Sports

ഇന്ത്യയ്ക്ക് നഷ്ടമായത് തുടര്‍ച്ചയായി പതിനാലാമത്തെ ടോസ് നഷ്ടം ; രോഹിത് പതിനൊന്നാം തവണയും പരാജയപ്പെട്ടു

ക്രിക്കറ്റില്‍ നിര്‍ണ്ണായകമായ ഒരു കാര്യമായിട്ടാണ് ടോസിനെ കളിക്കാര്‍ കണക്കാക്കുന്നത്. പിച്ചിന്റെ സ്വഭാവം അനുസരിച്ച് ആദ്യം ചെയ്യേണ്ട കാര്യത്തെക്കുറിച്ച് നയപരമായും തന്ത്രപരമായുമുള്ള തീരുമാനം എടുക്കാന്‍ ഇത് ടീമിന്റെ നായകനെയും പരിശീലകനെയും സഹായിക്കുന്നു എന്നതാണ് കാര്യം. ടോസിനെ ആദ്യ ഭാഗ്യമായി കണക്കാക്കുമ്പോള്‍ തീരെ ഭാഗ്യമില്ലാത്ത ആളായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ കണക്കാക്കേണ്ടി വരും. ചാംപ്യന്‍സ്‌ട്രോഫി സെമിക്ക് മുമ്പായി 10 തവണയാണ് ഇന്ത്യന്‍ നായകന് ടോസ് നഷ്ടമായത്.

ദുബായില്‍ ചാംപ്യന്‍സ് ട്രോഫി സെമിയിലും ഓസ്‌ട്രേലിയയ്ക്ക് എതിരേ ഇന്ത്യന്‍ നായകന് ടോസ് നഷ്ടമായിരുന്നു. പതിനൊന്നാം തവണയാണ് രോഹിതിന് ടോസ് നഷ്ടമായത്. ടോസ് വിളിച്ച ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ 2023 ലോകകപ്പ് സെമിയാണ് ഇന്ത്യ അവസാനമായി പുരുഷ ഏകദിനത്തില്‍ ടോസ് നേടിയത്. ടോസ് നഷ്ടം കൊണ്ട് ഇന്ത്യയുടെ രോഹിതും നെതര്‍ലണ്ടിന്റെ പീറ്റര്‍ ബോറനും ഒരുപോലെയായി.

അതേസമയം ദക്ഷിണാഫ്രിക്കയില്‍ കെ.എല്‍. രാഹുല്‍ ടീമിനെ നയിച്ചപ്പോള്‍ തുടര്‍ച്ചയായി മൂന്ന് മത്സരത്തില്‍ ടോസ് നഷ്ടം ഉണ്ടായിരുന്നു. ഇതു കൂടി കണക്കിലെടുത്താല്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ടോസ് നഷ്ടം 14 ആയിട്ടാണ് ഉയര്‍ന്നത്. അതേസമയം ടോസ് ദൗര്‍ഭാഗ്യത്തിന്റെ കാര്യത്തില്‍ ഒന്നാമത് നില്‍ക്കുന്നത് വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ലാറയാണ്. 12 തവണയാണ് ടോസ് നഷ്ടം ഉണ്ടായിട്ടുള്ളത്. എന്നാല്‍ ടോസ് നഷ്ടമായെങ്കിലും ഇന്ത്യ ചാംപ്യന്‍സ്‌ട്രോഫിയില്‍ പാകിസ്താനെതിരേയും ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയും ഉജ്വലപ്രകടനം നടത്തിയിരുന്നു.