ഐസിസി കുട്ടിക്രിക്കറ്റില്‍ പുതിയതായി അവതരിപ്പിച്ച ഇംപാക്ട് പ്‌ളേയര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വന്‍ ഹിറ്റാണ്. കഴിഞ്ഞ സീസണ്‍ മുതല്‍ ഐപിഎല്ലിലുള്ള ഈ ഇംപാക്ട് സബ് ഫലത്തില്‍ 12 ാമന്റെ ഗുണമാണ് ചെയ്യുന്നത്. ഇംഗ്‌ളണ്ടിന്റെ താരം ജോസ് ബട്‌ളറാണ് ഇംപാക്ട് പ്‌ളേയറായി വന്ന് കളി ജയിപ്പിച്ച അവസാനത്തെ താരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ 226 ന് ആറ് എന്ന സ്‌കോര്‍ പിന്തുടര്‍ന്ന രാജസ്ഥാനായി ബട്‌ളര്‍ സെഞ്ച്വറി അടിപ്പിക്കുക മാത്രമല്ല ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.
വെള്ളപ്പന്തില്‍ ബാറ്റിംഗ് മിടുക്കുള്ള ഒരു വിദേശതാരത്തെ മികച്ച രീതിയില്‍ ഒരു ബൗളറെ മാറ്റി പകരം കളിപ്പിക്കാനാകും എന്ന ഈ തന്ത്രം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബട്‌ളറെ ഉപയോഗിച്ച് രാജസ്ഥാന്‍ വിജയകരമായി നടപ്പാക്കി. റോയല്‍ ചലഞ്ചേഴ്‌സിനെതിരേ യൂസ്‌വേന്ദ്ര ചഹലിനെ മാറ്റി പരീക്ഷിച്ചു. വന്‍കിട സ്‌കോറുകള്‍ പിന്തുടരുമ്പോള്‍ ഈ അധികബാറ്റ്‌സ്മാന്‍ ഏറെഗുണമാണെങ്കിലും അത് ഇന്ത്യന്‍ ക്രിക്കറ്റിന് എന്തുമാത്രം ഗുണം ചെയ്യുന്നുണ്ട് എന്നൊരു ചോദ്യം ഉയരുന്നുണ്ട്.
2011 ലോകകപ്പിന് ശേഷം ഇന്ത്യ മികച്ച ഓള്‍റൗണ്ടര്‍മാരെ വളര്‍ത്തിക്കൊണ്ടുവരാന്‍ നന്നായി പാടുപെടുന്നുണ്ട്. ഐപിഎല്‍ യുവ ഓള്‍റൗണ്ടര്‍മാര്‍ക്ക് ഉയര്‍ന്നുവരാനും മത്സര പരിചയം കിട്ടാനും മികച്ച വേദിയാണ്. എന്നാല്‍ ഇംപാക്ട് പ്‌ളേയര്‍ വന്നതോടെ ആ വഴി അടയുകയാണ്. ഗുജറാത്തിന്റെ രാഹുല്‍ ടൊവട്ടിയ ഇതിന് വലിയ ഉദാഹരണമാണ്. അത്യാവശ്യം നന്നായി ലെഗ്‌സ്പിന്‍ ചെയ്യാന്‍ കഴിയുന്ന താരമാണ് ടെവാട്ടിയ. എന്നാല്‍ 15 പന്തുകള്‍ക്ക് ബാറ്റ് ചെയ്യാന്‍ ഉദ്ദേശിച്ച് ടീമിലെടുത്തിട്ടുള്ള താരത്തിനെ ബൗള്‍ ചെയ്യാനേ വിളിക്കുന്നില്ല.
സിഎസ്‌കെ താരം ശിവം ദുബേയും സമാനരീതിയില്‍ ഉപയോഗിക്കപ്പെടുന്നു. സീം ബൗളറായികൂടി ഉപയോഗിക്കാന്‍ കഴിയുന്ന ശിവം ദുബേയെ ബാറ്ററായി മാത്രമേ സിഎസ്‌കെ ഉപയോഗിക്കുന്നുള്ളൂ. സ്പിന്‍ ബൗളിംഗിനെതിരേ അസാധ്യമായി കളിക്കാന്‍ ശേഷിയുള്ള ദുബേയുടെ ബൗളിംഗ് മാറ്റി വെച്ചിരിക്കുകയാണ്. നിലവില്‍ ഇന്ത്യയ്ക്ക് എടുത്തുപറയാന്‍ പാകത്തിനുള്ള ഓള്‍റൗണ്ടര്‍മാര്‍ ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്രജഡേജയുമാണ്. ബാറ്റ് ചെയ്യാന്‍ കഴിവുള്ള കൃണാല്‍ പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് അവസരമേ കിട്ടുന്നില്ല.
ഒരു ഹാട്രിക് പേരിലുള്ളയാളാണ് രോഹിത് ശര്‍മ്മ, രണ്ടു ഹാട്രിക് പേരിലുള്ളയാളായിരുന്നു യുവരാജ് സിംഗ്. ടോപ് സിക്‌സില്‍ ബാറ്റ് ചെയ്തിരുന്ന ഇവരൊക്കെ എക്സ്രാ ബൗളിംഗ് ഓപ്ഷന്‍സായിരുന്നു.