Oddly News

ഈ ഗ്രാമത്തില്‍ ആരും ശബ്ദമുണ്ടാക്കില്ല; 500വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ഹനുമാന്‍ തപസ്സില്‍

കര്‍ണ്ണാടകയിലെ ബെല്‍ഗാം ജില്ലയിലെ അവറഖോഡ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഹനുമാന്‍ ക്ഷേത്രം 500 വര്‍ഷം പഴക്കമുള്ള നിശബ്ദതയുടെ താഴ്‌വാരമെന്ന് വിലയിരുത്തിയാല്‍ പോലും തെറ്റില്ല. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു എന്ന ഒറ്റക്കാരണത്താല്‍ അവറഖോഡ ഗ്രാമത്തിലെ ആള്‍ക്കാര്‍ വലിയ ശബ്ദങ്ങള്‍ ഒഴിവാക്കി നിശബ്ദത ഒരു വ്രതമാക്കി മാറ്റിയിരിക്കുകയാണ്.

അവറഖോഡ ഗ്രാമത്തില്‍ ഏത് തരത്തിലുള്ള ശബ്ദമുണ്ടാക്കുന്നതിനും നിരോധനമാണ്. വലിയ ശബ്ദം ഉണ്ടാക്കുന്നത് കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്ന ഇവിടെ ഹനുമാന്‍ തെക്കോട്ട് ദര്‍ശനമായി അഗാധമായ തപസില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് വിശ്വസിക്കപ്പെടുന്നു. തല്‍ഫലമായി, ഈ ഭക്തിയെയും വിശുദ്ധ നിശബ്ദതയെയും കളങ്കപ്പെടുത്തുന്നതോ തടസ്സപ്പെടുത്തുന്നതോ ആയ പൊതു പ്രസംഗങ്ങള്‍, മെക്കാനിക്കല്‍ ശബ്ദങ്ങള്‍, അല്ലെങ്കില്‍ വിവാഹങ്ങളുടെ ആചാരപരമായ ആഘോഷങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുണ്ട്.

തപസ്സിനെ മുടക്കുന്നതോ ശല്യം ചെയ്യുന്നതോ ആയ എല്ലാ വ്യതിയാനങ്ങളും തങ്ങള്‍ക്ക് ഹനുമാന്റെ ദൈവശാപം വരുത്തിവെയ്ക്കുമെന്നും അത് ജീവിതത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നുമുള്ള വിശ്വാസമാണ് ഗ്രാമീണര്‍ ഈ വിചിത്രാചാരം പിന്തുരുന്നതിന് കാരണം. നിര്‍ഭാഗ്യമായും തൊഴില്‍നഷ്ടമായും പലര്‍ക്കും ഇത്തരം ശിക്ഷ കിട്ടിയിട്ടുണ്ടെന്നും ആള്‍ക്കാര്‍ വിശ്വസിക്കുന്നു.

ഗ്രാമം ഏകദേശം 500 വര്‍ഷമെങ്കിലും പഴക്കമുള്ള ഹനുമാന്‍ ക്ഷേത്രത്തിന് പേരുകേട്ടതാണെങ്കിലും, അതിന്റെ സമ്പദ്വ്യവസ്ഥ പ്രധാനമായും മുന്തിരികൃഷിയെ ആശ്രയിച്ചുള്ളതാണ്. 2011 ലെ സെന്‍സസ് പ്രകാരം 660 വീടുകളിലായി 3,437 ജനസംഖ്യയുള്ള അവറഖോഡ ആധുനിക കാലത്തും അതിന്റെ പൈതൃക പുരാതന പാരമ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് തുടരുകയാണ്.

ക്ഷത്രത്തിന്റെ പവിത്രതയും അവറഖോഡയുടെ ആത്മീയ അന്തരീക്ഷവും തടസ്സപ്പെടാതിരിക്കാന്‍ ഗ്രാമത്തിലെ മരപ്പണിക്കാര്‍, മണ്‍പാത്ര നിര്‍മ്മാതാക്കള്‍, കമ്മാരക്കാര്‍ തുടങ്ങിയ കരകൗശല തൊഴിലാളികള്‍, അവരുടെ ശബ്ദങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജോലികള്‍ ഗ്രാമം ആചരിക്കുന്ന നിശബ്ദതയെന്ന ആചാരം ലംഘിക്കാതിരിക്കാന്‍ ശബ്ദം കേള്‍ക്കാത്തത്ര അകലത്തില്‍ ഗ്രാമത്തിന്റെ പരിധിക്ക് പുറത്തേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്.
ഈ ക്ഷേത്രത്തിന്റെ ഉത്ഭവം കൃഷ്ണ നദിയില്‍ കുളിക്കുമ്പോള്‍ കണ്ടെത്തിയ വിഗ്രഹത്തെ ആരാധിക്കാന്‍ തുടങ്ങിയ ബുവാ മഹാരാജില്‍ നിന്നാണ്. തെക്കോട്ട് ദര്‍ശനമുള്ള ഹനുമാന്‍ വിഗ്രഹം ഭക്തര്‍ക്ക് അനുഗ്രഹവും ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണവും നല്‍കുന്നതായി വിശ്വസിക്കുന്നു. എന്നാല്‍ ഈ ക്ഷേത്രത്തെ വ്യതിരിക്തമാക്കുന്നത് ക്ഷേത്രത്തിന് വേണ്ടി ഒരു ഗ്രാമമാകെ പാലിക്കുന്ന അഗാധമായ നിശബ്ദതയാണ്.