ് നവരാത്രി ആരംഭിക്കുന്നതോടെ യുദ്ധം തുടങ്ങുമെന്നും ഇവർ പറയുന്നു. ഇതിന്റെ മുന്നൊരുക്കമായി മരുന്നും ഭക്ഷണവും പണവും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ഒരു മാസത്തേക്ക് കരുതിവെക്കണമെന്നും റീന കാഴ്ചക്കാരെ ഉപദേശിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാജ്യത്തിന്റെയും ഗ്രഹനിലകൾ പരിശോധിച്ചാണ് താൻ ഇത്തരമൊരു നിഗമനത്തിൽ എത്തിയതെന്നാണ് റീനയുടെ അവകാശവാദം. അർദ്ധരാത്രിയിൽ ആരംഭിക്കുന്ന നീക്കങ്ങളിലൂടെ അതിർത്തികൾ മാറ്റിയെഴുതപ്പെടുമെന്നും ഇവർ പറയുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ ഇവർക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
പ്രശസ്തിക്ക് വേണ്ടി ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്ന ഇത്തരം അസംബന്ധങ്ങൾ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്നാണ് ഭൂരിഭാഗം പേരുടെയും ആവശ്യം. നെഗറ്റീവ് വാർത്തകൾക്ക് പകരം ക്രിയാത്മകമായ കാര്യങ്ങൾ പങ്കുവെക്കണമെന്നും യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും നിരവധി ആളുകൾ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്.
അതേസമയം, ഇന്ത്യ വീണ്ടും പാകിസ്ഥാനോട് യുദ്ധം ചെയ്യാൻ ഒരുങ്ങുകയാണെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിനിടെയാണ് ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ യുദ്ധത്തിന് ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞത്. യുദ്ധമല്ല, മറിച്ച് സമാധാന ചർച്ചകളാണ് നിലവിൽ ആവശ്യമെന്നും സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ അർത്ഥവത്തായ ചർച്ചകൾക്ക് തയ്യാറാകണമെന്നുമാണ് സർദാരി വ്യക്തമാക്കിയത്. ജ്യോതിഷിയുടെ പ്രവചനവും പാക് പ്രസിഡന്റിന്റെ പ്രസ്താവനയും ഒരേസമയം ചർച്ചയാകുമ്പോഴും അതിർത്തിയിലെ സമാധാനത്തിനാണ് പൊതുസമൂഹം മുൻഗണന നൽകുന്നത്.




