Featured Sports

58 റൺസിനിടെ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം; ഉള്ളത് ഒരുദിവസം, ജയിക്കാൻ 135 റൺസ്, കൈയില്‍ ആറുവിക്കറ്റ്

ഇംഗ്ലണ്ടിനെതിരേ ലോഡ്‌സില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ബാറ്റിങ്‌ ദുഷ്‌കരമായ പിച്ചില്‍ കളി ബൗളര്‍മാരുടെ ശക്തിപരീക്ഷണമായി മാറുന്നു. 193 റൺസ് വിജയലക്ഷ്യവുമായി നാലാം ദിനത്തിന്റെ അവസാന സെഷനിൽ രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യക്ക് ബാറ്റിങ് വന്‍ തകർച്ച. 58 റൺസെടുക്കുന്നതിനിടെ നാല് മുൻനിര വിക്കറ്റുകളാണ് ഇന്ത്യയ്ക് നഷ്ടമായത്. ഓപണർ യശസ്വി ജയ്സ്വാളിനെ (0) പുറത്താക്കി ജോഫ്ര ആർച്ചറാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.

14 റൺസെടുത്ത കരുൺ നായരെ ബ്രൈഡൻ കാർസ് എൽ.ബിയിൽ കുരുക്കി. ആറ് റൺസെടുത്ത നായകൻ ശുഭ്മാൻ ഗില്ലും കാർസിന്റെ എൽ.ബിയിൽ കുടുങ്ങി. തുടർന്ന് ആകാശ് ദീപ് (1) ബെൻ സ്റ്റോക്സിന് വിക്കറ്റ് നൽകി മടങ്ങിയതോടെ നാലാം ദിനം സ്റ്റംപെടുത്തു. 33 റൺസുമായി കെ.എൽ.രാഹുലാണ് ക്രീസിൽ. ഇനി ഒരു ദിവസം ശേഷിക്കെ ആറ് വിക്കറ്റ് കൈയിലിരിക്കെ 135 റൺസ് വേണം ഇന്ത്യക്ക് ജയിക്കാൻ.

നേരത്തെ ഇംഗ്ലണ്ട്‌ രണ്ടാം ഇന്നിങ്‌സില്‍ 192 റണ്ണിന്‌ ഓള്‍ഔട്ടായി. ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 387 ല്‍ അവസാനിച്ചിരുന്നു. 22 റണ്‍ വഴങ്ങി നാല്‌ വിക്കറ്റെടുത്ത ഓഫ്‌ സ്‌പിന്നര്‍ വാഷിങ്‌ടണ്‍ സുന്ദറാണ്‌ ഇംഗ്ലണ്ടിന്റെ കളിയുടെ ദിശമാറ്റിയത്‌. ജസ്‌പ്രീത്‌ ബുംറയും മുഹമ്മദ്‌ സിറാജും രണ്ട്‌ വിക്കറ്റ്‌ വീതവും നിതീഷ്‌ കുമാര്‍ റെഡ്‌ഡിയും ആകാശ്‌ ദീപും ഒരോ വിക്കറ്റ്‌ വീതവുമെടുത്തു. 96 പന്തില്‍ 40 റണ്ണെടുത്ത ജോ റൂട്ടാണ്‌ ഇംഗ്ലണ്ടിന്റെ ടോപ്‌ സ്‌കോറര്‍. ഓപ്പണര്‍ ബെന്‍ ഡക്കറ്റാണ്‌ (12) ഇന്നലെ ആദ്യം മടങ്ങിയത്‌. ആറാം ഓവറില്‍ ഡക്കറ്റിനെ മുഹമ്മദ്‌ സിറാജ്‌ ബുംറയുടെ കൈയിലെത്തിച്ചു.