Featured Sports

23 പന്തിൽ നിന്ന് 65, ശിവം ദുബെയുടെ താണ്ഡവം; കളിയുടെ ഗതി മാറ്റി റണ്ണൗട്ട്, കിവീസിന് 50 റൺസ് ജയം

വിശാഖപട്ടണം: ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ ഇന്ത്യക്ക്‌ വന്‍ തോല്‍വി. 50 റണ്ണിനാണ്‌ ന്യൂസിലന്‍ഡ്‌ ഇന്ത്യയെ തോല്‍പ്പിച്ചത്‌. തകർപ്പൻ ബാറ്റിങ്ങിലൂടെ ഓൾറൗണ്ടർ ശിവം ദുബെ ഇന്ത്യയെ മുന്നിൽനിന്നു നയിച്ചെങ്കിലും വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

ഒരു ഘട്ടത്തിൽ തകർച്ച നേരിട്ട ഇന്ത്യയെ വെടിക്കെട്ട് നടത്തി ശിവം ദുബെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നെങ്കിലും താരം പാതിയിൽ വീണുപോയതോട ഇന്ത്യ പരാജയം രുചിച്ചു 23 പന്തുകൾ നേരിട്ട ശിവം ദുബെ ഏഴു സിക്സുകളും മൂന്നു ഫോറുകളും ഉൾപ്പടെ 65 റൺസാണു നേടിയത്. 15 പന്തുകളിൽ അർധസെഞ്ചറി പിന്നിട്ട താരം, 15-ാം ഓവറിൽ പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. ട്വന്റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗതയേറിയ മൂന്നാമത്തെ അർധ സെഞ്ചറിയാണ് ശിവം ദുബെ വിശാഖപട്ടണത്ത് അടിച്ചെടുത്തത്.

ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ ഏഴ്‌ വിക്കറ്റിന്‌ 215 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ 19-ാം ഓവറില്‍ 165 റണ്ണിന്‌ ഓള്‍ഔട്ടായി. അഞ്ച്‌ ട്വന്റി20 കളുടെ പരമ്പര 3-1 എന്ന നിലയിലായി.

അവസാന മത്സരം ശനിയാഴ്‌ച തിരുവനന്തപുരത്തു നടക്കും. ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്‌ ന്യൂസിലന്‍ഡിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. ഓപ്പണര്‍ ടിം സീഫര്‍ട്ട്‌ (36 പന്തില്‍ മൂന്ന്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 62), ഡാരില്‍ മിച്ചല്‍ (18 പന്തില്‍ മൂന്ന്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം പുറത്താകാതെ 39), ഓപ്പണര്‍ ഡെവണ്‍ കോണ്‍വേ (23 പന്തില്‍ മൂന്ന്‌ സിക്‌സറും നാല്‌ ഫോറുമടക്കം 44), ഗ്ലെന്‍ ഫിലിപ്‌സ് (16 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 24) എന്നിവരാണു ന്യൂസിലന്‍ഡിനു കരുത്തായത്‌.

മറുപടി ബാറ്റിങ്‌ തുടങ്ങിയ ഇന്ത്യക്ക്‌ മാറ്റ്‌ ഹെന്റി എറിഞ്ഞ ആദ്യ പന്തില്‍ തന്നെ അഭിഷേക്‌ ശര്‍മയെ നഷ്‌ടമായി. നായകന്‍ സൂര്യകുമാര്‍ യാദവിനെ (എട്ട്‌) ജേക്കബ്‌ ഡഫി സ്വന്തം ബൗളിങ്ങില്‍ പിടികൂടി. ഓപ്പണര്‍ സഞ്‌ജു സാംസണും (15 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 24) റിങ്കു സിങും (30 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 39) ചെറുത്തെങ്കിലും വിഫലമായി.

പിന്നാലെ ഹാർദിക് പാണ്ഡ്യയും(2) നിരാശപ്പെടുത്തി. പത്തോവർ അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 77 റൺസെന്ന നിലയിലായിരുന്നു. 11-ാം ഓവറിൽ റിങ്കു സിങ്ങിനെ പുറത്താക്കി ഫോൾക്ക്‌സ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. 30 പന്തിൽ നിന്ന് 39 റൺസാണ് റിങ്കുവിന്റെ സമ്പാദ്യം. 82-5 എന്ന നിലയിൽ നിന്ന് പിന്നീട് ഇന്ത്യയെ ശിവം ദുബെ കരകയറ്റുന്നതാണ് മൈതാനത്ത് കണ്ടത്. കിവീസ് ബൗളർമാരെ തകർത്തടിച്ച ദുബെ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇഷ് സോധി എറിഞ്ഞ 12-ാം ഓവറിൽ മൂന്ന് സിക്‌സറുകളും രണ്ട് ഫോറുകളുമടക്കം 29 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്.

പിന്നീടങ്ങോട്ട് ദുബെയുടെ താണ്ഡവമായിരുന്നു. 15 പന്തിൽ ഫിഫ്റ്റി തികച്ച ദുബെയുടെ ബാറ്റിൽ നിന്ന് ബൗണ്ടറികൾ പ്രവഹിച്ചു. അതോടെ കിവീസ് ക്യാമ്പിൽ ആശങ്ക പരന്നു. എന്നാൽ 15-ാം ഓവറിലെ അവസാനപന്തിൽ ദുബെ റണ്ണൗട്ടായത് കളിയുടെ ഗതി മാറ്റി. ഹർഷിത് റാണ നീട്ടിയടിച്ച പന്ത് ബൗളറായ മാറ്റ് ഹെന്റിയുടെ കൈയിൽ തട്ടി സ്റ്റമ്പിൽ കൊണ്ടു. നോൺ സ്‌ട്രൈക്ക് എൻഡിലുണ്ടായിരുന്ന ദുബെ ക്രീസിൽ നിന്ന് പുറത്തായിരുന്നു. 23 പന്തിൽ നിന്ന് 65 റൺസെടുത്താണ് ദുബെ പുറത്തായത്.

ഹര്‍ഷിത്‌ റാണ (ഒന്‍പത്‌), അര്‍ഷദീപ്‌ സിങ്‌ (0), ജസ്‌പ്രീത്‌ ബുംറ (നാല്‌, കുല്‍ദീപ്‌ യാദവ്‌ (ഒന്ന്‌) എന്നിവര്‍ രണ്ടക്കം കാണാതെ മടങ്ങി. രവി ബിഷ്‌ണോയ്‌ 10 റണ്ണുമായിനിന്നു. ന്യൂസിലന്‍ഡിനായി നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ മൂന്ന്‌ വിക്കറ്റും ജേക്കബ്‌ ഡഫി, ഇഷ്‌ സോധി എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും മാറ്റ്‌ ഹെന്റി, സാക്‌ ഫോക്‌സ് എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു.