Sports

ഏഴുവിക്കറ്റുമായി വാഷിംഗ്ടണ്‍ സുന്ദറിന്റെ തകര്‍പ്പന്‍ പ്രകടനം ; ആദ്യ ഇന്നിംഗ്‌സില്‍ സ്പിന്നര്‍മാരുടെ മാജിക്

ന്യൂസിലന്റിനെതിരേയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിനത്തില്‍ സ്പിന്നര്‍മാരുടെ മികവില്‍ ഇന്ത്യയുടെ ആധിപത്യം. കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് കാഴ്ചവെച്ച വാഷിംഗ്ടണ്‍ സുന്ദര്‍ ഏഴുവിക്കറ്റ് വീഴ്ത്തി. ബെംഗളൂരു ടെസ്റ്റില്‍ നിന്ന് തികച്ചും വ്യത്യസ്തമായി, പൂനെയില്‍ നടന്ന ആദ്യ ദിനത്തില്‍ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ 10 വിക്കറ്റുകളും വീഴ്ത്തി. ടോപ് ഓര്‍ഡറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിവെച്ച നാശം 59 റണ്‍സിന് ഏഴുവിക്കറ്റ് വീഴ്ത്തി വാഷിംഗ്ടണ്‍ സുന്ദര്‍ പൂര്‍ത്തിയാക്കി.

മൂന്ന് വര്‍ഷത്തിന് ശേഷം ടീമിലേക്ക് അവിസ്മരണീയമായ തിരിച്ചുവരവ് നടത്തിയാണ് വാഷിംഗ്ടണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ക്ഷമയോടെ പിടിച്ചു നിന്ന് അര്‍ദ്ധസെഞ്ച്വറി നേടിയ രചിന്‍ രവീന്ദ്രയെ പുറത്താക്കിയതോടെ ന്യൂസിലന്റ് ബാറ്റ്‌സ്മാന്‍മാര്‍ ചീട്ടുകൊട്ടാരം പോലെ വീണു. ഫസ്റ്റ് ക്ലാസ് മത്സരത്തിലെ തന്റെ എക്കാലത്തെയും മികച്ച ബൗളിംഗ് പ്രകടനമാണ് വാഷിംഗ്ടണ്‍ സുന്ദറിന്റേത്. തമിഴ്‌നാട്ടുകാരായ രണ്ടു സ്പിന്നര്‍മാരും ചേര്‍ന്ന് 10 വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് യാദവിനേയും അക്‌സര്‍ പട്ടേലിനെയും മറികടന്ന് വാഷിംഗ്ടണ്‍ സുന്ദറിനെ ഇലവനില്‍ തിരഞ്ഞെടുത്തപ്പോള്‍ വന്‍ വിമര്‍ശനങ്ങളായിരുന്നു നേരത്തേ ഉയര്‍ന്നത്.

ആദ്യ ടെസ്റ്റില്‍ വാഷിംഗ്ടണ്‍ സുന്ദറിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ മൂന്ന് മാറ്റങ്ങള്‍ കൊണ്ടുവന്നപ്പോള്‍ അതില്‍ ഒരാളായി വാഷിംഗ്ടണ്‍ സുന്ദര്‍ ഇലവനില്‍ ഇടം പിടിക്കുകയായിരുന്നു. രോഹിതിന്റെ തീരുമാനം തെറ്റായിരുന്നില്ലെന്ന് അദ്ദേഹം കാണിച്ചുകൊടുക്കുകയും ചെയ്തു. വാഷിംഗ്ടണ്‍ സുന്ദര്‍ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചുവരവ് ഒരു സെന്‍സേഷണല്‍ ഡെലിവറിലൂടെ അടയാളപ്പെടുത്തി, അതിലൂടെ പരമ്പരയിലെ തന്റെ രണ്ടാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ രച്ചിന്‍ രവീന്ദ്രയെ പുറത്താക്കി. ഡാരില്‍ മിച്ചലുമായി 59 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കളിയില്‍ പിടുത്തം മുറുക്കി നില്‍ക്കുമ്പോഴായിരുന്നു സുന്ദറിന്റെ പ്രഹരം.